News - 2025
വത്തിക്കാനിലെ വാർത്താവിനിമയ വിഭാഗത്തിലേക്ക് മാര്‍പാപ്പ നിയമിച്ച ഉപദേശകരിൽ മലയാളി വൈദികനും
01-10-2022 - Saturday
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വാർത്താവിനിമയ വിഭാഗമായ ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷനിൽ ഫ്രാൻസിസ് മാർപാപ്പ പുതുതായി നിയമിച്ച ഉപദേശകരിൽ മലയാളി വൈദികനും. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ സന്യാസ ഗവും കണ്ണൂർ ആലക്കോട് സ്വദേശിയുമായ ഫാ. ജോർജ് പ്ലാത്തോട്ടമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ സാമൂഹ്യ സമ്പർക്ക വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് ഇദ്ദേഹം. രണ്ട് മെംബർമാരെയും ഫാ. ജോർജ് ഉൾപ്പെടെ പത്ത് ഉപദേശകരെയുമാണ് കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്.
ഇറ്റലിയിൽനിന്നുള്ള ആർച്ച്ബിഷപ്പ് ഡോ. ഐവാൻ മാഫെയിസ്, ബ്രസീലിൽ നിന്നുള്ള ബിഷപ്പ് ഡോ. വാൾഡിർ ജോസ് ദെ കാസ്ട്രോ എന്നിവരാണ് സമിതിയിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെംബർമാർ. സമിതിയിലെ ഉപദേശകരിൽ ഏഷ്യയിൽനിന്നുള്ള ഏക വ്യക്തിയാണ് ഫാ. ജോർജ്. പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ വാർത്താവിനിമയ കാര്യങ്ങളും നിയന്ത്രിക്കുന്നതിനായി 2015ലാണ് ഫ്രാൻസിസ് മാർപാപ്പ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ രൂപീകരിച്ചത്.
മാധ്യമ പരിശീലകനും പത്രപ്രവർത്തകനും കമ്യൂണിക്കേഷൻ വിദഗ്ധനുമായ ഫാ. ജോർജ് 2019 മുതൽ ഏഷ്യൻ കത്തോലിക്കാ റേഡിയോ സർവീസായ എഫ്എബിസി ഒഎസിയുടെ മേധാവിയാണ്. ഡോൺബോസ്കോ സഭയുടെ ഗോഹട്ടി പ്രോവിൻസ് അംഗമായ ഫാ. ജോര്‍ജ്ജ് പ്ലാത്തോട്ടത്തിന് തിയോളജിയിലും സോഷ്യോളജിയിലും ജേർണലിസത്തിലും മാസ്റ്റേഴ്സ് ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്.