News - 2024

കരീബിയൻ സഭയുടെ വളര്‍ച്ചയ്ക്കായി കഠിനാധ്വാനം ചെയ്ത കർദ്ദിനാൾ കെൽവിൻ ഫെലിക്സ് ദിവംഗതനായി

പ്രവാചകശബ്ദം 01-06-2024 - Saturday

റൊസേവു: കരീബിയൻ ചെറുദ്വീപ് രാജ്യമായ സെന്റ് ലൂസിയയില്‍ ദീര്‍ഘകാലം സേവനം ചെയ്ത കർദ്ദിനാൾ കെൽവിൻ ഫെലിക്സ് കാലം ചെയ്തു. 91 വയസ്സായിരുന്നു. കരീബിയനിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള കാസ്ട്രീസ് അതിരൂപതയുടെ അധ്യക്ഷനായി മൂന്നു പതിറ്റാണ്ടോളം സേവനം ചെയ്ത അദ്ദേഹം കരീബിയൻ നാടുകളിലുടനീളം സഭയുടെ വളർച്ചയ്ക്കു വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചിരിന്നു. കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സിൻറെ നിര്യാണത്തിൽ മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. കരീബിയൻ നാടുകളിലുടനീളം സഭയുടെ വളർച്ചയ്ക്കായി ചെയ്ത പ്രവര്‍ത്തികളും യുവജനങ്ങള്‍ക്കായുള്ള ശുശ്രൂഷകളും പാപ്പ അനുസ്മരിച്ചു.

1933 ഫെബ്രുവരി 15നു കരീബിയൻ ദ്വീപായ ഡൊമിനിക്കയുടെ തലസ്ഥാനമായ റൊസേവു നഗരത്തിലാണ് കർദ്ദിനാൾ കെൽവിൻ എഡ്വേർഡ് ഫെലിക്സ് ജനിച്ചത്. 1956 ഏപ്രിൽ 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1962 വരെ ഡൊമിനിക്കയിൽ അജപാലന ശുശ്രൂഷ നടത്തി. നോവ സ്കോട്ടിയ, ഇന്ത്യാന, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിലായിരിന്നു ഉപരിപഠനം. 1981 ജൂലൈ 17-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഫെലിക്‌സിനെ കാസ്ട്രീസിൻ്റെ ആർച്ച് ബിഷപ്പായി നിയമിച്ചു. 1981 ഒക്ടോബർ 5-ന് അഭിഷിക്തനായി. 2014 ഫെബ്രുവരി 22ന് കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മൃതസംസ്‌കാരം ജൂൺ 12-ന് കാസ്‌ട്രീസിലെ അമലോത്ഭവ ദേവാലയ ബസിലിക്കയിൽ നടക്കും.

More Archives >>

Page 1 of 969