News - 2024

ജീവിതം പ്രാർത്ഥനയാക്കി മാറ്റിയവൾ അൽഫോൻസാമ്മ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 13

സി. റെറ്റി FCC 13-07-2024 - Saturday

"ഞാൻ ഏതു കാര്യം അപേക്ഷിച്ചാലും എന്റെ നല്ല ദൈവം ഒരിക്കൽ പോലും എന്റെ അപേക്ഷ സാധിച്ചു തരാതെ ഇരുന്നിട്ടില്ല"

- വിശുദ്ധ അൽഫോൻസാ.

സന്യാസി ജീവിതത്തിന്റെ ഒരവിഭാജ്യ ഘടകമാണ് പ്രാർത്ഥനയെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ സമർപ്പിതരെ ഓർമിപ്പിക്കുന്നു. സന്നിസ്തർ പ്രാർത്ഥനയുടെ മനുഷ്യരാണ്. വി. പോൾ ആറാമൻ മാർപാപ്പ സന്യാസിമാരോട് പറഞ്ഞു: "പ്രാർത്ഥനയോടുള്ള വിശ്വസ്തതയും അതിനോടുള്ള ഉപേക്ഷാ മനോഭാവവും ആണ് സന്യാസ ജീവിതത്തിന്റെ ഉയർച്ചയുടെയും തളർച്ചയുടെയും വിളനിലം." അൽഫോൻസാമ്മയുടെ ജീവിതത്തിന്റെ ഉണ്മ പ്രാർത്ഥനയായിരുന്നു ദൈവവുമായി പ്രാർത്ഥന വഴി അവൾ ഹൃദയബന്ധം വളർത്തിയെടുത്തു.

പ്രാർത്ഥനയുടെ അവസരങ്ങൾ അവൾക്ക് ദിവ്യ മണവാളനോടുള്ള ഹൃദയ സല്ലാപത്തിന്റെ നിമിഷങ്ങൾ ആയിരുന്നു . ഒരു റേഡിയോ അതിന്റെ പ്രക്ഷേപണ നിലയവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ പ്രാർത്ഥനയിൽ അൽഫോൻസാമ്മയുടെ ഹൃദയം സദാ ദൈവവുമായി ബന്ധപ്പെട്ടിരുന്നു. കിട്ടുന്ന സമയമൊക്കെ താൻ വിശുദ്ധ കുർബാനയുടെ മുമ്പിൽ ചെലവഴിച്ചിരുന്നു എന്ന് അവൾ തന്നെ എഴുതിയിട്ടുണ്ട്. പ്രതിബന്ധങ്ങളും, പ്രതിസന്ധികളും തന്റെ ജീവിതത്തെ ഒന്നിന് പുറകെ ഒന്നായി അലട്ടിയപ്പോൾ അവൾ പ്രാർത്ഥനയിൽ അഭിനയം തേടി.

മനപ്പൂർവമായ കാത്തിരിപ്പായിരുന്നു അൽഫോൻസാമ്മയ്ക്ക് പ്രാർത്ഥന. അത് ആത്മാവിന്റെ നിസ്വനങ്ങൾ ആയിരുന്നു. പ്രാർത്ഥനയുടെ ബഹിർസ്പുരണങ്ങൾ ക്ഷമയായി, സ്നേഹമായി, സഹനമായി അൽഫോൻസാമ്മയിൽ നിന്ന് നിർഗളിച്ചു. പ്രാർത്ഥന ഒരുക്കിയ ധൈര്യം സഹനത്തെ ചോദിച്ചു വാങ്ങാൻ, അതുവഴി സന്യാസ ജീവിതത്തിന് പുതിയ രൂപഭാവങ്ങൾ നൽകാൻ അവളെ പ്രാപ്തയാക്കി. ക്ലാരസഭാംഗമായ സിസ്റ്റർ സ്റ്റെഫിന സാക്ഷ്യപ്പെടുത്തുന്നത് അനുസരിച്ച് അൽഫോൻസാമ്മയുടെ പ്രാർത്ഥന അവൾക്ക് ജീവിതം തന്നെയായിരുന്നു ദൈവസാന്നിധ്യത്തിൽ ആയിരിക്കാൻ അവൾ ശ്രമിച്ചിരുന്നു.

ഒരു സൂര്യകാന്തി പുഷ്പം സൂര്യനെ നോക്കുന്നതുപോലെ അൽഫോൻസാമ്മ സദാ ദൈവത്തിലേക്ക് ദൃഷ്ടി തിരിച്ച് പ്രാർത്ഥിച്ചു. "സ്നേഹത്തിന്റെ രശ്മികൾ കൊണ്ട് എന്റെ ഹൃദയത്തെ വിശുദ്ധീകരിക്കുകയും നിന്നോടുള്ള സ്നേഹത്താൽ എന്റെ ഹൃദയത്തെ എരിക്കയും ചെയ്യേണമേ" എന്നവൾ നിരന്തരം മന്ത്രിച്ചിരുന്നു.

മറ്റുള്ളവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ അത് സാധിച്ചു കിട്ടാൻ സ്നേഹ നാഥനുമായി അവകാശത്തോടും സ്വാതന്ത്ര്യത്തോടും കൂടി ന്യായവാദം ചെയ്തു പ്രാർത്ഥിക്കുവാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞിരുന്നു. "എന്റെ സ്നേഹനാഥാ നിന്നെ പ്രതി ഉപേക്ഷിക്കുന്നവർക്ക് നീ സമ്മാനം പറഞ്ഞിട്ടില്ലയോ? ഞാനിതുവരെയും എന്റെ ഇഷ്ടാനുസരണം ഒന്നും പ്രവർത്തിച്ചിട്ടില്ല നിന്റെ ഇഷ്ടം മാത്രം നോക്കി ഞാൻ പ്രവർത്തിക്കുന്ന സ്ഥിതിക്ക് നീ എന്റെ അപേക്ഷകൾ സാധിച്ചു തരേണ്ടതല്ലേ? നിന്റെ സ്നേഹത്തെ പ്രതിയുടെ സഹിക്കുന്നവരോട് നീ കടപ്പെട്ടവൻ അല്ലേ? അതുകൊണ്ട് നീ ഇത് സാധിച്ചു തരിക തന്നെ വേണം. അത് സാധിക്കാതെ ഞാൻ ഇവിടെ നിന്നും മാറുകയില്ല" എന്ന് അൽഫോൻസാമ്മ സ്നേഹശാഠ്യം പുലർത്തിയിരുന്നു.

സഹനത്തിന്റെ അർത്ഥം അറിയാനുള്ള താക്കോലായി അവൾ പ്രാർത്ഥനയെ കണ്ടു. പ്രാർത്ഥന നിതാന്ത ജാഗ്രതയാണെന്ന് അൽഫോൻസാമ്മ തിരിച്ചറിഞ്ഞു. ദൈവവുമായി ഐക്യപ്പെട്ട് ജീവിക്കുന്നവരുടെ ഹൃദയലാളിത്യത്തോടെ പ്രാർത്ഥനാ ജീവിതം നയിച്ച വ്യക്തിയാണ് അൽഫോൻസാമ്മേ എന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സാക്ഷ്യപ്പെടുത്തുന്നു. പ്രാർത്ഥനയുടെ ഈ വർഷത്തിൽ അൽഫോൻസാമ്മയെപ്പോലെ ജീവിതം നമുക്കും പ്രാർത്ഥനയാക്കാം.

More Archives >>

Page 1 of 982