News

ആർമണ്ട് അച്ചൻ ഇനി ദൈവദാസൻ

പ്രവാചകശബ്ദം 14-07-2024 - Sunday

ഇരിട്ടി: കേരളത്തിലെ കരിസ്‌മാറ്റിക് നവീകരണത്തിൻ്റെ ആരംഭകരിൽ പ്രധാനിയും ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസ സമൂഹാംഗവുമായ ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസ പ്രഖ്യാപനം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്നു. പട്ടാരം വിമലഗിരി ധ്യാനകേന്ദ്ര അങ്കണത്തിൽ ദൈവദാസ പദവി പ്രഖ്യാപന ചടങ്ങുകൾക്കും തിരുക്കർമങ്ങൾക്കും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.

ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, പാവനാത്മ പ്രോവിൻസ് പ്രോവിൻഷ്യൽ മിനിസ്റ്റർ റവ. ഡോ. തോമസ് കരിങ്ങടയിൽ, സെൻ്റ ജോസഫ് പ്രോവിൻസ് വികാർ പ്രോവിൻഷ്യൽ ഫാ. ചെറിയാൻ സ്കറിയ, തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കുടിയിൽ, ആർമണ്ടച്ചന്റെ സഹോദരപുത്രൻ ഫാ. ബിജു മാധവത്ത് എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധകുർബാനമധ്യേ മാർ ജോസഫ് പാംപ്ലാനി ഫാ. ആർമണ്ടിനെ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ സന്ദേശം വായിച്ചു. തുടർന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന നടപടികൾക്ക് തുടക്കം കുറിക്കുന്നതായും അറിയിച്ചു. മാർപാപ്പയുടെ ലത്തീൻ ഭാഷയിലുള്ള സന്ദേശം റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലും ദൈവദാസ പ്രഖ്യാപന നടപടിക്രമങ്ങൾ ഫാ. ജിതിൻ ആനിക്കുടിയിലും വായിച്ചു. ദൈവദാസപദവി പ്രഖ്യാപിച്ചതോടെ രൂപതാധ്യക്ഷൻ അടങ്ങുന്ന മൂന്ന് കമ്മീഷനുകളുടെ സത്യപ്രതിജ്ഞയും വിശുദ്ധകുർബാന മധ്യേ നടന്നു. തിയോളജിക്കൽ, ഹിസ്റ്റോറിക്കൽ, എൻക്വയറി കമ്മീഷനാംഗങ്ങളുടെ സത്യപ്രതിജ്ഞയാണു നടന്നത്.

കമ്മീഷനംഗങ്ങൾ അച്ചന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറി ച്ചും പഠനം നടത്തി വത്തിക്കാനിലേക്ക് നൽകുന്ന റിപ്പോർട്ടിനുശേഷമാണ് അടുത്തഘട്ട നടപടികൾ ആരംഭിക്കുക. വിശുദ്ധ കുർബാനയ്ക്കുശേഷം കാർമികർ ആർമണ്ടച്ചൻ്റെ കബറിടത്തിൽ പ്രാർഥന നടത്തി. ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. വിവിധ രൂപതകളിലെ വൈദികപ്രതിനിധികൾ, കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ വിവിധ പ്രവിശ്യകളിലെ അംഗങ്ങൾ, വിവിധ സന്യാസസമൂഹങ്ങളുടെ പ്രതിനിധികൾ, ആർമണ്ടച്ചന്റെ കുടുംബാംഗങ്ങൾ, വിവിധ രൂപതകളിൽനിന്നുള്ള വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

ഫാ. ആർമണ്ട് മാധവത്ത്: ജീവചരിത്രം ‍

1930 നവംബര്‍ 25ന് പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായിആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍മണ്ട് അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദ്ദേഹത്തെ കപ്പൂച്ചിന്‍ സഭയില്‍ എത്തിച്ചു.

