News - 2024
നൈജീരിയായിലും ഇന്തോനേഷ്യയിലും കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ഇസ്ലാം മത വിശ്വാസികളുടെ ആക്രമണം
സ്വന്തം ലേഖകന്‍ 19-07-2016 - Tuesday
അബൂജ/ജക്കാര്‍ത്ത: നൈജീരിയായിലും ഇന്തോനേഷ്യയിലും കത്തോലിക്ക വിശ്വാസികള്‍ക്കും പള്ളികള്‍ക്കും നേരെ ഇസ്ലാം മത വിശ്വാസികളുടെ ആക്രമണം. നൈജീരിയായിലെ കത്തോലിക്ക ദേവാലയം തകര്‍ത്ത മുസ്ലീം വിശ്വാസികള്‍ ഇന്തോനേഷ്യയില്‍ പണിതുകൊണ്ടിരുന്ന മാതാവിന്റെ ദേവാലയ നിര്‍മ്മാണം തടഞ്ഞു. നൈജര്‍ സംസ്ഥാനത്തിലെ സുമാ റോക്കിനു സമീപം സ്ഥിതി ചെയ്യുന്ന സെന്റ് ഫിലിപ്പ്‌സ് കത്തോലിക്ക ദേവാലയത്തിനു നേരെയാണ് 200-ല്‍ അധികം വരുന്ന മുസ്ലീങ്ങള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച ക്രൈസ്തവര്‍ക്ക് ആരാധന നടത്തുവാന്‍ അവകാശമില്ലെന്ന് പറഞ്ഞാണ് ഇവര്‍ പള്ളി തകര്‍ത്തത്.
സമീപത്തുള്ള ഒരു ജുമാമസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് വന്ന മുസ്ലീങ്ങള്‍ ആസൂത്രിതമായി പള്ളിയിലേക്ക് കടന്നു കയറുകയായിരുന്നു. ദേവാലയത്തില്‍ വനിതകളുടെ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുമ്പോഴാണ് ആക്രമണം നടന്നത്. പള്ളിയുടെ മുന്നില്‍ കാവല്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി. പള്ളിയിലെ അള്‍ത്താരയും വിശുദ്ധ വസ്തുക്കളും ഫര്‍ണിച്ചറുകളുമെല്ലാം അക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തിന്റെ ഭീകരതയെ കുറിച്ച് വികാരി ജനറല്‍ ഫാദര്‍ ഗോപപ്പ് ലൂക്കാ സില്‍വസ്റ്റാ 'ദിസ് ഡേ' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് പുറം ലോകം സംഭവം അറിയുന്നത്.
ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ നൈജീരിയായില്‍ അനുദിനം വര്‍ധിച്ച് വരുകയാണ്. നേരത്തെ 'റെഡീമ്ഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡി'ലെ സുവിശേഷ പ്രവര്‍ത്തകയായ ഇയൂനിസ് ഒലാവാലെ എന്ന വനിതയെ കുബ്വാ എന്ന സ്ഥലത്തെ ഒരു സംഘം മുസ്ലീങ്ങള്‍ തൂക്കികൊന്നിരുന്നു. ഈ സംഭവം നടന്നിട്ട് ഒരാഴ്ച തികയും മുമ്പാണ് കത്തോലിക്ക ദേവാലയത്തിനു നേരെ ആക്രമണം നടന്നതെന്ന് ഫാദര്‍ ഗോപപ്പ് ലൂക്കാ പറഞ്ഞു.
ജൂലൈ ഒന്‍പതാം തീയതിയും ഇതേ സഭയിലെ ഒരു പാസ്റ്ററെ സമാന രീതിയില്‍ മുസ്ലീങ്ങള്‍ തൂക്കികൊന്നിരുന്നു. 2012-ലെ ക്രിസ്തുമസ് ദിനത്തില്‍ സെന്റ് തെരേസ കത്തോലിക്ക ദേവാലയത്തില്‍ ചാവേറായി എത്തിയ തീവ്രവാദി ബോംബ് സ്‌ഫോടനം നടത്തി നിരവധി വിശ്വാസികളെ കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവര്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. നൈജീരിയന്‍ ഭരണാധികാരി മുഹമ്മദ് ബുഹാരിയുടെ കീഴില്‍ തങ്ങള്‍ സുരക്ഷിതരല്ലയെന്ന്‍ ഇവര്‍ അഭിപ്രായപ്പെട്ടു.
അതേ സമയം ഇന്തോനേഷ്യയിലെ യൊഗിയകാര്‍ട്ട പ്രവിശ്യയിലെ കത്തോലിക്കര്‍ക്ക് നേരെ മുസ്ലീം വിശ്വാസികളുടെ ആക്രമണം പതിവായിരിക്കുകയാണ്. കത്തോലിക്ക വിശ്വാസികളായ കുടുംബം തങ്ങളുടെ സ്വകാര്യ സ്ഥലത്ത് മാതാവിന്റെ നാമത്തില്‍ ഒരു ചെറുദേവാലയം സ്ഥാപിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഏറെ ശ്രമകരമായ ദൗത്യങ്ങള്‍ക്ക് ശേഷമാണ് അധികാരികളില്‍ നിന്നും ഇതിനുള്ള അനുമതി 2009 സെപ്റ്റംബര്‍ മാസം ഇവര്‍ക്ക് ലഭിച്ചത്. ദേവാലയത്തിന്റെ പണികള്‍ തുടങ്ങിയതോടെ സ്ഥലം ഏറെ പ്രസിദ്ധമായി. എന്നാല്‍ 2012-ല്‍ ദേവാലയം മുസ്ലീങ്ങള്‍ തീവച്ചു നശിപ്പിച്ചു.
വീണ്ടും ദേവാലയത്തിന്റെ പണികള്‍ ആരംഭിക്കുവാന്‍ വിശ്വാസികള്‍ തീരുമാനിച്ചു. എന്നാല്‍, ഈ സമയം കത്തോലിക്ക നേതാവും പള്ളിയുടെ പണികള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്ന ചൈയോ ബിനോക്കോയ്ക്ക് നേരെ വധഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് പ്രദേശവാസികളായ മുസ്ലീങ്ങള്‍. ഇന്തോനേഷ്യയില്‍ അമുസ്ലീമായ ഒരു ദേവാലയ നിര്‍മ്മിതിയും ഇനി അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ രേഖകളും അധികാരികളില്‍ നിന്നും ലഭിച്ചിട്ടും മുസ്ലിം വിശ്വാസികള്‍ ദേവാലയ നിര്‍മ്മാണത്തെ എതിര്‍ക്കുകയും ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.