Faith And Reason - 2024
ജനിക്കുന്നതിനു മുന്‍പേ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് വേണ്ടി ഇക്വഡോറില്‍ പ്രത്യേക വിശുദ്ധ ബലിയര്‍പ്പണം
പ്രവാചകശബ്ദം 30-10-2022 - Sunday
ഗ്വായാക്വില്‍: സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1ന് ഇക്വഡോറിലെ ഗ്വായാക്വില്‍ അതിരൂപതയില്‍ ഭ്രൂണഹത്യ അടക്കമുള്ള വിവിധ കാരണങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഗ്വായാക്വില്‍ ബെനവലന്റ് ബോര്‍ഡിന്റെ സഹകരണത്തോടെ രാവിലെ 11 മണിക്ക് മെട്രോപ്പോളിറ്റന്‍ പാന്തിയോണില്‍ അര്‍പ്പിക്കുന്ന ബലിയര്‍പ്പണത്തിന് ഗ്വായാക്വില്‍ സഹായ മെത്രാന്മാരായ ജെറാര്‍ഡോ നീവ്സ്, ഗുസ്താവോ റോസാലസ് എന്നിവര്‍ക്ക് പുറമേ ഡാവുലേയിലെ മുന്‍ മെത്രാന്‍ ജിയോവന്നി ബാറ്റിസ്റ്റാ പിസിയോളി എന്നിവര്‍ സംയുക്തമായാണ് കാര്‍മ്മികത്വം വഹിക്കുന്നത്.
കുരുന്നു ജീവനുകളുടെ ജീവിതാന്തസ്സിനോടുള്ള ആദരണാര്‍ത്ഥം സമീപകാലത്തായി പ്രസവത്തിലും, അതിന് മുന്‍പുമായി ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളുടെ ഭൗതീകാവശിഷ്ടങ്ങള്‍ അര്‍ഹമായ ആദരവോടെ സംസ്കരിക്കുന്നതിനും ചടങ്ങ് വേദിയാകും. ഗ്വായാക്വിലിലെ കലാകാരന്മാരായ ജോര്‍ജ്ജ് വെലാര്‍ഡെ, പവോള സെസാ എന്നിവര്‍ സംഭാവന ചെയ്ത ‘ജനിക്കാതിരുന്നവരുടെയും, ജനിക്കുവാനിരിക്കുന്നവരുടെയും മാതാവ്’ന്റെ ഗ്രോട്ടോയുടെ സമര്‍പ്പണ കര്‍മ്മവും കുര്‍ബാനയുടെ ഭാഗമായി നടക്കും. വിവിധ കാരണങ്ങളാല്‍ ജനിക്കുന്നതിനു മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളെ അടക്കം ചെയ്യുന്നതിനായി ബെനവലന്‍സ് ബോര്‍ഡിന്റെ മെട്രോപ്പൊളിറ്റന്‍ പാന്തിയോണ്‍ സംഭാവന ചെയ്ത സെമിത്തേരിക്ക് സമീപമായിട്ടാണ് ഈ ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത്.
യെസ് റ്റു ലൈഫ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2019 മുതല്‍ ജനിക്കാതിരുന്ന ശിശുക്കള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വരുന്നുണ്ട്. ഈ വര്‍ഷങ്ങളില്‍ നൂറിലധികം കുരുന്നു ജീവനുകളുടെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ സെമിത്തേരിയില്‍ മറവ് ചെയ്തിരിക്കുന്നത്. കുരുന്നു ജീവനുകളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുരുന്നുകളെ ഓര്‍മ്മിക്കുവാനും, അനുതപിക്കുവാനും ആശ്വാസം കണ്ടെത്തുവാനുമുള്ള ഒരു സ്ഥലമായി മാറിയിരിക്കുകയാണ് ഈ സെമിത്തേരി.