News

ഭരണകൂട വിമര്‍ശനം: ക്യൂബയില്‍ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് വിലക്കിട്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടം

പ്രവാചകശബ്ദം 01-06-2024 - Saturday

ഹവാന: വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പിസിസി) മതകാര്യ കാര്യാലയം അനുമതി നിഷേധിച്ചു. മയാബെക്ക് പ്രവിശ്യയിലെ മുനിസിപ്പാലിറ്റിയിലാണ് ഫാ. റൊളാൻഡോ മോണ്ടെസ് ഡി ഓക്ക എന്ന വൈദികന് തിരുനാള്‍ പ്രദിക്ഷണം ഒഴിവാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത്. വിശ്വാസപരമായ ആഘോഷം ഈ സ്ഥലത്തെ പാരമ്പര്യമല്ലെന്ന ആരോപണം ഉന്നയിച്ചാണ് അവസരം നിഷേധിച്ചത്. തിരുനാളിന് മൂന്ന് ദിവസം മുന്‍പ്, കമ്മ്യൂണിസ്റ്റ് പാർട്ടി ന്യൂവപാസിൽ തിരുനാള്‍ പ്രദിക്ഷണത്തിന് വിലക്കിടുകയായിരിന്നുവെന്ന് വൈദികന്‍ പറയുന്നു.

കാമാഗൂയി അതിരൂപതയുടെ കീഴില്‍ ഒരു കൊല്ലമായി ശുശ്രൂഷ ചെയ്യുന്ന ഫാ. മോണ്ടസ് ഡി ഓക്ക ന്യൂവാപാസിൽ അഞ്ചു ബ്ലോക്കുകളിലൂടെ പ്രദിക്ഷണം നടത്താനാണ് നേരത്തെ തീരുമാനിച്ചിരിന്നത്. ക്യൂബയിലെ ദയനീയമായ ജീവിതസാഹചര്യവും ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധവുമായി നിരവധി കത്തോലിക്ക വൈദികര്‍ രംഗത്തുവന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളെ വിമര്‍ശിക്കുന്ന വൈദികരോടുള്ള പ്രതികാരത്തിന്റെ പ്രതിഫലനമാണ് പ്രദിക്ഷണത്തിന് ഏര്‍പ്പെടുത്തിയ വിലക്കെന്ന് മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒസ്വാൾഡോ ഗല്ലാർഡോ പറഞ്ഞു.

സമീപ കാലയളവില്‍ ദ്വീപിലെ ഭരണകൂടത്തിന്റെ കടുംപിടിത്തതിനെതിരെയും സ്വാതന്ത്ര്യമില്ലായ്മയെയും അപലപിച്ചു നിരവധി തവണ പ്രതികരിച്ച വൈദീകരില്‍ ഒരാളാണ് ഫാ. മോണ്ടസ് ഡി ഓക്ക. പെന്തക്കോസ്‌ത തിരുനാള്‍ ദിനത്തില്‍ വൈദ്യുതിയുടെയും ഭക്ഷണത്തിൻ്റെയും ക്ഷാമം തുടരുന്ന ക്യൂബയിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം തുറന്നടിച്ച് സംസാരിച്ചിരിന്നു. ഭരണകൂട വിമര്‍ശനമാണ് അധികൃതര്‍ ദിവ്യകാരുണ്യ പ്രദിക്ഷണം തടഞ്ഞതിന് പിന്നിലെ കാരണമായി നിരീക്ഷിക്കപ്പെടുന്നത്.

ക്യൂബൻ മാധ്യമമായ 14ymedio.com റിപ്പോര്‍ട്ട് പ്രകാരം, മതകാര്യ കാര്യാലയത്തിൽ നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നു നിരവധി പള്ളികളിൽ പ്രദിക്ഷണവും ആഘോഷങ്ങളും ഒഴിവാക്കിയിരിന്നു. 2022-ല്‍ രാജ്യത്തെ ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറും, ക്യൂബന്‍ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് മെന്‍ ആന്‍ഡ്‌ വിമന്‍ (കോണ്‍കര്‍) പ്രസിഡന്റുമായ ഫാ. ഡേവിഡ് പാന്തലിയോണിനെ ക്യൂബയില്‍ നിന്നു അകാരണമായി പുറത്താക്കിയത് ഏറെ വിവാദമായിരിന്നു.

ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

tag: Cuban regime prohibits priest from carrying out the Corpus Christi procession, Pravachaka Sabdam, Catholic Malayalam News, Malayalam Christian News

More Archives >>

Page 1 of 969