Faith And Reason - 2024

ക്രിസ്തുമസിന്റെ ഹൃദയം ക്രിസ്തു തന്നെ: വിശ്വാസ പുനരുദ്ധാരണത്തിന് പദ്ധതിയുമായി അർജന്റീനിയന്‍ സഭയും

പ്രവാചകശബ്ദം 26-11-2022 - Saturday

ബ്യൂണസ് അയേഴ്സ്: ആഘോഷങ്ങള്‍ക്കു നടുവില്‍ ക്രിസ്തുമസിന് കര്‍ത്താവിന്റെ ജനനം വിസ്മരിക്കപ്പെടുന്ന സാഹചര്യത്തില്‍ വിശ്വാസ പുനരുദ്ധാരണത്തിന് പദ്ധതിയുമായി അർജന്റീനയിലെ അതിരൂപതയും. പൊതു സമൂഹത്തിനു മുന്നില്‍ ക്രിസ്തുവിനെ വീണ്ടും തിരുപ്പിറവി ആഘോഷങ്ങളുടെ ഹൃദയമാക്കാനുളള പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയാണ്. ബാൽക്കോനെറാസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ജനാലകളിലും, വാതിലുകളിലും, വാഹനങ്ങളിലും തിരുപ്പിറവിയുടെ ചിത്രങ്ങൾ തൂക്കിയും കര്‍ത്താവിന്റെ ജനനത്തെ പ്രത്യേകം അനുസ്മരിക്കുന്ന ഉള്ളടക്കങ്ങള്‍ ദൃശ്യമാക്കിയും വിശ്വാസം പ്രഘോഷിക്കുവാനുള്ള ഇടപെടലാണ് അതിരൂപത നടത്തുന്നത്.

ഈശോയും, പരിശുദ്ധ കന്യകാമറിയവും, യൗസേപ്പിതാവും ഉൾചേര്‍ത്തു തുണിയിൽ നിർമ്മിച്ച തിരിപ്പിറവിയുടെ ചിത്രം ബാൽക്കണികളിൽ തെരുവിന് അഭിമുഖമായി തൂക്കാറുണ്ട്. അങ്ങനെയാണ് ബാൽക്കോനെറാ എന്ന പേരിൽ ക്രിസ്തുമസിനു മുന്നോടിയായ ഈ ഒരുക്കം അറിയപ്പെടാൻ തുടങ്ങുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ രൂപം, തിരുപ്പിറവിയിൽ അവൻ ജനിക്കുന്നതിന് മുമ്പ് ലോകത്തിന് സാക്ഷ്യമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മയക്കുമരുന്നിന് അടിമയായി തീർന്ന യുവജനങ്ങൾക്ക് അതിൽ നിന്നും മോചനം ലഭിക്കാൻ സഹായം നൽകുന്ന തിരുഹൃദയ ബസിലിക്ക ദേവാലയത്തോട് ചേർന്നുള്ള കേന്ദ്രങ്ങളിലാണ് തുണികൊണ്ടുള്ള ബാൽക്കോനെറാ നിർമ്മിക്കുന്നത്.

മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നു ലഭിക്കുന്നതെന്നും, ആവശ്യക്കാർ ദിനംപ്രതി വർദ്ധിക്കുകയാണെന്നും ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. സെബാസ്റ്റ്യൻ ഗാർസിയ പറഞ്ഞു. തിരുപ്പിറവിയുടെ ചിത്രങ്ങൾ കാണുന്ന ഓരോ വ്യക്തിയും സമാനമായി ചിന്തിക്കുമെന്നും, പദ്ധതി മിഷ്ണറി അർത്ഥം പ്രകടമാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിലാണ് ബാൽക്കോനെറാസ് പദ്ധതി ആരംഭിക്കുന്നത്. അവിടെ ഡിസംബർ എട്ടാം തീയതിയാണ് വിശ്വാസി സമൂഹം തിരുപ്പിറവിയുടെ ചിത്രങ്ങൾ പല സ്ഥലങ്ങളിലും തൂക്കാൻ ആരംഭിക്കുന്നത്.

More Archives >>

Page 1 of 78