News

60000 വിശ്വാസികള്‍, 1600 വൈദികര്‍, 1236 സന്യാസിനികള്‍: അമേരിക്കയില്‍ "പുതിയ പെന്തക്കുസ്താ"യ്ക്കു തുടക്കമിട്ട് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം

പ്രവാചകശബ്ദം 22-07-2024 - Monday

ഇന്ത്യാനപോളിസ്: പതിനായിരങ്ങള്‍ക്ക് വലിയ ആത്മീയ ഉണര്‍വ് സമ്മാനിച്ച അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. ഇന്ത്യാനപോളിസിലെ ലുക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ജൂലൈ 17 മുതല്‍ നടന്നുവരികയായിരിന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക ദൂതനായി എത്തിയ കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ ടാഗ്ലെയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് സമാപിച്ചത്. 60,000 വിശ്വാസികളും ആയിരത്തിഅറുനൂറിലധികം വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും ബിഷപ്പുമാരും കർദ്ദിനാളുമാരും 1236 സന്യാസിനികളുംതിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കായി.

എന്‍‌എഫ്‌എല്‍ ഫുട്ബോൾ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരിന്നു ബലിയര്‍പ്പണം. നമുക്ക് തീക്ഷ്ണതയോടെയും സന്തോഷത്തോടെയും യേശുവിനെ പ്രഘോഷിക്കാൻ പോകാമെന്നു കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ പറഞ്ഞു. സഭയ്ക്ക് വേണ്ടത് ഒരു പുതിയ പെന്തക്കുസ്തയാണ്. സഭ സുവിശേഷത്തോട് വിശ്വസ്തത പുലർത്തണം. നമ്മൾ ജനിച്ചത് ഈ കാലത്തിനാണ്. ദൈവത്തിൻ്റെ വചനവും ദൈവത്തിൻ്റെ സത്യവും അടിയന്തിരമായി കേൾക്കേണ്ട ഒരു ലോകത്തേക്ക് തിടുക്കത്തിൽ പോകേണ്ട സമയമാണിതെന്നും കർദ്ദിനാൾ ലൂയിസ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 17-21 തീയതികളിൽ നടന്ന അഞ്ച് ദിവസത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാൻ 50 സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങളാണ് ദീര്‍ഘദൂര യാത്ര നടത്തി ഇന്ത്യാനപോളിസില്‍ എത്തിയത്. വിശുദ്ധ കുർബാനയുടെ സമാപനത്തില്‍ യേശുവിൻ്റെ കുരിശുമരണത്തിന് ശേഷം 2000 വർഷം പിന്നിടുന്ന 2033-ൽ മറ്റൊരു ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടത്താൻ യുഎസ് ബിഷപ്പുമാർ പദ്ധതിയിടുന്നതായി ക്രൂക്ക്സ്റ്റണിലെ ബിഷപ്പ് ആൻഡ്രൂ കോസെൻസ് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ദിവ്യകാരുണ്യ കോണ്‍ഗ്രസിനിടെ സീറോ മലബാര്‍ റീത്തിലും ബലിയര്‍പ്പണം നടന്നിരിന്നു.

വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കോസെൻസ്, ന്യൂയോര്‍ക്ക് അതിരൂപത സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട്, ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കണ്‍സിന്റേയും, ‘ക്ലിക്ക് കോണ്‍ കൊറാസോണ്‍ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോണ്‍ ബേണ്‍സ്, ചോസണ്‍ സീരീസിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച ജോനാഥന്‍ റൂമി ഉള്‍പ്പെടെ നിരവധി പേര്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തിയിരിന്നു.

2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ വിശ്വാസ നവീകരണത്തിന് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായാണ് ദീര്‍ഘമായ പ്രാര്‍ത്ഥനയ്ക്കും ഒരുക്കങ്ങള്‍ക്കും ശേഷം ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.



More Archives >>

Page 1 of 984