News

അപൂർവ്വങ്ങളിൽ അപൂർവ്വം ഈ കാഴ്ച : സ്വന്തം അമ്മയുടെയും തന്റെ എട്ടു മക്കളുടെയും സാന്നിധ്യത്തിൽ ബെനഡിക്ട് ദസ്വയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

അഗസ്റ്റസ് സേവ്യർ 16-09-2015 - Wednesday

1990-ൽ സൗത്ത് ആഫ്രിക്കയിൽ ക്രൈസ്തവ മൂല്യങ്ങളിലൂന്നി നിന്ന് ദുർമന്ത്രവാദത്തിനെതിരായി ശക്തമായ നിലപാടെടുക്കുകയും വിഗ്രഹാരാധകരുടെ കോപത്തിനിരയായി ജീവിതം ബലിയർപ്പിക്കുകയും ചെയ്ത ബെനഡിക്ട് ദസ്വയെ കഴിഞ്ഞ ഞായറാഴ്ച വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി.

സ്വന്തം രക്തം ചിന്തിയും സുവിശേഷസത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച, ഒരു വിദ്യാഭ്യാസ വിചീക്ഷണനും വേദപാഠകനുമായിരുന്നു ബെനഡിക്ട് ദസ്വ എന്ന് നാമകരണ കൽപ്പനയിൽ ഫ്രാൻസിസ് മാർപാപ്പാ പറഞ്ഞു.

സെപ്തംബർ 13 ഞായറാഴചയിലെ ദിവ്യബലിയോടനുബന്ധിച്ച് പിതാവിന്റെ പ്രഖ്യാപനത്തെ ബെനഡിക്ട് ദസ്വയുടെ ഗ്രാമത്തിലെ കുരിശുപള്ളിയിൽ ഒരുമിച്ചുകൂടിയ മുപ്പതിനായിരത്തോളം വരുന്ന ജനകൂട്ടം പാരമ്പര്യ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. ഷിറ്റാനിനി എന്ന ചെറു ഗ്രാമത്തിലെ ചടങ്ങുകളിൽ സാക്ഷ്യം വഹിക്കാനായി ബെനഡിക്ട് ദസ്വയുടെ എട്ടു മക്കളും 91 - വയസുള്ള അദ്ദേഹത്തിന്റെ മാതാവും സന്നിഹിതരായിരുന്നു. .അനവധി ബിഷപ്പുമാർക്കും പുരോഹിതന്മാർക്കുമൊപ്പം, 'Congregation for the Causes of Saints '-ന്റെ പ്രീഫെക്ട് ആയ കർഡിനാൾ ആഞ്ചലോ അമാറ്റോയും ഗ്രാമത്തിലെ സമൂഹ ദിവ്യബലിയിൽ പങ്കെടുത്തു.

സൗത്ത് ആഫ്രിക്കയിൽ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്ന ആദ്യത്തെ രക്തസാക്ഷിയാണ് ബെനഡിക്ട് ദസ്വ. ദശലക്ഷക്കണക്കിന് കത്തോലിക്കർ ചടങ്ങുകൾ ടെലിവിഷനി ലൂടെ കാണുകയുണ്ടായി.

"ബെനഡിക്ട് ദസ്വയുടെ വിശ്വാസത്തിലടിയുറച്ച ധൈര്യമാണ് ദുരാചാരങ്ങൾക്കെതിരെ യേശുവിന്റെ നാമം ഉയർത്തി പിടിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. ദസ്വയുടെ ജിവിതം നമുക്കെല്ലാം മാർഗ്ഗ നിർദ്ദേശം നൽകുന്നു." സ്സനീൻ രൂപതാ ബിഷപ്പ് ജ്വാ റാഡ്റിഗസ് പറഞ്ഞു.

സൗത്ത് ആഫ്രിക്കയുടെ വടക്കേയറ്റത്തുള്ള 'ലിമ്പോപ്പോ' എന്ന ഗ്രാമത്തിൽ 1946-ൽ ബെനഡിക്ട് ദസ്വ ജനിച്ചു. യഹൂദമത വിശ്വാസിയായിരുന്ന ദസ്വ പതിനേഴാമത്തെ വയസ്സിൽ ക്രിസ്തുമതം സ്വീകരിച്ചു;

ദസ്വ വിവാഹിതനും എട്ടു മക്കളുടെ പിതാവുമായിരുന്നു. തന്റെ ഗ്രാമത്തിൽ ഒരു ഇടവക സ്ഥാപിക്കാൻ അദ്ദേഹം പ്രയത്നിച്ചു. ഒരു പ്രൈമറി സ്കൂളിന്റെ പ്രിൻസിപ്പാളും അദ്ധ്യാപകനുമായി അദ്ദേഹം സേവനമനുഷ്ടിച്ചു. ആ അപരിഷ്കൃത ഗ്രാമത്തിൽ ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല.