കപ്പൂച്ചിന്‍ സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയ ബ്ര. ആര്‍മണ്ട് 1954 മെയ് 13-ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. കൊല്ലത്തുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും കോട്ടഗിരിയിലുള്ള ഫ്രയറിയില്‍ ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1960 മെയ് 25-ന് ഊട്ടി രൂപത മെത്രാനായിരുന്ന മാര്‍ ആന്റണി പടിയറ പിതാവില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

വയനാട്ടിലേക്ക് കുടിയേറിയ കുടുംബക്കാരോടൊപ്പം നടവയലില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ദിവ്യബലി. എറണാകുളത്തിനടുത്തുള്ള പൊന്നുരുന്നി ആശ്രമത്തിലും ആലുവയിലെ നസറത്ത് ആശ്രമത്തിലും മംഗലാപുരത്തുള്ള നൊവിഷ്യേറ്റിലും മൂവാറ്റുപുഴ ആശ്രമത്തിലും ഭരണങ്ങാനം സെമിനാരിയിലുമായിരുന്നു ആര്‍മണ്ടച്ചന്‍ തന്റെ ആദ്യഘട്ട ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. തീക്ഷ്ണതയോടെ ബലിയര്‍പ്പിക്കുകയും കരുണയോടെ കുമ്പസാരം കേള്‍ക്കുകയും ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ആര്‍മണ്ടച്ചന്‍ സഹസന്യാസികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

ഫ്രാന്‍സിസ് അസീസിയുടെ എളിമയും ലാളിത്യവും പരിഹാരചൈതന്യവും സ്വന്തമാക്കിയ ആര്‍മണ്ടച്ചന്റെ ജീവിതം ഏവര്‍ക്കും മാതൃകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ അല്മായസഭയുടെ ഡയറക്ടറായി പാലാ രൂപതയില്‍ പ്രവര്‍ത്തിക്കുവാനും അച്ചന് ഇക്കാലയളവില്‍ സാധിച്ചു. ഭരണങ്ങാനത്തുള്ള അഗതിമന്ദിരത്തിന്റെ ചുമതലക്കാരനായും അച്ചന്‍ സേവനം ചെയ്തു. അല്മായരുമായുള്ള അച്ചന്റെ ബന്ധം എല്ലായ്‌പ്പോഴും സുദൃഢമായിരുന്നു.

1976 നിര്‍ണായക വര്‍ഷം ‍

ഒരു ഉത്തമ സന്യാസവൈദികനായി ജീവിച്ച ഫാ. ആര്‍മണ്ടിന്റെ ജീവിതത്തില്‍ ‘വിളിയുടെ ഉള്ളിലെ വിളി’ ലഭിച്ച വര്‍ഷമാണ് 1976. ആ വര്‍ഷം ജനുവരി മാസത്തില്‍ കോഴിക്കോട് ക്രൈസ്റ്റ് കോളജില്‍ നടന്ന ആദ്യ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാന്‍ അച്ചനും അവസരം ലഭിച്ചു. ‘അരൂപിയിലുള്ള ജനനം’ അനുഭവിച്ചറിഞ്ഞ അച്ചന്‍ കൂടുതല്‍ ആനന്ദമുള്ളവനും സംതൃപ്തനും ആയിത്തീരുകയും ‘താന്‍ ഒരു ദൈവപൈതല്‍’ എന്ന അവബോധത്തില്‍ ജീവിക്കാനാരംഭിക്കുകയും ചെയ്തു.

കരിസ്മാറ്റിക് ധ്യാനത്തിലൂടെ താന്‍ അനുഭവിച്ച ആത്മീയനിറവ് ഏവര്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച ആര്‍മണ്ടച്ചന്‍ ഈ ധ്യാനം മലയാളത്തില്‍ ലഭ്യമാക്കണമെന്ന് അതിയായി ആഗ്രഹിച്ചു. അപ്രകാരം ഫാ. എ.കെ. ജോണ്‍, ഫാ. ഗ്രേഷ്യന്‍ എന്നിവരുടെയും ഏതാനും അല്മായ പ്രേഷിതരുടെയും സഹായത്തോടെ മലയാളത്തില്‍ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചു.

ആത്മാവില്‍ നിറഞ്ഞവരുടെ ഒരു വലിയ കൂട്ടായ്മ കേരളമൊട്ടാകെ വളര്‍ത്തിയെടുക്കാന്‍ അച്ചന്‍ സഹിച്ച ത്യാഗങ്ങള്‍ അവിസ്മരണീയമാണ്. കണ്‍വന്‍ഷനുകള്‍, ഇടവക ധ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കാന്‍ അച്ചന്‍ കഠിനപ്രയത്‌നം ചെയ്തു. ജീവിതത്തിലെ എല്ലാ തുറകളിലുമുള്ളവരെ പരിശീലിപ്പിക്കുവാനും നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും അച്ചന്‍ പരിശ്രമിച്ചിരുന്നു. പലവിധ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും അച്ചന് അഭിമുഖീകരിക്കേണ്ടതായി വന്നെങ്കിലും ‘പ്രെയ്‌സ് ദ ലോര്‍ഡ്’ എന്ന സൗമ്യമായ മറുപടികൊണ്ട് അച്ചന്‍ എല്ലാത്തിനെയും അതിജീവിച്ചു. എല്ലായ്‌പ്പോഴും അധികാരികള്‍ക്ക് വിധേയനായി, ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് സേവനനിരതനായി അച്ചന്‍ തന്റെ വിശുദ്ധ ജീവിതം പുഷ്ഠിപ്പെടുത്തി.

