News - 2024

സീറോ മലബാർ സഭയുടെ പുതിയ മേജർ ആര്‍ച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പിനു ഒരുക്കമായുള്ള പ്രാർത്ഥന

പ്രവാചകശബ്ദം 12-12-2023 - Tuesday

സ്നേഹ നാഥനായ ഈശോയേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതി ക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. മാർതോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്താൽ സ്ഥാപിതമായ സീറോമലബാർ സഭയെ നിരന്തരം വഴിനടത്തുന്ന അങ്ങയുടെ പരിപാലനയെ ഞങ്ങൾ ഏറ്റുപറയുന്നു. ഈ സഭയ്ക്കു നേതൃത്വം നല്‌കുന്നതിനായി കാലാകാലങ്ങളിൽ അങ്ങു നിയോഗിച്ച എല്ലാ പിതാക്കന്മാരുടെയും പ്രത്യേകമായി, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും നേതൃത്വശുശ്രൂഷകളെയോർത്ത് അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു.

നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത് എന്നു ശിഷ്യന്മാരോട് അങ്ങ് അരുളിചെയ്‌തിട്ടുണ്ടല്ലോ. അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ദൈവപിതാവിനോടു പ്രാർത്ഥിച്ച ഈശോയേ, അങ്ങയുടെ മാതൃക അനുകരിച്ചു ഞങ്ങളും ഇപ്പോൾ പ്രാർത്ഥിക്കുന്നു. ലോകമെമ്പാടുമുള്ള സീറോമലബാർ സഭയ്ക്കു നേതൃത്വം നല്കുന്നതിനുവേണ്ടി പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാനായി ഒരുമിച്ചുകൂടുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തെ അനുഗ്രഹിക്കണമേ. മാർതോമാശ്ലീഹായുടെ പിൻഗാമിക്ക ടുത്ത ശുശ്രൂഷാപദവി സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കുന്നു.

സെഹിയോൻശാലയിൽ ശ്ലീഹന്മാരോടൊപ്പം പ്രാർത്ഥനാനിരതയായിരുന്ന പരിശുദ്ധ അമ്മേ, ഈ സിനഡുസമ്മേളനത്തിൽ പരിശുദ്ധാത്മാവിൻ്റെ നിറവുണ്ടാകാൻ വേണ്ടി തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ. ഞങ്ങളുടെ പിതാവായ മാർതോമാ ശ്ലീഹായേ, ഞങ്ങളുടെ സഭയിലെ വിശുദ്ധരേ, വാഴ്ത്തപ്പെട്ടവരേ, ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

ഈ പ്രാർത്ഥന 2023 ഡിസംബർ 10 ഞായർ മുതൽ 2024 ജനുവരി 13 വരെ നമ്മുടെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്‌ഥാപനങ്ങളിലും വിശുദ്ധ കുർബാനക്കുശേഷവും കുടുംബങ്ങളിൽ സായാഹ്ന പ്രാർത്ഥനക്കുശേഷവും ചൊല്ലണമെന്നു അറിയിക്കുന്നു.

+ മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സീറോമലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്റർ.

More Archives >>

Page 1 of 914