News - 2024

വജ്ര ജൂബിലി നിറവിൽ പാലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ

പ്രവാചകശബ്ദം 20-07-2024 - Saturday

അമ്മാന്‍: വത്തിക്കാന് കീഴിലുള്ള പൊന്തിഫിക്കൽ മിഷൻ പാലസ്തീനിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 75 വർഷങ്ങൾ പൂർത്തിയാകുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ കാലത്താണ് പാലസ്തീനിലെ ജനതയ്ക്കുവേണ്ടി പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജൂലൈ പതിനേഴാം തീയതി ചൊവ്വാഴ്ച്ച ജോർദാനിലെ അപ്പസ്തോലിക പ്രതിനിധി ആർച്ചുബിഷപ്പ് ജാൻപിയെത്രോ ദൽ തോസോയുടെ മുഖ്യകാർമ്മികത്വത്തിൽ അമ്മാനിലെ പടിഞ്ഞാറൻ പ്രദേശമായ സ്വീഫിഹിൽ നസറത്തിലെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്ന ദേവാലയത്തിൽ വജ്ര ജൂബിലി അനുസ്മരണാര്‍ത്ഥം വിശുദ്ധ ബലിയർപ്പിച്ചു. ആഘോഷമായ ചടങ്ങിൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു.

നിരവധി വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരിന്നു. പാലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ ഡയറക്ടർ ജനറൽ റെയ്ദ് അൽ-ബാഹോയും, നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പന്ത്രണ്ടാം പീയൂസ് പാപ്പായുടെ നിർദേശാനുസരണം പലസ്തീൻ ജനതയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ച മിഷൻ്റെ പ്രവർത്തനത്തെ പ്രശംസിച്ചു. 1948- ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ, പാലസ്തീനിയൻ അറബ് ജനതയുടെ പലായനം ചരിത്രസത്യമായി നിലകൊള്ളുമ്പോൾ, ഇന്നും പാലസ്തീനികളായ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും ചടങ്ങിൽ അനുസ്മരിച്ചു.

ഈ ദുരിതാവസ്ഥകളിൽ കർത്താവ് നമ്മെ കൈവിടുകയില്ലെന്നും, നമ്മെ രക്ഷിക്കുവാൻ തന്റെ പുത്രനെ അയച്ച ദൈവം ഇന്നും നമ്മെ പരിപാലിക്കുമെന്നും ആർച്ച് ബിഷപ്പ് വചനസന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. ഇന്നും മധ്യപൂർവ്വേഷ്യയിലെ ദുരിതങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെയും ഫ്രാൻസിസ് പാപ്പായുടെയും പ്രത്യേകമായ പരിഗണയിൽ ഉണ്ടെന്നും, ബന്ദികളുടെ മോചനത്തിനും, വെടിനിർത്തലിനും, ഇരുരാഷ്ട്ര സ്ഥാപനത്തിനുമുള്ള ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥനകളും നൂൺഷ്യോ ഓർമ്മിപ്പിച്ചു.

അടിയന്തര സഹായം നൽകൽ മുതൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സഹായം, പോസ്റ്റ് ട്രോമാറ്റിക് കൗൺസിലിങ്ങ് ഉള്‍പ്പെടെ വിവിധ മേഖലകളിലായി പാലസ്തീനിലെ പൊന്തിഫിക്കൽ മിഷൻ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുന്നുണ്ട്.

More Archives >>

Page 1 of 985