മലബാറിന്റെ മണ്ണിലേക്ക് ‍

ഭരണങ്ങാനം അസീസി ധ്യാനമന്ദിരത്തില്‍ 20 വര്‍ഷം സേവനം ചെയ്ത് അതിനെ വളര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിച്ച ആര്‍മണ്ടച്ചന്‍, തനിക്ക് ലഭിച്ച ഒരു പ്രചോദനമനുസരിച്ചാണ് 1996-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയ്ക്കടുത്ത് വിമലഗിരി ധ്യാനമന്ദിരം ആരംഭിച്ചത്. ഒന്നുമില്ലായ്മയില്‍നിന്നും സകലരോടും ധര്‍മം യാചിച്ച് അച്ചന്‍ കെട്ടിപ്പൊക്കിയ ധ്യാനമന്ദിരം മലബാറിന്റെ ആത്മീയ ഹൃദയമായിത്തീര്‍ന്നു. ഒരു വലിയ ധ്യാനപ്രസംഗകനോ കൗണ്‍സിലറോ രോഗശാന്തി ശുശ്രൂഷകനോ ജീവകാരുണ്യപ്രവര്‍ത്തകനോ ഒന്നുമായിരുന്നില്ല ആര്‍മണ്ടച്ചന്‍.

എന്നാല്‍ അസാധാരണമായവിധം ദൈവസ്‌നേഹത്തില്‍ ജ്വലിച്ചിരുന്ന അച്ചന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു ശാന്തിയും സമാധാനവും ലഭിക്കാന്‍. പ്രാര്‍ത്ഥനയുടെ ഗുരുവും വചനത്തിന്റെ ഉപാസകനും ത്രിത്വത്തിന്റെ ആരാധകനുമായിരുന്ന ആര്‍മണ്ടച്ചന്‍ എഴുപതാം വയസില്‍ പെട്ടെന്ന് രോഗബാധിതനായിത്തീരുകയും 2001 ജനുവരി 12-ന് തന്റെ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടത് വിമലഗിരി ആശ്രമത്തോടനുബന്ധിച്ചായിരുന്നു.

അന്നുമുതല്‍ ആര്‍മണ്ടച്ചന്റെ കല്ലറ പ്രാര്‍ത്ഥനയുടെ സങ്കേതമായി രൂപപ്പെടുവാന്‍ തുടങ്ങിയിരുന്നു. അച്ചന്റെ ആത്മീയ സന്താനങ്ങളും അയല്‍ക്കാരും സഹസന്യാസിനികളുമായിരുന്നു കബറിടത്തിങ്കല്‍ മാധ്യസ്ഥംതേടി ആദ്യമെത്തിയത്. പിന്നീട് ധ്യാനിക്കാന്‍ വന്നവരും അറിഞ്ഞുകേട്ട് വന്നവരും ബന്ധുമിത്രാദികളും നാനാജാതി മതസ്ഥരും പ്രാര്‍ത്ഥിക്കുവാനായി കബറിടത്തിങ്കലേക്ക് വന്നുതുടങ്ങി. ആര്‍മണ്ടച്ചന്റെ കബറിടത്തിങ്കല്‍വന്ന് സ്ഥിരമായി പ്രാര്‍ത്ഥിച്ചുപോകുന്നവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നവരും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനായി കടന്നുവരുന്നവരുമൊക്കെ ഇന്ന് നിത്യകാഴ്ചയാണ്.

പലരും തങ്ങളുടെ ഗുരുനാഥനും മാതൃകയുമായി ആര്‍മണ്ടച്ചനെ കണ്ടുകൊണ്ട് നിരന്തരം മാധ്യസ്ഥം തേടുകയും ആര്‍മണ്ടച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. മലബാറില്‍ കേവലം നാല് വര്‍ഷം മാത്രം ശുശ്രൂഷ നിര്‍വഹിച്ച അച്ചനെക്കുറിച്ച് പറയുമ്പോള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം നൂറ് നാവാണെന്നത് അച്ചന്റെ വിശുദ്ധ ജീവിതത്തിന്റെ സാക്ഷിപത്രമാണ്.

