News - 2025
എറിത്രിയയിലെ മെത്രാനും വൈദികനും രണ്ടു മാസങ്ങൾക്ക് ശേഷം തടവറയിൽ നിന്നും മോചനം
പ്രവാചകശബ്ദം 30-12-2022 - Friday
അസ്മാര: രണ്ട് മാസം തടവറയിൽ കഴിഞ്ഞ എറിത്രിയയിലെ മെത്രാനായ ഫിക്രെമാരിയം ഹാഗോസിനും, വൈദികനായ ഫാ. മെഹെറെടീബ് സ്റ്റെഫാനോസ്സിനും മോചനം ലഭിച്ചു. സെഗിനിറ്റി രൂപതയുടെ മെത്രാനാണ് അന്‍പത്തിരണ്ടു വയസ്സുള്ള ഫിക്രെമാരിയം ഹാഗോസ്. ഈ രൂപതയിലെ തന്നെ സെന്റ് മൈക്കിൾസ് ദേവാലയത്തിലാണ് ഫാ. മെഹെറെടീബ് സ്റ്റെഫാനോസ് സേവനം ചെയ്തിരുന്നത്. ഇവരോടൊപ്പം തടവറയിൽ ആയിരുന്ന കപ്പൂച്ചിൻ സന്യാസിയായ അബോട്ട് എബ്രഹാമിന് മോചനം ലഭിച്ചോയെന്ന കാര്യം വ്യക്തമല്ല. ഒക്ടോബർ 15നു അസ്മാര അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് മെത്രാനെയും, രണ്ട് വൈദികരെയും സുരക്ഷാസേന അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റ് നടത്തിയതിന് പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയില്ലെങ്കിലും, ഇവരുടെ പ്രസംഗങ്ങളിൽ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടായിരിന്നു. സൈനിക സേവനത്തിന് വേണ്ടി യുവാക്കളെ നിർബന്ധിച്ച് കൊണ്ടുപോകുന്നതിനെയും, യുദ്ധം ചെയ്യാൻ തയ്യാറാകാത്തവരുടെ വസ്തുവകകൾ കണ്ടു കെട്ടുന്നതിനെയും മൂവരും ശക്തമായി വിമർശിച്ചിരുന്നു. പ്രായമായവരെയും, സ്ത്രീകളെയും ജയിലിൽ അടയ്ക്കുക, ചെറുപ്പക്കാരെ നിർബന്ധിച്ചു യുദ്ധ മുഖത്തേക്ക് പോരാട്ടത്തിനായി കൊണ്ടുപോവുക, വീടുകൾ നിർബന്ധിച്ച് അടപ്പിക്കുക, വളര്‍ത്തുമൃഗങ്ങളെ പിടിച്ചെടുക്കുക തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.
അന്താരാഷ്ട്ര തലത്തിൽ ക്രൈസ്തവ സംഘട്ടനങ്ങളും, മനുഷ്യാവകാശ സംഘടനകളും അറസ്റ്റിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു.
അദി അബേടോ ജയിലിലാണ് മൂവരെയും തടവിലാക്കിയത്. എറിത്രിയയിലെ കത്തോലിക്ക സഭയുടെ തലവനായ അസ്മാരാ ആർച്ച് ബിഷപ്പ് മെൻഗേസ്തീബ് തെസ്ഫാമറിയത്തിന്റെ നേതൃത്വത്തിലുള്ള സംഘം മോചിതരായ രണ്ടുപേരെയും സ്വീകരിച്ചു. 60 ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന രാജ്യത്ത് 4% മാത്രമാണ് കത്തോലിക്ക വിശ്വാസികളായിട്ടുള്ളത്. എത്യോപ്യയിൽ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ തീരുമാനമായതിന് പിന്നാലെയാണ് മെത്രാന്റെയും, വൈദികന്റെയും മോചനം നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.