Faith And Reason

ജെറുസലേമില്‍ വിശുദ്ധ നാടിന്റെ രാജ്ഞിയുടെ തിരുനാളില്‍ പങ്കുചേര്‍ന്ന് മൂവായിരത്തോളം പേര്‍

പ്രവാചകശബ്ദം 02-11-2022 - Wednesday

ഡെയിര്‍ റാഫത്ത്: ജെറുസലേമില്‍ ‘പലസ്തീനിന്റേയും, വിശുദ്ധ നാടിന്റേയും രാജ്ഞി’യുടെ തിരുനാള്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റില്‍ കൊണ്ടാടി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30-ന് ഔര്‍ ലേഡി ദേവാലയത്തില്‍വെച്ച് നടന്ന തിരുനാള്‍ ആഘോഷത്തില്‍ പ്രദേശവാസികളായ വിവിധ ഇടവക വിശ്വാസികളും, വിദേശികളും ഉള്‍പ്പെടെ മൂവായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. 1927-ല്‍ സ്ഥാപിക്കപ്പെട്ട ആശ്രമ ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷം നടന്നത്. നിരവധി മെത്രാന്‍മാരും, ഇടവക വികാരികളും പങ്കുചേര്‍ന്ന വിശുദ്ധ കുര്‍ബാനക്ക് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ജെറുസലേമിലെ സിനഡല്‍ ദൗത്യം മനസില്‍ സൂക്ഷിച്ചു ദൈവം വചനം ശ്രവിക്കുവാന്‍ പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജനറല്‍ വികാര്‍ മോണ്‍. വില്ല്യം ഷോമാലി, ഇസ്രായേലിന്റെ പാട്രിയാര്‍ക്കല്‍ വികാര്‍ മോണ്‍. റാഫിക് നഹ്ര, വിശുദ്ധ നാട്ടിലെ അപ്പസ്തോലിക പ്രതിനിധി മോണ്‍. അഡോള്‍ഫോ ടിറ്റോ യില്ലാന, സിറിയന്‍ കത്തോലിക്ക മെത്രാന്‍ മോണ്‍. യാക്കോബ് സെമാന്‍, മുന്‍ മെത്രാന്‍ മോണ്‍. ബൌലോസ് മാര്‍ക്കൂസോ എന്നിവര്‍ പാത്രിയാര്‍ക്കീസിനൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി അണിനിരന്നു. ഹോളി സെപ്പള്‍ക്കര്‍ സഭയുടെ ക്നൈറ്റ്സ് ആന്‍ഡ് ഡെയിംസ്, ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ക്നൈറ്റ്സ്, ബെയിറ്റ് ജാല സെമിനാരി വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാനയിലും പ്രദിക്ഷിണത്തിലും പങ്കെടുത്തു.

1927-ൽ ലാറ്റിൻ പാത്രിയാർക്കീസ് ​​ലൂയിജി ബർലാസിന സ്ഥാപിച്ച ഈ ആശ്രമത്തോട് ചേര്‍ന്നു ഒരു ബോർഡിംഗ് സ്കൂളും അനാഥാലയവും കോൺവെന്റും ഉണ്ടായിരുന്നു. നിലവിൽ കോൺവെന്റ് ഒരു അതിഥി മന്ദിരവും വിശ്വാസികൾക്കും വിശുദ്ധ നാട് തീർഥാടകർക്കുമായി ഒരു റിട്രീറ്റ് സെന്ററും നടത്തുന്നുണ്ട് കോൺവെന്റ് പള്ളിയുടെ മുൻവശത്ത് ലാറ്റിൻ ലിഖിതത്തിൽ "റെജിന പാലെസ്റ്റിന" അഥവാ "പലസ്തീൻ രാജ്ഞിയിലേക്ക്" എന്നെഴുതിയിട്ടുണ്ട്. കന്യാമറിയത്തിന്റെ 6 മീറ്റർ ഉയരമുള്ള രൂപവും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

More Archives >>

Page 1 of 77