ദൈവശാസ്ത്ര അധ്യാപകനോ അറിയപ്പെടുന്ന ധ്യാനഗുരുവോ ഒന്നും ആയിരുന്നില്ലെങ്കിലും ആര്‍മണ്ടച്ചന്റെ ആധ്യാത്മിക കാഴ്ചപ്പാട് സമഗ്രവും സമ്പൂര്‍ണവുമായിരുന്നു. ത്രിത്വം എന്ന മഹാരഹസ്യത്തെ എല്ലായ്‌പ്പോഴും ധ്യാനിക്കുകയും ത്രിതൈ്വക ദൈവത്തെ സര്‍വദാ ആരാധിക്കുകയും ത്രിത്വത്തില്‍ ചരിക്കുകയും ചെയ്ത ഒരു ‘മിസ്റ്റിക്’ ആയിരുന്നു ആര്‍മണ്ടച്ചന്‍. ‘നാം ത്രിത്വത്തില്‍ നിന്നുണരുന്നു, ത്രിത്വത്തില്‍ ജീവിക്കുന്നു, ത്രിത്വത്തില്‍ വിലയം പ്രാപിക്കുന്നു’ എന്ന് എല്ലായ്‌പ്പോഴും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. അച്ചന്റെ എല്ലാ പ്രാര്‍ത്ഥനകളും ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ത്രിത്വത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു.

ആര്‍മണ്ടച്ചന്റെ ധ്യാനചിന്തകളും ബോധ്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരുന്ന ഡയറികളിലൂടെ പോകുമ്പോള്‍ ത്രിത്വം അദ്ദേഹത്തെ എത്രമാത്രം ലഹരി പിടിപ്പിച്ചിരുന്നുവന്ന് മനസിലാകും. ത്രിതൈ്വക ദൈവാനുഭവധ്യാനം’ എന്ന ഒരു ആത്മീയസാധനയ്ക്കുതന്നെ ഊടും പാവും നെയ്ത അച്ചന്റെ എല്ലാ പ്രഭാഷണങ്ങളും ത്രിത്വത്തില്‍ ചക്രമിക്കുന്നതായിരുന്നു. അച്ചന്റെ ഡയറിയില്‍ കാണുന്ന വിചിന്തനങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ടുകള്‍തന്നെ ഇതിന് സാക്ഷ്യമാണ്. ‘ത്രിതൈ്വക ദൈവകേന്ദ്രീകൃതജീവിതം’, ‘ത്രിത്വത്തില്‍ അധിവാസം’, ‘ത്രിത്വം സ്വര്‍ഗത്തില്‍’, ത്രിത്വം പരിശുദ്ധ കുര്‍ബാനയില്‍ തുടങ്ങിയ തലക്കെട്ടുകള്‍ ഉദാഹരണങ്ങളാണ്. ത്രിത്വമെന്നാല്‍ ആര്‍മണ്ടച്ചന് ജീവശ്വാസമായിരുന്നു. ജീവിതമെന്നാല്‍ അച്ചന് ത്രിത്വത്തിലുള്ള വാസമായിരുന്നു.

പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ ‍

തന്റെ ആഴമായ വിശ്വാസവും തീക്ഷ്ണമായ പ്രേഷിതചൈതന്യവും ആര്‍മണ്ടച്ചന്‍ ആര്‍ജിച്ചത് പ്രാര്‍ത്ഥനയില്‍നിന്നായിരുന്നു. എന്നും പ്രഭാതത്തില്‍ നാലുമണിക്കുണര്‍ന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന ആര്‍മണ്ടച്ചന്റെ രൂപം സഹസന്യാസികളുടെ മനസില്‍ ഇന്നും പച്ചകെടാതെ നില്‍ക്കുന്നു. ധ്യാനമന്ദിരത്തിലെ തിരക്കുകള്‍ കഴിഞ്ഞ് എല്ലാവരും പോയി കഴിയുമ്പോള്‍ അച്ചന്‍ സക്രാരിയുടെ മുമ്പിലിരുന്ന് പിന്നെയും ദീര്‍ഘമായി പ്രാര്‍ത്ഥിക്കുമായിരുന്നു. നടക്കുമ്പോഴൊക്കെ ജപമാല ചൊല്ലുക അച്ചന്റെ പതിവായിരുന്നു. വ്യക്തിപരമായി പ്രാര്‍ത്ഥിക്കാനും മറ്റുള്ളവരോടുകൂടി പ്രാര്‍ത്ഥിക്കാനും ഏകാന്തമായി പ്രാര്‍ത്ഥിക്കാനും ആരവത്തോടുകൂടി പ്രാര്‍ത്ഥിക്കാനും അച്ചന് പ്രയാസം ഉണ്ടായിരുന്നില്ല. ഹൃദയാന്തരാളത്തില്‍ ദൈവത്തെ എല്ലായ്‌പ്പോഴും പൂജിച്ചു ജീവിക്കുന്ന ഒരു ഉപാസകനായിരുന്നു ആര്‍മണ്ടച്ചന്‍.

