News - 2024

പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ അത്യുത്സാഹമുള്ള വിശ്വാസികളെയാണ് സഭയ്ക്ക് ആവശ്യം: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 15-08-2016 - Monday

വത്തിക്കാന്‍: പരിശുദ്ധാത്മാവിന്റെ അഭിഷേകാഗ്നിയാല്‍ നിറഞ്ഞ ഊര്‍ജസ്വലരായ വിശ്വാസികളെയാണ് സഭയ്ക്ക് ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തണുത്തവരും ഉന്മേഷമില്ലാത്തവരുമായി വിശ്വാസികള്‍ മാറരുതെന്നും, പരിശുദ്ധാത്മാവിന്റെ അഭിഷേക നിറവില്‍ ലോകത്തെ മുന്നോട്ട് നയിക്കുവാന്‍ വിശ്വാസികള്‍ ഉണര്‍ന്നു വരണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സത്യവചനത്തെ പ്രഘോഷിക്കുവാന്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നാലും അതിനെ ഭയക്കാത്തവരായി നാം മാറണമെന്നും പിതാവ് തന്റെ ഞായറാഴ്ച പ്രസംഗത്തില്‍ പറഞ്ഞു.

"സുവിശേഷവത്ക്കരണത്തിന് തീവ്രതയുള്ള മിഷ്ണറിമാരെ സഭയ്ക്ക് ആവശ്യമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ വേണം സുവിശേഷം ഘോഷിക്കുവാന്‍. ഇവര്‍ക്ക് മാത്രമേ ക്രിസ്തുവിന്റെ വാക്കുകളും, സ്‌നേഹവും എല്ലാവരിലേക്കും എത്തിക്കുവാന്‍ സാധിക്കുകയുള്ളു. പരിശുദ്ധാത്മാവിന്റെ ശക്തിയും അഭിഷേകവും പ്രാപിക്കുവാന്‍ സഭ വിസമ്മതിച്ചു നിന്നാല്‍ തണുത്തതും ഉന്മേഷമില്ലാത്തതുമായി സഭ മാറും". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

ജീവന്‍ ബലിയായി നല്‍കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും, ദൈവവചനത്തിനും വിശ്വാസത്തിനുമായി നിലകൊള്ളുകയും ചെയ്യുന്ന ആയിരങ്ങളെ ഈ സമയം ഓര്‍ക്കുന്നതായും പിതാവ് കൂട്ടിച്ചേര്‍ത്തു. "പരിശുദ്ധ മാമോദീസ വഴിയായി നാം സഭയിലേക്ക് ചേര്‍ന്ന നിമിഷം മുതല്‍ ദൈവാത്മാവിന്റെ അഭിഷേകം നാം പ്രാപിക്കുന്നുണ്ട്. നമ്മേ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന അഗ്നിയാണ് ദൈവാത്മാവ്. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ നമ്മുടെ ജീവിതത്തിന്റെ ദുഃഖവും, ദുരിതവും നമ്മിലെ അഹന്തയും പാപവും എല്ലാം എരിച്ചു കളയുന്ന അഗ്നിയാണ് ലഭിക്കുക. മറ്റുള്ളവരിലേക്ക് സ്‌നേഹം പകരുവാന്‍ നമ്മേ സഹായിക്കുന്നത് ദൈവാത്മാവാണ്. ദൈവത്തിന്റെ രാജ്യം സ്ഥാപിതമാക്കുവാന്‍ സ്‌നേഹമാകുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഏറ്റവും ആവശ്യമാണ്". പിതാവ് കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ അപ്പോസ്‌ത്തോലന്‍മാര്‍ തടസങ്ങള്‍ നേരിട്ടു കൊണ്ടിരിന്ന സാഹചര്യങ്ങള്‍ എങ്ങനെ അത്ഭുതകരമായി മറികടന്നുവെന്നതും പിതാവ് സൂചിപ്പിച്ചു. സ്വേഛാധിപതികളായവരേയും, കഠിനഹൃദയവുമുള്ളവരെയുമല്ല നേതാക്കന്‍മാരായി സഭയ്ക്ക് ആവശ്യമുള്ളത്. ലാളിത്യവും സ്‌നേഹവും ഉള്ളവരെയാണ് സഭയ്ക്കു വേണ്ടതെന്ന് ദൈവാത്മാവ് നമ്മേ ഓര്‍മ്മിപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി നമ്മിലേക്ക് ദൈവാത്മാവ് നിറഞ്ഞ് ഒഴുകുവാന്‍ പ്രത്യേകം മാധ്യസ്ഥം യാചിക്കുവാനും പിതാവ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 69