News - 2024

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി ഇന്ത്യാനപോളിസിലേക്ക് പതിനായിരങ്ങള്‍

പ്രവാചകശബ്ദം 16-07-2024 - Tuesday

ഇന്ത്യാനപോളിസ്: ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനായി അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ പതിനായിരങ്ങള്‍ ഒത്തുചേരുന്നു. ദിവ്യകാരുണ്യത്തിലെ യേശുവിനെ കണ്ടുമുട്ടാൻ ആളുകള്‍ക്ക് പ്രചോദനം പകരുമെന്നാണ് മെത്രാന്‍മാര്‍ പ്രതീക്ഷിക്കുന്നത്. ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിലും ഇന്ത്യാന കൺവെൻഷൻ സെൻ്ററിലും നടക്കുന്ന അഞ്ച് ദിവസത്തെ കോൺഗ്രസ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസാണ്. അര്‍ലക്ഷത്തിലധിക കാലിഫോർണിയ, കണക്റ്റിക്കട്ട്, മിനസോട്ട, ടെക്സാസ് എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച് നാല് തീർത്ഥാടന റൂട്ടുകളിലായി 6,500 മൈൽ ദിവ്യകാരുണ്യ പര്യടനം നടന്നിരിന്നു.

വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍. ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കണ്‍സിന്റേയും, ‘ക്ലിക്ക് കോണ്‍ കൊറാസോണ്‍ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോണ്‍ ബേണ്‍സ് എന്നിവരും പ്രഭാഷകരില്‍ ഉള്‍പ്പെടുന്നുണ്ട്.

അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ നവീകരണത്തിന് പദ്ധതിയിട്ടത്. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍). ഇതിന്റെ ഭാഗമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നു ഫ്രാന്‍സിസ് പാപ്പ അടുത്തിടെ പറഞ്ഞിരിന്നു.

More Archives >>

Page 1 of 983