News - 2024

ബാംഗ്ലൂർ അതിരൂപതയ്ക്കു രണ്ട് സഹായ മെത്രാന്മാരെ നിയമിച്ച് പാപ്പ

പ്രവാചകശബ്ദം 15-07-2024 - Monday

റോം: കര്‍ണ്ണാടകയിലെ ബാംഗ്ലൂർ അതിരൂപതയ്ക്കു രണ്ട് സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ബാംഗ്ലൂർ അതിരൂപതയുടെ ചാൻസലർ ഫാ. ആരോക്യ രാജ് സതിസ് കുമാർ (47), സേക്രഡ് ഹാർട്ട് ചർച്ച് ഇടവക വികാരി ഫാ. ജോസഫ് സൂസൈനാഥൻ (60) എന്നിവരെയാണ് ഫ്രാന്‍സിസ് പാപ്പ മെത്രാന്‍ പദവിയിലേക്ക് നിയമിച്ചത്. 134 ഇടവകകളിലായി ബാംഗ്ലൂർ അതിരൂപതയിൽ 3,60,561 കത്തോലിക്ക വിശ്വാസികളാണുള്ളത്. 157 രൂപത വൈദികര്‍ സേവനമനുഷ്ഠിക്കുന്നു. ബാംഗ്ലൂർ അർബൻ, ബാംഗ്ലൂർ റൂറൽ, ചിക്ക്ബെല്ലാപൂർ, കോലാർ, രാംനഗര, തുംകൂർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന 27,014 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് അതിരൂപത സ്ഥിതി ചെയ്യുന്നത്.

1977 സെപ്റ്റംബർ 5-ന് ബാംഗ്ലൂരിലാണ് ഫാ.ആരോക്യ രാജ് സതീസ് കുമാർ ജനിച്ചത്. മംഗലാപുരം രൂപതയിലെ സെൻ്റ് ജോസഫ് സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 2007 മെയ് 2-ന് ബാംഗ്ലൂർ അതിരൂപതയിൽ വൈദികനായി. സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തീഡ്രൽ, മല്ലേശ്വരത്തെ ക്രൈസ്റ്റ് ദി കിംഗ് (2007-2010) എന്നിവിടങ്ങളില്‍ വൈദികനായി സേവനമനുഷ്ഠിച്ച അദ്ദേഹം സെൻ്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഭവൻ ഭക്തി മൈനർ സെമിനാരി റെക്ടര്‍, തുംകൂരിലെ ലൂര്‍ദ് പാരിഷ് അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

1964 മെയ് 14ന് ബാംഗ്ലൂരിലാണ് ഫാ.ജോസഫ് സൂസൈനാഥന്റെ ജനനം. തിരുച്ചിറപ്പള്ളി രൂപതയിലെ സെൻ്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രവും, സെൻ്റ് പോൾസ് സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ചു. 1990 മെയ് 15-ന് ബാംഗ്ലൂർ അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. തുടര്‍ന്നു വിവിധയിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിരിന്നു. 1940 ഫെബ്രുവരി 13-ന് മൈസൂരില്‍ നിന്നു വിഭജിച്ചാണ് ബാംഗ്ലൂര്‍ രൂപത പിറവിയെടുത്തത്. 1953-ൽ അതിരൂപതയായി ഉയര്‍ത്തപ്പെടുകയായിരിന്നു.

More Archives >>

Page 1 of 982