ദുരാചാരങ്ങളിൽ പങ്കുചേരാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. യേശുവിനു വേണ്ടിയുള്ള ഈ ചെറുത്തു നിൽപാണ് അവസാനം 1990-ൽ അദ്ദേഹത്തെ രക്തസാക്ഷ്യത്തിലേക്ക് നയിക്കുന്നത്. ഗ്രാമവാസികളിൽപ്പെട്ട, ദുരാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിപ്പെട്ടിരുന്ന കുറച്ചു പേർ, അവരുടെ ദുർമന്ത്രവാദ ക്രിയകളിൽ പങ്കുചേരാൻ അദ്ദേഹത്ത നിർബന്ധിച്ചു കൊണ്ടിരുന്നു. സ്കൂളിലും ഗ്രാമത്തിലും യേശുവിന് സാക്ഷ്യം വഹിച്ചു ജീവിക്കുന്ന ദസ്വ അവരുടെ ഭീഷിണികൾക്ക് വഴങ്ങിയില്ല. അവർ അദ്ദേഹത്തെ ആക്രമിച്ചു വധിച്ചു. അപ്പോൾ അദ്ദേഹത്തിന് 43 വയസ്സായിരുന്നു.

അദ്ദേഹത്തിന്റെ അമ്മയും എട്ടു മക്കളും (ഫയൽ ചിത്രം 2010)

അദ്ദേഹത്തെ വധിക്കാനായി ആയുധങ്ങളുമായി ശതുക്കൾ അടുത്തെത്തിയപ്പോൾ അദ്ദേഹം മുട്ടിൽ വീണ് ഇങ്ങനെ പറഞ്ഞുവെന്ന് രൂപതാ അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തുന്നു.. - "ദൈവമേ, അവിടുത്തെ കൈകളിലേക്ക് എന്റെ ആത്മാവിനെ സ്വീകരിച്ചാലും !"

ഗ്രാമത്തിലുള്ള ഒരു ചെറിയ സെമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. അവിടം ഒരു തീർത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു.

അദ്ദേഹത്തിന്റെ ഒരു മകൻ, മുഷീറോ മൈക്കൽ ഫ്രഞ്ച് മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു, "ഞങ്ങളുടെ സന്തോഷം വർണ്ണിക്കാനാവില്ല." തന്റെ പിതാവിന്റെ ജീവനെടുത്തവരോട് തങ്ങളെല്ലാം ക്ഷമിച്ചു കഴിഞ്ഞു എന്ന് മുഷിറോ മൈക്കൽ കൂട്ടി ചേർത്തു.

ദുരാചാരങ്ങൾക്കും ദുർമന്ത്രവാദത്തിനും എതിരായ ക്രൈസ്തവ മുന്നേറ്റത്തിന്റെ നായകനാണ് ദസ്വ എന്ന് ബിഷപ്പ് റോഡ്രിഗസ് പ്രസ്താവിച്ചു.

കർഡിനാൾ അമാറ്റോ പറയുന്നു: "പരിശുദ്ധാത്മാവിനാൽ രൂപാന്തരം സംഭവിച്ച് ദസ്വ തിരുസഭയുടെ ഒരു മുന്നണി പോരാളിയായി മാറി. ദൈവസ്നേഹത്തിൽ അദ്ദേഹം നമ്മുടെ മാതൃകയാണ്. ആദ്യകാലത്ത് റോമാ സാമ്രാജ്യത്തിൽ രക്തസാക്ഷികളായ ക്രൈസ്തവരെ പോലെ ധീരതയോടെയും വിശ്വാസത്തോടെയുമാണ് അദ്ദേഹം മരണം വരിച്ചത് !"

സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമോയുടെ പ്രതിനിധി, കൂടാതെ സൗത്ത് ആഫ്രിക്കൻ വൈസ് പ്രസിഡന്റ് സിറിൽ റമ്പോശ എന്നിവരും ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിക്കുകയുണ്ടായി.

വാഴ്ത്തപ്പെട്ട ബെനഡിക്ട് ദസ്വയുടെ ഫീസ്റ്റ് ഫെബ്രറുവരി 1 -ാം തീയതിയായി പ്രഖ്യാപനം നടത്തി കൊണ്ട് പിതാവ് ഇങ്ങനെ പറഞ്ഞു.

"യേശുവിന്റെ നാമം ഉയർത്തിപ്പിടിച്ചു കൊണ്ട് ജീവത്യാഗം ചെയ്ത വിവിധ ദേശങ്ങളിലെ രക്തസാക്ഷികൾക്കൊപ്പം ദസ്വ ചേരുകയാണ്. അവരുടെയെല്ലാം സാക്ഷ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് അവരുടെ മദ്ധ്യസ്ഥതയ്ക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം."

More Archives >>

Page 1 of 7