News - 2024

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ കൂരിയ നിലവിൽ വന്നു

ഷൈമോൻ തോട്ടുങ്കൽ/ പ്രവാചകശബ്ദം 26-05-2024 - Sunday

ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭരണ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കൂരിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസായി ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും ചാൻസിലറായി ഫാ. ഡോ. മാത്യു പിണക്കാട്ടും തുടരും. പാസ്റ്ററൽ കോര്‍ഡിനേറ്റർ, ബിഷപ്പ് സെക്രട്ടറി, പിആർഓ എന്നീ ഉത്തരവാദിത്വങ്ങൾ പുതിയതായി ഫാ. ഡോ. ടോം ഓലിക്കരോട്ട് നിർവഹിക്കും. വൈസ് ചാൻസിലറായി ഫാ. ഫാൻസ്വാ പത്തിലും ഫിനാൻസ് ഓഫീസറായി ഫാ. ജോ മൂലശ്ശേരി വി സിയും തുടരും.

രൂപതയിലെ വൈദികരുടെയും, സേഫ് ഗാർഡിങ്, ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ, ഡേറ്റ പ്രൊട്ടക്ഷൻ, തീർഥാടനങ്ങൾ, സ്ഥാവര ജംഗമ വസ്തുക്കൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും. ചാൻസിലർ ഓഫീസ് നിർവഹണം, കാനോനികമായ കാര്യങ്ങൾ, റീജിയണൽ കോഡിനേറ്റേഴ്‌സ്, വിസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക രൂപത ചാൻസിലർ എന്ന നിലയിൽ ഫാ. ഡോ. മാത്യു പിണക്കാട്ട് ആയിരിക്കും.

ഫാ. ഡോ. ടോം ഓലിക്കരോട്ട് രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കും. ഫാ. ജോ. മൂലശ്ശേരി ഫിനാൻസ് ഓഫിസിന്റെ ചുമതലകൾ നിർവഹിക്കും. വൈസ് ചാൻസിലറായ ഫാ. ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ, ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ ഐ ജി കമ്മീഷൻ എന്നിവയുടെ ചുമതല വഹിക്കും. രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയർ പേഴ്‌സൺമാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടർമാരെയും സ്ഥാനങ്ങൾ പുനഃക്രമീകരിക്കുയും ചെയ്തിട്ടുണ്ട്.

More Archives >>

Page 1 of 966