Faith And Reason - 2024
ബൊളീവിയയില്‍ സമാധാനം പുലരുന്നതിന് വേണ്ടി ദിവ്യകാരുണ്യ പ്രദിക്ഷണവും പ്രാര്‍ത്ഥനയുമായി സഭാനേതൃത്വം
പ്രവാചകശബ്ദം 03-11-2022 - Thursday
സുക്രേ: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ സെന്‍സസിനെ ചൊല്ലിയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാന്റാ ക്രൂസില്‍ സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികള്‍. പ്രീച്ചേഴ്സ് സമൂഹാംഗങ്ങളായ മൂന്ന്‍ വൈദികര്‍ക്കൊപ്പം സാന്‍ പെഡ്രോയിലെ എപ്പിസ്കോപ്പല്‍ വികാരിയായ ഫാ. തദേവൂസ് ഗിയനിയക്കാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് നേതൃത്വം നല്‍കിയത്. സാന്റാ ക്രൂസില്‍ അനിശ്ചിത കാലത്തേക്ക് ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ ആരംഭിച്ചതു മുതല്‍ വിശ്വാസികള്‍ ഇടവക ദേവാലയങ്ങളിലും, ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിലും ജപമാലകള്‍ ചൊല്ലുന്നുണ്ട്. ക്രൈസ്റ്റ് ദി റെഡീമര്‍ സ്മാരകത്തിന് മുന്നിലായി വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു.
പ്രാദേശിക താല്‍പര്യങ്ങള്‍ മാറ്റിവെച്ച് സമാധാനവും, ഐക്യവും പുനഃസ്ഥാപിക്കണമെന്ന് സാന്റാ ക്രൂസ് മെത്രാപ്പോലീത്ത മോണ്‍ റെനേ ലിയഗു ഞായറാഴ്ച അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ ആഹ്വാനം ചെയ്തു. രാജ്യം അക്രമവും, ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ പ്രകോപിതരാകില്ലെന്നും, എങ്കിലും ദൈവമക്കളെന്ന നിലയില്‍ ബൊളീവിയയില്‍ സമാധാനവും, ഐക്യവും കണ്ടെത്തേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വ്യക്തി താല്‍പ്പര്യങ്ങളും, സംഘര്‍ഷ വിഭാഗീയ താല്‍പ്പര്യങ്ങളും ഒഴിവാക്കി പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കുവാന്‍ മോണ്‍ റെനേ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ മുഴുവന്‍ സംരക്ഷിക്കേണ്ടതിന് പകരം തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മാത്രം സംരക്ഷിക്കുന്ന പതിവാണ് കണ്ടുവരുന്നതെന്നും, ഈ രീതി വിട്ട് ഗുണകരമായ പൊതുവായ കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.
കത്തോലിക്കാ സഭ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുകയാണെന്നും അതാണ് തങ്ങളുടെ ചുമതലയെന്നും, അതിനാല്‍ തങ്ങള്‍ക്ക് സാമൂഹ്യമായ ചില പ്രതിബദ്ധതകളുണ്ടെന്നും പറഞ്ഞ മെത്രാപ്പോലീത്ത, പ്രതിസന്ധി പരിഹരിക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു. പ്രകോപനങ്ങളില്‍ വീഴരുതെന്ന് മെത്രാപ്പോലീത്ത സാന്റാ ക്രൂസിലെ ജനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന സെന്‍സസ് 2024-ലേക്ക് മാറ്റിവെച്ചതാണ് നിലവിലെ പ്രക്ഷോഭത്തിന്റെ കാരണം. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിമര്‍ശനം. ഭക്ഷണ ക്ഷാമത്തിന് പുറമേ, ആംബുലന്‍സുകള്‍ക്ക് വേണ്ട ഇന്ധനം പോലും നഗരത്തില്‍ ലഭ്യമല്ല. ഹര്‍ത്താലും ഉപരോധവും പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.