വിശ്വാസത്തിന്റെ നിറകുടം ‍

പ്രെയ്‌സ് ദി ലോര്‍ഡ് എന്ന് പറഞ്ഞ് ആരെയും അഭിസംബോധന ചെയ്തിരുന്ന ആര്‍മണ്ടച്ചന്‍ ദൈവ പരിപാലനയില്‍ പൂര്‍ണമായും ആശ്രയിച്ചിരുന്നു. ഉറച്ച വിശ്വാസം മാത്രമായിരുന്നു അച്ചനുണ്ടായിരുന്ന കൈമുതല്‍. കരിസ്മാറ്റിക് നവീകരണത്തിന് തുടക്കം കുറിക്കാനും രണ്ട് ധ്യാനമന്ദിരങ്ങള്‍ ഒന്നുമില്ലായ്മയില്‍നിന്നും പടുത്തുയര്‍ത്തുവാനും അച്ചന് കഴിഞ്ഞത് ഈ ദൃഢമായ വിശ്വാസമായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും വിജയത്തിലും പരാജയത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എല്ലാം ദൈവത്തെ ഹൃദയം തുറന്ന് സ്തുതിക്കാന്‍ അച്ചനെ പ്രാപ്തനാക്കിയത് കലര്‍പ്പില്ലാത്ത വിശ്വാസം ഒന്നുമാത്രമായിരുന്നു.

പിതാവായ ദൈവത്തിന്റെ പദ്ധതികള്‍ മക്കളുടെ നന്മയ്ക്കായിമാത്രം ഭവിക്കും എന്ന വിശ്വാസം അച്ചനില്‍ രൂഢമൂലമായിരുന്നതിനാല്‍ എല്ലായ്‌പ്പോഴും ശാന്തമായി ജീവിക്കാന്‍ അച്ചന് സാധിച്ചു. ഏതു കാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും അത് കിട്ടിക്കഴിഞ്ഞു എന്ന് വിശ്വസിച്ച് നന്ദിപറഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.

ഏറ്റവും കുറഞ്ഞ അളവില്‍ തൃപ്തിപ്പെടുക എന്നത് ഭക്ഷണത്തെയും വസ്ത്രത്തെയും മറ്റ് അവശ്യവസ്തുക്കളെയുംകുറിച്ച് അച്ചന്‍ എടുത്ത ഒരു നിലപാടായിരുന്നു. ദൈവം തന്ന സമ്പത്തിന്റെ ശരിയായ ഉപയോഗം അച്ചന് നന്നായി അറിയാമായിരുന്നു. അതിനാല്‍ത്തന്നെ പൊതുനന്മയ്ക്കുവേണ്ടി മെച്ചപ്പെട്ടതും സൗകര്യമുള്ളതുമായ കാര്യങ്ങള്‍ ഒരുക്കിയപ്പോഴും അദ്ദേഹം തനിക്കായി ഏറ്റവും കുറഞ്ഞ സൗകര്യങ്ങള്‍ തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. മുഷിഞ്ഞതും വൃത്തിഹീനവുമായ ജീവിതം നയിക്കുന്നുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയവരെപ്പോലും ഒരു പുഞ്ചിരികൊണ്ട് സമാശ്വസിപ്പിക്കുക മാത്രമാണ് അച്ചന്‍ ചെയ്തിരുന്നത്. അവസാന കാലഘട്ടമെങ്കിലും അല്‍പം സൗകര്യമുള്ള ഭരണങ്ങാനം ആശ്രമത്തില്‍ ചെലവഴിക്കണമെന്ന് അപേക്ഷിച്ചവരോട് അച്ചന്റെ മറുപടി ഇപ്രകാരമായിരുന്നു: ”എനിക്ക് വളരെ കുറച്ച് ആവശ്യങ്ങളേ ഉള്ളൂ. അതിനുപറ്റിയ സ്ഥലം പട്ടാരത്തെ ആ ചെറിയ വീടാണ്. ഞാന്‍ അവിടെ ഇനി സമയം ചെലവഴിച്ചുകൊള്ളാം.”

