Faith And Reason

“യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു”: ബെനഡിക്ട് പാപ്പയുടെ അവസാനവാക്കിലും 'യേശു' മാത്രം

പ്രവാചകശബ്ദം 01-01-2023 - Sunday

റോം: ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നതിന് മുന്‍പ് അവസാനമായി പറഞ്ഞ വാക്കുകള്‍ പുറത്ത്. സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടും മുന്‍പ് പാപ്പ പറഞ്ഞ അവസാന വാക്കുകള്‍ “യേശുവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു” (Jesus, ich liebe dich) എന്നതായിരിന്നുവെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ലാ നസിയോണിന്റെ റോമിലെ പ്രതിനിധിയായ എലിസബെറ്റ പിക്യുവാണ് ലോകത്തെ അറിയിച്ചിരിക്കുന്നത്. സത്യ വിശ്വാസത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെട്ടിരിന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആഴമേറിയ വിശ്വാസത്തിന്റെ ഭൂമിയിലെ അവസാന സാക്ഷ്യമായാണ് ഈ വാക്കുകളെ പൊതുവേ വിലയിരുത്തുന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിടവാങ്ങിയ ഉടന്‍തന്നെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജര്‍മ്മന്‍ മെത്രാപ്പോലീത്ത ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ ഫ്രാന്‍സിസ് പാപ്പയേ ഫോണില്‍ വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു. 10 മിനിറ്റിനുള്ളില്‍ വത്തിക്കാന്‍ സിറ്റിയിലെ മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ കാറിലെത്തിയ ഫ്രാന്‍സിസ് പാപ്പ ആശീര്‍വാദം നല്‍കുകയും മുന്‍പാപ്പയുടെ മൃതദേഹത്തിനരികെ നിശബ്ദമായി പ്രാര്‍ത്ഥിക്കുകയും ചെയ്തുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നവര്‍ക്ക് പാപ്പ അനുശോചനം അറിയിച്ചിരിന്നു. ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനും, 2013-ല്‍ ബെനഡിക്ട് പതിനാറാമന്‍ രാജിവെച്ച ശേഷം അദ്ദേഹത്തേ പരിചരിച്ചിരുന്നവരും, കത്തോലിക്കാ അത്മായ അസോസിയേഷനായ ‘മെമോറസ് ഡോമിനി’ അംഗങ്ങളുമായ കാര്‍മേല, ലോര്‍ഡാന, ക്രിസ്റ്റീന, റോസെല്ല എന്നീ നാല് പേരും, സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും, രണ്ട് നേഴ്സുമാരുമായിരുന്നു അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.

More Archives >>

Page 1 of 80