News

പെറുവിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് 375 വര്‍ഷം

പ്രവാചകശബ്ദം 31-05-2024 - Friday

ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 375-ാം വാർഷികത്തിൻ്റെ അനുസ്മരണം ലിമയിലെ കത്തീഡ്രൽ ബസിലിക്കയിൽ ആഘോഷിച്ചു. ലിമ ആർച്ച് ബിഷപ്പ് മോൺ. കാർലോസ് കാസ്റ്റിലോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. അനുസ്മരണ ചടങ്ങില്‍ ദിവ്യകാരുണ്യ അത്ഭുതത്തെ പ്രതിനിധീകരിക്കുന്ന പെയിന്‍റിംഗ് ബിഷപ്പ് പ്രകാശനം ചെയ്തു. പെറുവിലെ ഏക ദിവ്യകാരുണ്യ അത്ഭുതമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

1649 ജൂൺ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് അത്ഭുതം നടന്നത്. വടക്കൻ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരിന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാൻസിസ്‌ക്കൻ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരിന്നു അത്ഭുതം. മെറൂൺ നിറത്തിലുള്ള കുപ്പായവും തോളോളം നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള കുട്ടിയെയാണ് എല്ലാവരും കണ്ടത്.

അന്ന് നഗരം മുഴുവൻ "അത്ഭുതം! അത്ഭുതം!" എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം നിലനിന്നുവെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്രം. അതേ വർഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും കുർബാനയ്ക്കിടെ ഈ അത്ഭുതം ആവർത്തിച്ചു. ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ സംഭവങ്ങൾ അക്കാലത്തെ സഭാ അധികാരികൾ രേഖപ്പെടുത്തിയതും തെളിവുകളും ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. ലിമയിലെ സാൻ ഫ്രാൻസിസ്കോ കോൺവെൻ്റിലെ ആർക്കൈവിലും സ്പെയിനിലെ സെവില്ലെയിലെ ഇൻഡീസ് നാഷണൽ ആർക്കൈവിലുമാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 968