News
നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കത്തോലിക്ക വിശ്വാസം പ്രചരിപ്പിച്ച് കൊണ്ട് ബിഷപ്പ് റോബര്‍ട്ട് ബാരന്‍
സ്വന്തം ലേഖകന്‍ 18-07-2016 - Monday
ലോസാഞ്ചലസ്: സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും പുസ്തക രചനയിലൂടെയും കത്തോലിക്ക വിശ്വാസത്തിന്റെ പ്രാധാന്യത്തെ പറ്റി ലോകമെമ്പാടും സന്ദേശങ്ങള്‍ എത്തിക്കുവാന്‍ കഠിന പ്രയത്നം നടത്തി കൊണ്ട് സാന്താ ബാര്‍ബറയുടെ ഓക്‌സിലറി ബിഷപ്പ് റോബര്‍ട്ട് ബാരന്‍. സോഷ്യല്‍ മീഡിയായിലൂടെയും ഇന്‍റര്‍നെറ്റിന്റെ എല്ലാവിധ സേവനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കത്തോലിക്ക വിശ്വാസം അനേകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ബിഷപ്പ് റോബര്‍ട്ട് ബാരന് ഫേസ്ബുക്കില്‍ 8 ലക്ഷത്തിന് മുകളിലും ട്വിറ്ററില്‍ 90000 ത്തിന് മുകളിലും ഫോളോവേഴ്സുണ്ട്.
ബിഷപ്പ് റോബര്‍ട്ട് ബാരന്‍ ആരംഭിച്ച 'വേഡ് ഓണ്‍ ഫയര്‍' എന്ന കത്തോലിക്ക സുവിശേഷ പ്രസ്ഥാനം ഇന്നു വളരെ അധികം വ്യക്തികളെ സഭയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ബിഷപ്പ് എന്ന ഉത്തരവാദിത്വങ്ങള്‍ക്കിടയിലും വേഡ് ഓണ്‍ ഫയറിന്റെ പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകുവാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നു അദ്ദേഹം 'ദ നാഷണല്‍ കാത്തലിക് രജിസ്റ്റര്‍' എന്ന ഓണ്‍ലൈന്‍ കത്തോലിക്ക മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഈ വര്‍ഷം തന്നെ, തന്റെ മിഷന്റെ ഭാഗമായി രണ്ടു വലിയ പരിപാടികള്‍ നടത്തുവാന്‍ തയ്യാറെടുക്കുകയാണെന്നും ലോകം മുഴുവനും 'വേഡ് ഓണ്‍ ഫയറിന്റെ' സന്ദേശം വഴി കത്തോലിക്ക വിശ്വാസം അനേകരിലേക്ക് എത്തിക്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും ബിഷപ്പ് വെളിപ്പെടുത്തുന്നു. യൂട്യൂബിലൂടെയും വെബ്സൈറ്റുകളിലൂടെയുമുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയിലെ സമൂഹത്തെ സുവിശേഷവത്ക്കരിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണെന്നും ബിഷപ്പ് പറയുന്നു.
56-കാരനായ ബിഷപ്പ് റോബര്‍ട്ട് ബാരന്‍ ഇതിനു മുമ്പ്, പ്രശസ്തമായ മുണ്ടലീന്‍ സെമിനാരിയുടെ റെക്ടറായി പ്രവര്‍ത്തിച്ചു വരികയായിരിന്നു. യുഎസില്‍ അടുത്തിടെ നടന്ന വിവിധ സംഘര്‍ഷങ്ങളും ഇതിനെ തുടര്‍ന്ന് പോലീസുകാരും സാധാരണക്കാരായ ജനങ്ങളും മരിക്കുവാനിടയായ സംഭവവും തികച്ചും ദുഃഖകരമാണെന്നും ദൈവസ്‌നേഹം എല്ലാത്തിലും വലുതാണെന്ന തിരിച്ചറിവ് ഇല്ലാത്തവരാണ് അക്രമ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
"അക്രമരഹിതമായ ഒരു സമൂഹം വളര്‍ന്നു വരേണ്ടത് ആവശ്യമാണ്. അഹിംസയുടെ പാത നമുക്കും സാധ്യമാകണം. ഈ ലോകത്ത് ജീവിതം ധന്യമാക്കിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വാഴ്ത്തപ്പെട്ട മദര്‍തെരേസയും അഹിംസ എന്താണെന്ന് നമുക്ക് വ്യക്തമായി കാണിച്ചു തന്നു." ബിഷപ്പ് പറഞ്ഞു.
വിദ്യാഭ്യാസ പാഠ്യപദ്ധതിയെ പറ്റിയുള്ള ചോദ്യത്തിനും ബിഷപ്പ് റോബര്‍ട്ട് ബാരന്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. "പുതിയ സമൂഹത്തില്‍ മൂല്യബോധമുള്ള കുട്ടികള്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. വിശ്വാസത്തില്‍ വളരുന്ന കുട്ടികള്‍ ദേവാലയങ്ങളില്‍ ആരാധനയിലും മറ്റും നേതൃത്വം വഹിക്കുന്നുണ്ട്. കത്തോലിക്ക വിശ്വാസത്തിന്റെ പഠനം, മറ്റു വിഷയങ്ങള്‍ പോലെ ഏറെ പ്രാധാന്യമുള്ളതാണ്". ബിഷപ്പ് തന്റെ വിദ്യാഭ്യാസ കാഴ്ചപാട് വിശദീകരിച്ചു. ലോസാഞ്ചലസ് അതിരൂപതയുടെ ഏറ്റവും വലിയ ഘടകമായ സാന്താ ബാര്‍ബറ യുഎസില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ്.