News

പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ ആക്രമിച്ച ക്രൈസ്‌തവ വിശ്വാസി മരിച്ചു

പ്രവാചകശബ്ദം 04-06-2024 - Tuesday

ലാഹോർ: പാക്കിസ്ഥാനിൽ ഇസ്ലാം മതസ്ഥര്‍ മതനിന്ദ ആരോപിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച ക്രൈസ്‌തവ വിശ്വാസി മരിച്ചു. മേയ് 25നു നടന്ന ആക്രമണത്തില്‍ ദാരുണമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുകയായിരിന്ന നസീർ മസിഹ് എന്ന കത്തോലിക്ക വിശ്വാസിയാണ് മരണമടഞ്ഞത്. ഇസ്ലാമാബാദിൽ നിന്ന് 150 മൈൽ തെക്ക് സർഗോധ സിറ്റിയിലെ മുജാഹിദ് കോളനിയിലെ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയായിരിന്നു. ഖുറാന്‍ അവഹേളിച്ചുവെന്നാരോപിച്ച് നസീർ മസിഹിനെതിരെ തിരിഞ്ഞ ജനക്കൂട്ടം ക്രിസ്ത്യൻ വീടുകളും നസീറിന്റെ ഉടമസ്ഥതയിലുള്ള ഷൂ ഫാക്ടറിയും കത്തിച്ചു നശിപ്പിച്ചിരിന്നു.

ആക്രമണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ചെരിപ്പുകള്‍ മോഷ്ട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടു ക്രിസ്‌ത്യാനികൾക്കും പത്തു പോലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നസീറിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ പ്രദേശത്ത് നിന്നു പെട്ടെന്ന് പലായനം ചെയ്തതിനാലാണ് അവരുടെ ജീവന്‍ രക്ഷിക്കാനായത്. അതേസമയം ക്രിസ്‌ത്യാനികളുടെ വീടുകളും സ്വത്തുക്കളും അക്രമികൾ നശിപ്പിച്ചു. നസീര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ പോലീസ് ശ്രമം നടത്താന്‍ ഏറെ ശ്രമകരമായ ദൌത്യമാണ് നടത്തിയത്.

ഇതിനിടെ പോലീസുകാര്‍ക്കും പരിക്കേറ്റു. വൻ പോലീസ് സംഘമെത്തിയാണ് നസീറിനെയും പത്തു ക്രിസ്്യാനികളെയും അക്രമികളിൽനിന്നു മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. സർഗോധയിലെ കംബൈൻഡ് മിലിട്ടറി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിന്ന നസീറിന്റെ ആരോഗ്യ സ്ഥിതി ഞായറാഴ്ച മോശമാകുകയായിരിന്നു. ക്രൈസ്ത‌വരെ ആക്രമിച്ച കേസിൽ 140 പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. എഴുപത്തിയാറുകാരനായ മസിഹ് വർഷങ്ങളായി സൗദി അറേബ്യയിൽ അധ്വാനിച്ച് നേടിയതില്‍ നിന്ന്‍ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് ഒരു ഷൂ ഫാക്ടറി സ്ഥാപിച്ചു വിജയകരമായ രീതിയില്‍ ബിസിനസ്സ് നടത്തി വരികയായിരിന്നു.

ശനിയാഴ്ച രാവിലെ 6 മണിയോടെ മസിഹിൻ്റെ മുസ്ലീം അയൽവാസികളിലൊരാളായ അയൂബ് ഗോണ്ടൽ എന്നയാളാണ് ഖുറാൻ പേജുകൾ അവഹേളിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് മതനിന്ദ നടത്തിയെന്ന് ആരോപിച്ച് മസിഹിനെതിരെ രംഗത്ത് വന്നത്. ഇതോടെ സമീപ ഗ്രാമങ്ങളില്‍ നിന്നുവരെ തീവ്ര ഇസ്ലാം മതസ്ഥര്‍ പാഞ്ഞെത്തുകയായിരിന്നു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ വ്യാജ മതനിന്ദ ആരോപണം ഉന്നയിച്ച് ആക്രമിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. രാജ്യത്തെ ക്രൈസ്തവര്‍ വലിയ രീതിയിലുള്ള പീഡനമാണ് ഏറ്റുവാങ്ങുന്നത്.

ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 969