Faith And Reason
പതിവ് തെറ്റില്ല: ജനുവരിയില്‍ ജീവനു വേണ്ടി ജാഗരണ പ്രാർത്ഥന സംഘടിപ്പിക്കുമെന്ന് യുഎസ് മെത്രാൻ സമിതി
പ്രവാചകശബ്ദം 15-11-2022 - Tuesday
വാഷിംഗ്ടൺ ഡിസി: എല്ലാവർഷവും അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 'മാർച്ച് ഫോർ ലൈഫ് റാലി'യുടെ തലേദിവസം വൈകുന്നേരം സംഘടിപ്പിക്കുന്ന ജാഗരണ പ്രാർത്ഥന, അടുത്ത വർഷവും മുടക്കമില്ലാതെ നടക്കുമെന്ന് അമേരിക്കൻ മെത്രാൻ സമിതി. നവംബർ 11ന് ഇറക്കിയ പ്രസ്താവനയിലാണ് അമേരിക്കൻ മെത്രാൻ സമിതി വിശദമായ വിവരങ്ങൾ പുറത്തുവിട്ടത്. 1979 മുതൽ എല്ലാവർഷവും നടക്കുന്ന ജാഗരണ പ്രാർത്ഥനയാണിത്. ഭ്രൂണഹത്യയ്ക്കു ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് അസാധുവാക്കിയ സുപ്രീംകോടതി പ്രഖ്യാപനത്തിനു ശേഷം ഇത് ആദ്യമായി നടക്കുന്ന ജാഗരണ പ്രാർത്ഥന എന്ന പ്രത്യേകത ഇത്തവണയുണ്ട്. സുപ്രീംകോടതി വിധിക്കുള്ള നന്ദി പ്രകാശനത്തിന്റെ സമയമാണ് ജാഗരണ പ്രാർത്ഥനയുടെ നിമിഷങ്ങളെന്ന് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മ്യൂണിക്കേഷന്റെ സഹ അധ്യക്ഷ പദവി ഉപയോഗിക്കുന്ന കാറ്റ് തലാലാസ് പറഞ്ഞു.
ഗർഭസ്ഥ ശിശുവിനെയും, അമ്മമാരെയും സംരക്ഷിക്കുന്ന നിയമങ്ങൾക്ക് രൂപം നൽകാൻ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള നിയമനിർമ്മാണ സഭാംഗങ്ങൾ ഇപ്പോൾ സ്വതന്ത്രരാണെന്ന് തലാലാസ് വ്യക്തമാക്കി. റോ വെസ് വേഡ് കേസിലെ വിധി നിയമത്തിൽ എഴുതി ചേർക്കാൻ സംസ്ഥാനതലത്തിലും, ദേശീയതലത്തിലും ശ്രമങ്ങൾ ഊർജ്ജിതമാകുമെന്നും, അതിനാൽ വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രാർത്ഥനയും, പ്രവർത്തനങ്ങളും ഇനിയും അത്യന്താപേക്ഷിതമാണെന്നും കാറ്റ് തലാലാസ് കൂട്ടിച്ചേർത്തു. ഭ്രൂണഹത്യ അവസാനിക്കുന്നതിനും, അമേരിക്കയിൽ മനുഷ്യജീവന് കൂടുതൽ മഹത്വം ലഭിക്കേണ്ടതിനും വേണ്ടി വിശ്വാസികളോട് ജനുവരി 19, 20 തീയതികളിൽ പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് മെത്രാൻ സമിതി ആഹ്വാനം ചെയ്തു.
ജനുവരി 19നു അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള വാഷിംഗ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന ബസിലിക്ക ദേവാലയത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോട് കൂടിയായിരിക്കും ജാഗരണ പ്രാർത്ഥനയ്ക്ക് തുടക്കമാവുക. മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ ആർച്ച് ബിഷപ്പ് വില്യം ലോറി വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ഇതിന് പിന്നാലെ ജീവനുവേണ്ടി ദിവ്യകാരുണ്യ മണിക്കൂറും ആചരിക്കപ്പെടും. വിവിധ രൂപതകളിലെ ദിവ്യകാരുണ്യ മണിക്കൂർ ആചരണം മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 20നു രാവിലെ എട്ടുമണിക്ക് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോട് കൂടിയായിരിക്കും ജാഗരണ പ്രാർത്ഥനയ്ക്ക് സമാപനമാകുക.