Faith And Reason
ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ മരണം വരിച്ച ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ വിയറ്റ്‌നാമിലെ ക്രൈസ്തവര്‍
പ്രവാചകശബ്ദം 29-11-2022 - Tuesday
ഹനോയ്: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ വിവിധ കാലയളവില്‍ ക്രൂരമായ പീഡനത്തിനിരയായി ചുടുനിണം ചിന്തിയ ലക്ഷകണക്കിന് രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ വിയറ്റ്‌നാമിലെ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ നവംബര്‍ 24-ന് വിയറ്റ്‌നാമിലെ ക്രൈസ്തവ സമൂഹം രക്തസാക്ഷികളുടെ ഓര്‍മ്മതിരുനാള്‍ ആഘോഷിച്ചു. 1533-ലാണ് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമില്‍ ക്രിസ്തു വിശ്വാസവുമായി മിഷ്ണറിമാര്‍ കടന്നുചെല്ലുന്നത്. 1630-നും 1886-നും ഇടയില്‍ നടന്ന വിവിധ മതപീഡന പരമ്പരകളില്‍ ഏതാണ്ട് 1,30,000-മുതല്‍ 3,00,000-ലക്ഷത്തോളം ക്രൈസ്തവര്‍ വിയറ്റ്‌നാമില്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാലയളവില്‍ ലക്ഷകണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ മലകളിലേക്കും, കാടുകളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പലായനം ചെയ്യുകയുണ്ടായി. വിദേശ സ്വാധീനം ഭയന്ന ചക്രവര്‍ത്തിമാരാണ് ക്രൈസ്തവരെ കൂട്ടത്തോടെ കൊന്നൊടുക്കുവാന്‍ ഉത്തരവിട്ടത്.
18, 19 നൂറ്റാണ്ടുകളിലായി കൊല്ലപ്പെട്ട പേരു പോലും വ്യക്തമല്ലാത്ത നിരവധി രക്തസാക്ഷികള്‍, തിരിച്ചറിയപ്പെട്ട 117 രക്തസാക്ഷികളുടെ പേരിലാണ് ഇന്നു ആദരിക്കപ്പെടുന്നത്. ഈ 117 പേരില്‍ 96 വിയറ്റ്‌നാം സ്വദേശികളും, 11 സ്പാനിയാര്‍ഡുകളും, 10 ഫ്രഞ്ച് സ്വദേശികളുമാണ് ഉള്ളത്. ഇതില്‍ 8 മെത്രാന്‍മാരും, 50 വൈദികരും, 9 വയസ്സുള്ള കുട്ടിയും, 6 കുട്ടികളുടെ മാതാവായ ആഗ്നെസ് ലെ തി താന്‍ ഉള്‍പ്പെടെ 59 അല്‍മായരും ഉള്‍പ്പെടുന്നു. രക്തസാക്ഷികളായ വൈദീകരില്‍ നിരവധി പേര്‍ ഡൊമിനിക്കന്‍ സമൂഹാംഗങ്ങളായിരുന്നു. പാരീസ് മിഷന്‍ സൊസൈറ്റിയില്‍പ്പെട്ട രൂപത വൈദികരും ഇതില്‍ ഉള്‍പ്പെട്ടിരിന്നു. 'വിശുദ്ധ ആന്‍ഡ്രൂ ഡുങ്-ലാക്കും കൂട്ടരും' എന്നാണ് ഈ രക്തസാക്ഷികള്‍ പൊതുവെ അറിയപ്പെടുന്നത്.
അക്രൈസ്തവ കുടുംബത്തില്‍ ജനിച്ച വിശുദ്ധ ആന്‍ഡ്രൂ 1823-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1839 ഡിസംബര്‍ 21-ന് അദ്ദേഹത്തെ ഹാനോയില്‍വെച്ച് ശിരസ് ഛേദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവിധ പാപ്പമാരാണ് ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയത്. 1988 ജൂണ്‍ 19-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അറിയപ്പെടുന്ന 117 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുകയായിരിന്നു. നാമകരണ ചടങ്ങില്‍ “രക്തസാക്ഷികളുടെ ചുടുനിണമാണ് സഭയുടെ വിത്ത്” എന്ന കാര്യം ജോണ്‍ പോള്‍ പാപ്പ ആവര്‍ത്തിച്ചു. ഇന്ന്‍ വിയറ്റ്‌നാമിലെ ക്രൈസ്തവ സമൂഹം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ വിയറ്റ്‌നാമിലെ ജനസംഖ്യയുടെ 8.2% ത്തോളം ക്രൈസ്തവരാണ്. ഇതില്‍ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളാണ്.