സ്‌നേഹത്തിന്റെ മൂര്‍ത്തരൂപം ‍

‘ആര്‍മണ്ടച്ചന്‍ സ്‌നേഹിക്കുക ആയിരുന്നില്ല സ്‌നേഹം ആയിത്തീരുക ആയിരുന്നു.’ ആര്‍മണ്ടച്ചന്റെ സ്‌നേഹം അനുഭവിച്ച ആരും പറയുന്ന വാക്കുകളാണിവ. ഓരോരുത്തരെയും അവരുടെ പ്രത്യേകത അറിഞ്ഞുകൊണ്ട് പരിഗണിക്കാനും സന്തോഷിപ്പിക്കാനും സമാശ്വസിപ്പിക്കാനുമുള്ള അച്ചന്റെ കഴിവ് അപാരമായിരുന്നു. സ്‌നേഹം ഉള്ളില്‍ വച്ചുകൊണ്ടിരിക്കുകയല്ല അത് പ്രകടിപ്പിക്കുകയും അതുമൂലം മറ്റുള്ളവരെ വളര്‍ത്തുകയും സന്തോഷിപ്പിക്കുകയും ആയിരുന്നു അച്ചന്‍ ചെയ്തത്.

ശിശുക്കളോടും പ്രായമായവരോടും ദരിദ്രരോടും അഗതികളോടും അവഗണിക്കപ്പെട്ടവരോടുമുള്ള അച്ചന്റെ പരിഗണനയും സ്‌നേഹവും ഒന്നു വേറെയായിരുന്നു. കൂടുതല്‍ ശ്രവിക്കുകയും അല്‍പംമാത്രം സംസാരിക്കുകയും ചെയ്യുക എന്നതായിരുന്നു അച്ചന്‍ അവലംബിച്ച മാര്‍ഗം. ഒരു മനുഷ്യനെപ്പോലും മുറിപ്പെടുത്താന്‍ അച്ചന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നു മാത്രമല്ല മറ്റുള്ളവര്‍ നല്‍കിയ വേദനകളുടെ പേരില്‍ ഒരിക്കലും അവരോട് അകല്‍ച്ച കാണിക്കാതെ ഒരു സ്‌നേഹിതനെപ്പോലെ അവരോട് പെരുമാറാനും അച്ചന് കഴിഞ്ഞിരുന്നു.

ദൈവാത്മാവിനെ ആര്‍മണ്ടച്ചന്‍ വിളിച്ചിരുന്നത് ‘ആത്മമിത്രം’ എന്നായിരുന്നു. അനുദിന ജീവിതത്തില്‍ ആത്മാവിന്റെ സ്പന്ദനങ്ങള്‍ക്ക് ഇത്രമാത്രം ചെവികൊടുത്ത വ്യക്തികള്‍ അപൂര്‍വമാണെന്ന് പറയാം. പ്രാര്‍ത്ഥനയിലൂടെ ആത്മാവിനോട് എല്ലായ്‌പ്പോഴും ആലോചന ചോദിച്ചിരുന്നു. ആത്മാവ് സ്ഥിരീകരിച്ചു എന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ അച്ചന്‍ നടപ്പാക്കിയിരുന്നുള്ളൂ. ദൈവഹിതമെന്ന് ഒരിക്കല്‍ ആത്മാവ് വെളിപ്പെടുത്തിക്കൊടുത്താല്‍ അതിനുവേണ്ടി ഏതറ്റം പോകാനും അച്ചന്‍ തയാറായിരുന്നു. നവീകരണമുന്നേറ്റത്തില്‍ അച്ചന്‍ കൈവരിച്ച നേട്ടങ്ങളുടെ എല്ലാം പിന്നില്‍ ഈ സത്യമാണ് കാണാന്‍ കഴിയുക. 2019 ജനുവരി 23നാണ് നാമകരണ നടപടി ആരംഭിച്ചത്. (ജീവചരിത്രത്തിന് കടപ്പാട്).

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 982