News - 2024

തെക്കൻ ഗാസ മുനമ്പിലേക്ക് സഹായമെത്തിക്കാൻ കഴിയുന്നില്ല: ആശങ്ക പങ്കുവെച്ച് കത്തോലിക്ക സന്നദ്ധ സംഘടന

പ്രവാചകശബ്ദം 31-05-2024 - Friday

ഗാസ: മെയ് ആദ്യം മുതൽ തെക്കൻ ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാൻ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസ് (സിആർഎസ്). പ്രദേശത്തെ വെയർഹൗസുകളിൽ ഇനി ആവശ്യ സാധനങ്ങൾ ഇല്ലെന്നു സംഘടന പറയുന്നു. മിക്ക സഹായങ്ങളും റാഫയിലൂടെ കടന്നുപോകുന്നു, ഇവിടുത്തെ സൈനിക പ്രവർത്തനങ്ങൾ കാരണം മെയ് ആദ്യം മുതൽ റാഫ ക്രോസിംഗ് അടച്ചിരിക്കുകയാണെന്നും ഇത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും സംഘടനയുടെ വക്താവ് മേഗൻ ഗിൽബെർട്ട് ഇ‌ഡബ്ല്യു‌ടി‌എന്നിനോട് പറഞ്ഞു. മേയ് 6 മുതൽ ഗാസയുടെ തെക്കൻ പകുതിയിൽ കാത്തലിക് റിലീഫ് സർവീസസ് സാധനങ്ങൾ എത്തിച്ചിട്ടില്ല.

ഗാസയുടെ വടക്കൻ ഭാഗത്തേക്ക് ഇതുവരെ അന്‍പതിലധികം ട്രക്കുകളില്‍ സംഘടന സഹായമെത്തിച്ചിട്ടുണ്ട്. ട്രക്കുകളിൽ റെഡി-ടു ഈറ്റ് ഭക്ഷണങ്ങൾ, ശുചിത്വ കിറ്റുകൾ, ബെഡ് സാമഗ്രികള്‍, അത്യാവശ്യ വസ്തുക്കള്‍ എന്നിവയാണ് ലഭ്യമാക്കിയത്. 2023 ഒക്ടോബർ 7ന് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഈ മേഖലയിൽ ഏഴരലക്ഷത്തിലധികം ആളുകൾക്ക് കാത്തലിക് റിലീഫ് സർവീസസ് സഹായം ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സി‌ആര്‍‌എസ് നേരത്തെ വ്യക്തമാക്കിയിരിന്നു. ഗാസയിലെ 44 പേർ ഉൾപ്പെടെ സിആർഎസിന് ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽ 83 ജീവനക്കാരുണ്ട്.

മെയ് 11ന് ഇസ്രായേലിൻ്റെ റഫ ഒഴിപ്പിക്കൽ നിർദ്ദേശത്തെത്തുടർന്ന് സിആർഎസ് ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ പ്രദേശം വിടുകയായിരിന്നു. നേരത്തെ റാഫയിലും സെൻട്രൽ ഗാസ മുനമ്പിലെ ദേർ അൽ-ബലാഹിലും പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിച്ച കാത്തലിക് എയ്‌ഡ് ഗ്രൂപ്പ് അതിലൂടെ ഭക്ഷണപ്പൊതികളും ശുചിത്വ സാമഗ്രികളും മറ്റ് സഹായങ്ങളും നൽകിയിട്ടുണ്ട്. ദേർ അൽ-ബാലയിൽ മാത്രം പ്രവർത്തനം തുടരുന്നു. അതേസമയം രാജ്യാന്തര കോടതിയുടെ ഉത്തരവും ലോകമെമ്പാടുമുയരുന്ന പ്രതിഷേധവും കണക്കിലെടുക്കാതെ തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്.

'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 967