News - 2024

കോംഗോയിൽ ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ച 14 കത്തോലിക്കരെ ക്രൂരമായി കൊലപ്പെടുത്തി; അപലപിച്ച് പാപ്പ

പ്രവാചകശബ്ദം 31-05-2024 - Friday

ബ്രാസാവില്ല: ആഫ്രിക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കത്തോലിക്ക വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അക്രമികള്‍ കൊലപ്പെടുത്തി. വടക്കൻ കിവുവിൽവെച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന തീവ്രവാദ സംഘടനയാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു.

കോംഗോയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ട്ടമായെന്നും അവരിലൂടെയുള്ള രക്തസാക്ഷിത്വത്തിൻ്റെ സാക്ഷ്യത്തിന് ദൈവത്തിന് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും പാപ്പ പ്രസ്താവനയില്‍ കുറിച്ചതായി 'എ‌സി‌ഐ ആഫ്രിക്ക' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യാനികളായതിനാലും ഇസ്ലാം മതം സ്വീകരിക്കാത്തതിനാലുമാണ് അക്രമികള്‍ അവരുടെ കഴുത്ത് മുറിച്ചതെന്നും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. ഇറ്റൂരി സംസ്ഥാനത്തെ ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമമായ എൻഡിമോയിൽ സഖ്യകക്ഷി ജനാധിപത്യ സേനയും ആക്രമണം നടത്തിയിരിന്നു.

ഇക്കഴിഞ്ഞ മെയ് 13ന് 11 ക്രൈസ്തവരെ വടിവാളുകളും റൈഫിളുകളും ഉപയോഗിച്ച് വധിക്കുകയും മറ്റ് നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചില വീടുകൾക്ക് തീയിടുകയുമായിരിന്നുവെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്യൂട്ടേംബോ-ബെനി ബിഷപ്പ് മെൽക്കിസെഡെക് പലുകു കൊലപാതകങ്ങളെ അപലപിച്ചു. അക്രമത്തിലും സംയമനം പാലിച്ച് ക്രൈസ്തവര്‍ കാണിക്കുന്ന സഹിഷ്ണുതയും ധൈര്യവും അവരുടെ അചഞ്ചലമായ വിശ്വാസവും ദൃഢനിശ്ചയത്തിൻ്റെ തെളിവാണെന്ന് ബിഷപ്പ് അനുസ്മരിച്ചു. ഗവൺമെന്‍റ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

ബ്യൂട്ടേംബോ-ബെനി രൂപത വർഷങ്ങളായി ഇസ്ലാമിക ഭീകര ആക്രമണങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. 2021-ൽ ബെനിയിലെ ഇമ്മാനുവൽ-ബുത്സിലി കത്തോലിക്കാ പള്ളിയിൽ ബോംബാക്രമണം നടന്നതിനെത്തുടർന്ന്, വലിയ ഭീഷണിയാണ് ക്രൈസ്തവര്‍ നേരിടുന്നത്. പ്രദേശത്തെ തദ്ദേശീയരായ ജനങ്ങളെ ഇസ്ലാമികവൽക്കരിക്കുന്നതിനോ പുറത്താക്കുന്നതിനോ ഒരു വലിയ തോതിലുള്ള പദ്ധതി നടക്കുകയാണെന്ന് ബിഷപ്പ് മെൽക്കിസെഡെക് നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഓപ്പണ്‍ ഡോഴ്സിന്റെ റിപ്പോര്‍ട്ടില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ രൂക്ഷമായ രാജ്യങ്ങളില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്താണ് കോംഗോ.

More Archives >>

Page 1 of 968