News - 2024

കുരിശിൻ ചുവട്ടിലെ സ്ത്രീ എന്റെയും നിങ്ങളുടെയും അമ്മ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 14

സിസ്റ്റർ റെറ്റി FCC 14-07-2024 - Sunday

"കഠിനവേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹബന്ധത്തിൽ എന്നെ ഉറപ്പിച്ചു നിർത്തിയത് കുരിശിൻ ചുവട്ടിലെ സ്ത്രീയാണ് " - വിശുദ്ധ അൽഫോൻസാ.

കുരിശിന് താഴെ നിൽക്കുന്ന പരിശുദ്ധ കന്യകാമറിയം കത്തോലിക്കാ ഭക്തി പാരമ്പര്യത്തിലെ തീക്ഷ്ണവും ശക്തവുമായ ഒരു ചിത്രമാണ്. മിശിഹായുടെ അമ്മയായ മറിയം കുരിശിന്റെ ചുവട്ടിൽ തന്റെ ക്രൂശിക്കപ്പെട്ട പുത്രനെ നോക്കി നിൽക്കുന്നു. ദൈവത്തിന്റെ പദ്ധതിയിലുള്ള മറിയത്തിൻ്റെ അചഞ്ചലമായ വിശ്വാസവും, അവളുടെ മാതൃസ്നേഹവും, തന്റെ പുത്രന്റെ മരണത്തിൽ അനുഭവിക്കുന്ന ദുഃഖവും മകന്റെ സഹനത്തിലും കഷ്ടപ്പാടിലും ഉള്ള അമ്മയുടെ പങ്കുചേരലുമെല്ലാം ഈ ചിത്രം പ്രതിനിധീകരിക്കുന്നു.

പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള അവളുടെ ദൃഢതയും, ദൈവീക പുണ്യങ്ങളിലുള്ള വളർച്ചയും മറിയത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. ഈ ചിത്രം അൽഫോൻസാമ്മയ്ക്ക് ഒത്തിരിയേറെ ശക്തിയും ധൈര്യവും പകർന്നു ഒന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട അൽഫോൻസാമ്മ, പരി. അമ്മയെ തന്റെ അമ്മയായി തിരഞ്ഞെടുത്തു. തന്റെ പുത്രനോടൊപ്പം സഹിച്ച പരി. അമ്മ അൽഫോൻസാമ്മയെ സംരക്ഷിച്ചു.

തന്റെ പ്രിയപുത്രന്റെ ഉഗ്രപീഡകൾക്കും കുരിശു മരണത്തിനും മൂകസാക്ഷിയായി പീഡകളെല്ലാം സ്വന്തമെന്നോണം ഹൃദയത്തിൽ അനുഭവിച്ച അമ്മയായിരുന്നു അൽഫോൻസാമ്മയ്ക്കും പീഡാസഹനത്തിന് ആശ്വാസമായും മധ്യസ്ഥയായും നിലകൊണ്ടത്. പരിശുദ്ധഅമ്മയെ തന്റെ അമ്മയായി കണ്ടു മാർഗ്ഗനിർദ്ദേശവും മധ്യസ്ഥവും എപ്പോഴും അൽഫോൻസാമ്മ തേടുമായിരുന്നു.

നോവിഷ്യറ്റുകാലത്ത് അൽഫോൻസാമ്മ തന്റെ ഡയറിയിൽ എഴുതി :"എന്റെ മധ്യസ്ഥയായും അമ്മയായും പരിശുദ്ധ കന്യകാമറിയത്തെ ഞാൻ തെരഞ്ഞെടുക്കുന്നു. എന്റെ വല്ലഭമുള്ള നാഥേ എനിക്ക് സ്വന്തമായിയാതൊന്നും ഇല്ലെന്ന് അവിടുത്തേക്ക് അറിയാമല്ലോ, വല്ലതും ഉണ്ടെങ്കിൽ അത് നിന്റെ തിരുക്കുമാരന്റെതാകുന്നു".

കുരിശിൻ ചുവട്ടിലെ സ്ത്രീയോട് പ്രാർത്ഥിച്ചു കൊണ്ടാണ് തന്റെ കൊടുംവേദനകളെ ധൈര്യത്തോടും സന്തോഷത്തോടും കൂടി സഹിച്ച് അവൾ ദൈവസമക്ഷം സമർപ്പിച്ചിരുന്നത്. വിശുദ്ധ അൽഫോൻസാമ്മ കൂടെക്കൂടെ ഉരുവിട്ടുകൊണ്ടിരുന്ന രണ്ട് സുകൃതജപങ്ങൾ പരിശുദ്ധ മാതാവിനോടുള്ളതായിരുന്നു: "പരിശുദ്ധ മറിയമേ, എന്റെ ഹൃദയം നിന്റെ പുത്രന് യോഗ്യമായ ഒരു വാസസ്ഥലം ആക്കണേ," "പരിശുദ്ധ മറിയമേ എന്റെ ഹൃദയം നിന്റെ ദിവ്യപുത്രന് ഇഷ്ടപ്പെട്ട ഒരു നിർമ്മല പുഷ്പം ആക്കണമേ."

കുരിശിൻ ചുവട്ടിലെ മാതാവാണ് കുരിശിൽ മരിച്ച ഈശോയിലേക്ക് തന്നെ അടുപ്പിച്ചത് എന്ന് അവൾ പറഞ്ഞിട്ടുണ്ട്. "എന്നെ സഹായിച്ചതുപോലെ നമ്മുടെ അമ്മ ഏത് ആവശ്യത്തിലും നിങ്ങളെയും സഹായിക്കുമെന്ന്" വിശുദ്ധ അൽഫോൻസാമ്മ വാഗ്ദാനം ചെയ്യുന്നു. നമുക്കും അൽഫോൻസാമ്മയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് അമ്മ മറിയത്തിൻ്റെ അടുക്കലേക്കു പോകാം... പരി. അമ്മ നമ്മളെ ഈശോയിൽ എത്തിക്കും.

More Archives >>

Page 1 of 982