News - 2024

'കാത്തലിക് വുമണ്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 13-08-2016 - Saturday

ലണ്ടന്‍: കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെ ഉള്‍ക്കൊണ്ട് സഭയിലും സമൂഹത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന വനിതകള്‍ക്കുള്ള പുരസ്‌കാരത്തിന് നാലു പേര്‍ അര്‍ഹരായി. കാതറിന്‍ മാക്മിലന്‍, ഒലിവ് ഡ്യൂഡി, സിസ്റ്റര്‍ ജെയിന്‍ ലൗസി, ഡോക്ടര്‍ ഫാറി എന്നീ വനിതകളാണ് ഈ വര്‍ഷത്തെ 'കാത്തലിക് വുമണ്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹരായത്. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലു വനിതകള്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

എഴുത്തുകാരിയും, പ്രാസംഗികയും, സംഗീതജ്ഞയുമാണ് കാതറിന്‍ മാക്മിലന്‍. സാര്‍ ജെയിംസ് മാക്മിലന്റെ മകളായ കാതറിന്‍ മാക്മിലന്‍ തന്റെ 18-ാം വയസില്‍ ഗര്‍ഭിണിയായി. ഗര്‍ഭഛിദ്രം നടത്തണമെന്ന് ഡോക്ടറുമാര്‍ പറഞ്ഞെങ്കിലും കാതറിന്‍ മാക്മിലന്‍ അതിന് വഴങ്ങിയില്ല. സാറ എന്ന തന്റെ വൈകല്യമുള്ള മകളെ പ്രസവിച്ച കാതറില്‍ അവളോടൊപ്പം അഭിമാനകരമായ ജീവിതം മുന്നോട്ട് നയിച്ചു. എന്നാല്‍ ആറാം വയസില്‍ സാറ മരണപ്പെട്ടു. പിന്നീട് സാറയുമൊത്തുള്ള തന്റെ സന്തോഷ ദിനങ്ങളെ കുറിച്ച് കാതറിന്‍ പലപ്പോഴും എഴുതിയിരുന്നു. പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ഏറ്റവും പ്രായംകുറഞ്ഞ വനിത കാതറിന്‍ മാക്മിലനാണ്.

ബൂക്ഫാസ്റ്റ് ആബേയിലെ സ്‌കൂള്‍ ഓഫ് അസംഷനില്‍ ഒരു പരിശീലകയായി പ്രവര്‍ത്തിക്കുന്ന ഒലിവ് ഡ്യൂഡി കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിത്വത്തിന് ഉടമയാണ്. നാഷണല്‍ ഫാമിലി പ്ലാനിംഗ് ടീച്ചേര്‍സ് അസോസിയേഷനില്‍ അംഗമായ ഡ്യൂഡി ആറു വര്‍ഷമായി സംഘടനയുടെ അധ്യക്ഷയാണ്. വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സുകള്‍ക്കും ഒലിവ് ഡ്യൂഡി നേതൃത്വം നല്‍കുന്നു.

'ഔര്‍ ലേഡി ഓഫ് റീ കണ്‍സിലിയേഷന്‍' കോണ്‍ഗ്രിഗേഷന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണ് സിസ്റ്റര്‍ ജെയിന്‍ ലൗസി. തന്നേക്കാളും യോഗ്യതയുള്ള പലരും അവാര്‍ഡിന് യോഗ്യരാണെന്നു പറഞ്ഞ സിസ്റ്റര്‍ ജെയിന്‍ ലൗസി ഏറെ സന്തോഷത്തോടെ താന്‍ അവാര്‍ഡ് സ്വീകരിക്കുന്നുവെന്ന് അറിയിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്, എല്ലാ പിന്തുണയും നല്‍കുന്ന സിസ്റ്റര്‍ കരോളിന്‍ പ്രീസ്റ്റണിനോടും, ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് അന്തരിച്ച സിസ്റ്റര്‍ വെണ്ടി റിനേറ്റിനോടുമുള്ള നന്ദിയും അറിയിക്കുന്നതായി സിസ്റ്റര്‍ ജെയിന്‍ ലൗസി പറഞ്ഞു.

ഓലിവ് ഡ്യൂഡി സേവനം ചെയ്യുന്ന ആബേയിലെ അസംപ്ക്ഷന്‍ സ്കൂളില്‍ പരിശീലകയായി പ്രവര്‍ത്തിക്കുകയാണ് ഫാറി. 2012-ല്‍ നടന്ന ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുത്ത മൂന്നു അത്മായ വനിതകളില്‍ ഒരാള്‍ കൂടിയാണ് ഫാറി. തന്റെ എഴുത്തിലൂടെയും ചിന്തകളിലൂടെയും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന വനിതയാണ് ഡോക്ടര്‍ ഫാറി. ഒക്ടോബര്‍ 28-ാം തീയതി ലണ്ടനിലെ മാര്‍ബിള്‍ ആര്‍ക്കിലെ അംബ ഹോട്ടലിലാണ് ഇവരെ ആദരിക്കുന്നത്. 1969-ല്‍ ആണ് സഭയിലും സമൂഹത്തിലും മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന കത്തോലിക്ക വനിതകള്‍ക്കായി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

More Archives >>

Page 1 of 68