News - 2024

അൽഫോൻസ: മിഷൻ ചൈതന്യം നിറഞ്ഞ വലിയ മിഷ്ണറി | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 26

പ്രവാചകശബ്ദം 26-07-2024 - Friday

"ഓ പരിശുദ്ധ ത്രിത്വൈക ദൈവമേ, നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എല്ലാവരാലും സ്നേഹിക്കപ്പെടാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു" - വിശുദ്ധ അൽഫോൻസ.

സഭയിൽ ജീവിച്ചുകൊണ്ട് ക്രിസ്തുവിന് സാക്ഷികൾ ആകാൻ വിളിക്കപ്പെട്ടവരും അവിടുത്തെ സുവിശേഷം ലോകത്തിന്റെ അതിർത്തികൾ വരെ പ്രഘോഷിക്കാൻ അയക്കപ്പെട്ടവരുമാണ് ഓരോ ക്രിസ്ത്യാനിയും. സഭയിൽ ജീവിച്ചുകൊണ്ട് വേണം ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക. ക്രിസ്തുവാകുന്ന മഹാരഥത്തിൽ രക്ഷ കണ്ടെത്തിയവരുടെ കൂട്ടായ്മയാണ് സഭ. "അവരെല്ലാവരും ഒന്നായിരിക്കുവാൻ വേണ്ടി പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു" ( Jn:17/21).

പ്രേഷിത പ്രവർത്തനം നടത്തിക്കൊണ്ട് നാം ക്രിസ്തുവിന് സാക്ഷ്യം നൽകണം. ദൈവാനുഭവത്തിന്റെ പങ്കുവെക്കലാണ് പ്രേഷിത പ്രവർത്തനം. "ആദ്യം മുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചത് മായ ജീവന്റെ വചനത്തെ പറ്റി ഞങ്ങൾ അറിയിക്കുന്നു" (1Jn:1/1) ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിലൂടെയും സഹനത്തിലൂടെയും നീതീകരണം നേടിയ വിശുദ്ധ അൽഫോൻസാമ്മ പ്രേഷിതത്വത്തിന്റെ ഉദാത്ത മാതൃകയാണ്. സുവിശേഷമായ ഈശോയെ അടുത്തറിയുവാൻ എന്നും പരിശ്രമിച്ചിരുന്ന അൽഫോൻസാമ്മയുടെ ആത്മാക്കളുടെ രക്ഷയിലും സുവിശേഷത്തിന്റെ പ്രഘോഷണത്തിലുമുള്ള വ്യഗ്രതയും, ശ്രദ്ധയും അനന്യമാണ്.

സ്വർഗ്ഗത്തെ ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന സഭയ്ക്കുള്ള ഒരു നാഴികല്ലും ചൂണ്ടുപലകയും ആണ് ആത്മീയ അനുഗ്രഹങ്ങളുടെ നിറവായ അൽഫോൻസാമ്മ. മിഷനറിമാരോടും മിഷൻ പ്രവർത്തനത്തോടും അൽഫോൻസാമ്മയ്ക്ക് വലിയ അഭിനിവേശം ഉണ്ടായിരുന്നു. അക്രൈസ്തവരെല്ലാവരും ക്രിസ്തുവിന്റെ അനുയായികളായി തീരണമെന്ന് അവൾ തീഷ്ണമായി ആഗ്രഹിച്ചിരുന്നു.

ഒരിക്കൽ അൽഫോൻസാമ്മ ടാക്സിയിൽ ദീർഘയാത്ര നടത്താൻ ഇടയായി. ഡ്രൈവർ ഒരു അക്രൈസ്തവനായിരുന്നു. ക്രിസ്തീയ വിശ്വാസത്തെയും അതിന്റെ ആധ്യാത്മിക സൗന്ദര്യത്തെയും പറ്റി അവൾ വളരെ ആവേശത്തോടെ ആ ഡ്രൈവറോട് സംസാരിച്ചു. കത്തോലിക്കാ സഭയിൽ ചേരാൻ അയാളെ സ്നേഹപൂർവ്വം ഉപദേശിച്ചു. ഭർത്താവ് വീട്ടിൽനിന്ന് ഇറക്കിവിട്ട ഒരു ഹിന്ദു സ്ത്രീയും കുട്ടിയും ഒരിക്കൽ ഭരണങ്ങാനം മഠത്തിൽ അഭയം തേടി. കുറേക്കാലം അവർ അവിടെ താമസിച്ചു. അൽഫോൻസാമ്മ ആ സ്ത്രീയെ ക്രിസ്തുമത തത്വങ്ങൾ പഠിപ്പിക്കുകയും ഭർത്താവുമായി രമ്യതപ്പെടുത്തുകയും ചെയ്തു. ആ സ്ത്രീ ക്രിസ്തുമതത്തിൽ ചേരാൻ സന്നദ്ധയായിരുന്നു പക്ഷേ അവരുടെ ഭർത്താവ് സമ്മതിച്ചില്ല.

ചങ്ങനാശ്ശേരി രൂപത ആന്ധ്രയിൽ വിശാഖപട്ടണം രൂപതയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് ശക്തമായ സാമ്പത്തിക സഹായം ചെയ്തിരുന്നു. വിദ്യാർത്ഥിനി ആയിരുന്നപ്പോൾ തന്നെ മിഷനു വേണ്ടിയുള്ള രൂപതയുടെ ധനസമാഹരണത്തിൽ അൽഫോൻസാമ്മ വളരെ ആവേശത്തോടെ സഹകരിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പ്രേക്ഷിത സംഘടനയായ ചെറുപുഷ്പ മിഷൻലീഗ് വിശുദ്ധ അൽഫോൻസാമ്മയുടെ മാനസപുത്രിയാണ്. അവളുടെ ഉപദേശത്തിന്റെയും മാധ്യസ്ഥത്തിന്റെയും ഫലമാണ്. മിഷൻ രംഗത്ത് ഒരിക്കലും കാലുകുത്തിയിട്ടില്ലെങ്കിലും ഒരു മഹാപ്രേഷിതയാണ് അൽഫോൻസാമ്മ. നിശബ്ദമായ പ്രേക്ഷിതത്വമായിരുന്നു വിശുദ്ധ അൽഫോൻസാമ്മയുടേത്.

ദൈവ മഹത്വം, ദൈവത്തെ പ്രീതിപ്പെടുത്തൽ, മനുഷ്യരുടെ നന്മ ഇവയായിരുന്നു അവരുടെ ജീവിത ലക്ഷ്യങ്ങൾ. സഹനങ്ങളെ സഭയുടെ പ്രേക്ഷിത പ്രവർത്തനത്തിൽ പങ്കുചേരാനുള്ള ഉപാധിയാക്കി അവൾ മാറ്റി. ഈ രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും മുമ്പിൽ ക്രൈസ്തവ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ട നാം ഓരോരുത്തരും. അതിന് അൽഫോൻസാമ്മയുടെ പ്രേഷിത മാതൃകയും മധ്യസ്ഥവും സഭയ്ക്ക് പ്രചോദനവും ഊർജ്ജവും പകരട്ടെ. വിശുദ്ധ അൽഫോൻസാമ്മയുടെ മഹത്വം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തട്ടെ.

More Archives >>

Page 1 of 988