News - 2024
അത്ഭുതങ്ങളുടെ ദൈവീക-ശാസ്ത്രീയ വശങ്ങളെ എടുത്തുകാണിക്കുന്ന ചിത്രം 'മിറാക്കിള്‍സ്' പുറത്തിറങ്ങി
സ്വന്തം ലേഖകന്‍ 18-07-2016 - Monday
സ്വാന്‍സിയ: അത്ഭുതങ്ങളെ കുറിച്ചൊരു ലഘു സിനിമ. അതാണ് സെന്റ് ആന്റണീസ് കമ്മൂണിക്കേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന പുതിയ ലഘു ചിത്രം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അത്ഭുതങ്ങളുടെ സിനിമയുടെ പേര് തന്നെ 'മിറാക്കിള്‍സ്' എന്നാണ്. നാലു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന ഡോക്യൂമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മിറാക്കിള്‍സ് എന്ന ലഘുചിത്രം. ക്രൈസ്തവ വിശ്വാസവും ജീവിതവും ഉള്‍ക്കൊള്ളിക്കുന്ന നിരവധി ചിത്രങ്ങള്‍ സെന്റ ആന്റണീസ് കമ്മ്യൂണിക്കേഷന്‍സ് ഇതിനു മുമ്പും നിര്‍മ്മിച്ചിട്ടുണ്ട്. വൈദികരായ ആന്‍ഡ്രൂ പിന്‍സെന്റും, മാര്‍ക്കസ് ഹോള്‍ഡനുമാണ് സെന്റ് ആന്റണീസ് കമ്മ്യൂണിക്കേഷന്‍സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍.
എന്താണ് അത്ഭുതങ്ങളെന്നും എങ്ങനെയാണ് ഇവയെ തിരിച്ചറിയാന്‍ കഴിയുന്നതെന്നും വിവരിക്കുന്ന ചിത്രമാണ് മിറാക്കിള്‍സ് എന്ന് സെന്റ് ആന്റണീസ് കമ്മ്യൂണിക്കേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റന്‍ ഹോള്‍ഡര്‍ പറഞ്ഞു. "ക്രൈസ്തവ ജീവിതം തന്നെ അത്ഭുതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണ്. മരണത്തെ ജയിച്ച് ഉയര്‍ത്ത ക്രിസ്തു കാണിച്ച വലിയ അത്ഭുതത്തില്‍ അടിസ്ഥാനപ്പെട്ടതാണ് ഇത്. ഈ ചിത്രത്തില്‍ സഭയില്‍ നടന്നിട്ടുള്ള വിവിധ അത്ഭുതങ്ങളെയാണ് കാണിക്കുന്നത്. ബൈബിളിലെ വിവിധ അത്ഭുതങ്ങളെ കുറിച്ചും ചിത്രം ലഘു വിവരണം നല്‍കുന്നുണ്ട്". ഹോള്‍ഡര്‍ പറയുന്നു.
"ഫാത്തിമയിലും മറ്റു പലസ്ഥലങ്ങളിലും ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സംഭവവും, ദിവ്യകാരുണ്യ അത്ഭുതങ്ങളും 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. അത്ഭുതങ്ങളുടെ ശാസ്ത്രീയവശങ്ങളേയും ദൈവ ശാസ്ത്ര വശങ്ങളേയും ചിത്രം എടുത്ത് പറയുന്നു. ദൈവജനത്തെ അത്ഭുതങ്ങളെ കുറിച്ച് പഠിപ്പിക്കുകയും അതിലൂടെ രക്ഷയുടെ മാര്‍ഗത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയുമാണ് ചിത്രം ചെയ്യുന്നത്. സഭയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിത്രം ഉപകാരപ്രദമായിരിക്കും". ക്രിസ്റ്റന്‍ ഹോള്‍ഡര്‍ പറഞ്ഞു.
കുടുംബങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികളെ വിവിധ അത്ഭുതങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിനും എല്ലാറ്റിനുമപരി സുവിശേഷവത്കരണത്തിനും പുതിയ ചിത്രം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "അത്ഭുതങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് അധികം പേരും. എന്നാല്‍ തങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന അത്ഭുതങ്ങള്‍ പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയുന്നില്ല. പുതിയ ചിത്രം അതിനു ഉപകരിക്കും". ഹോള്‍ഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.