News

വ്യാജ മതനിന്ദ ആരോപണം: പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബത്തെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് ഇസ്ലാം മതസ്ഥര്‍

പ്രവാചകശബ്ദം 28-05-2024 - Tuesday

ലാഹോര്‍: മതനിന്ദ ആരോപിച്ച് കിഴക്കൻ പാക്കിസ്ഥാനിലെ ക്രൈസ്തവ കുടുംബത്തെ നൂറുകണക്കിന് ഇസ്ലാം മതസ്ഥര്‍ ക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പഞ്ചാബ് പ്രവിശ്യയിലെ സർഗോധ പട്ടണത്തിലെ ചെരുപ്പ് വ്യാപാരിയും ഫാക്ടറി ഉടമയുമായ നസീർ ഗിൽ മസിഹ് എന്ന ക്രൈസ്തവ വിശ്വാസിയും കുടുംബവുമാണ് വ്യാജ ആരോപണത്തെ തുടര്‍ന്നു മര്‍ദ്ദനത്തിന് ഇരയായത്. ഖുറാന്‍റെ പേജുകള്‍ കത്തിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ചായിരിന്നു ആക്രമണം.

മെയ് 25 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴിനും എട്ടിനും ഇടയിലായിരിന്നു സംഭവം. നൂറുകണക്കിന് ഇസ്ലാം മതസ്ഥരുടെ ജനക്കൂട്ടം ഇരച്ചുകയറി കുടുംബത്തിൻ്റെ ഫാക്ടറിക്കും താമസസ്ഥലത്തിനും തീയിടുകയായിരിന്നു. കുടുംബാംഗങ്ങളായ ചിലര്‍ക്ക് ഓടിപ്പോകാൻ കഴിഞ്ഞെങ്കിലും, രക്ഷപ്പെടുത്താൻ പോലീസ് എത്തുന്നതിന് മുന്‍പ് മസിഹിന് ക്രൂരമായ മർദ്ദനമേറ്റിരിന്നു. ആക്രമണം നടത്തുന്നതിന്റെയും ചെരിപ്പുകള്‍ മോഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പൊന്തിഫിക്കൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രാദേശിക സ്രോതസ്സുകൾ നല്‍കുന്ന പ്രകാരം, ഗുരുതരമായ പരിക്കുകളേറ്റ നസീർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണത്തെ എസിഎൻ ശക്തമായി അപലപിക്കുകയാണെന്നും ദുരന്ത ബാധിത കുടുംബത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സംഘടനയുടെ അന്താരാഷ്ട്ര പ്രസ് മേധാവി മരിയ ലൊസാനോ എസിഐ പ്രെൻസയ്ക്ക് അയച്ച സന്ദേശത്തിൽ പ്രസ്താവിച്ചു. കുടുംബത്തിന് സഹായം ഉറപ്പ് വരുത്തുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കര്‍ശനമായ ഇടപെടല്‍ ആവശ്യപ്പെട്ട് ക്രൈസ്തവ സംഘം പോലീസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 1.3% വരുന്ന ക്രൈസ്തവര്‍ വലിയ രീതിയിലുള്ള ഭീഷണി രാജ്യത്തു നേരിടുന്നുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ കുപ്രസിദ്ധമായ മതനിന്ദ നിയമം ഉപയോഗിക്കുന്നത് രാജ്യത്തു പതിവ് സംഭവമാണ്.

'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 966