News

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ യുവതിയ്ക്ക് നേരെ ഇസ്ലാം മതസ്ഥരുടെ കൂട്ട ആക്രമണം

പ്രവാചകശബ്ദം 09-08-2024 - Friday

ഫൈസലാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ യുവതിയ്ക്ക് നേരെ ഇസ്ലാം മതസ്ഥരുടെ കൂട്ട ആക്രമണം. ഗോജ്ര തഹസിൽ കതോർ ഗ്രാമത്തിലെ ജനക്കൂട്ടം രണ്ട് കുട്ടികളുടെ അമ്മയും ക്രൈസ്തവ വിശ്വാസിയുമായ സൈമ മസിഹിനെയാണ് (32) അക്രമികള്‍ കൊല്ലാൻ ശ്രമിച്ചത്. ഖുർആനിൻ്റെ പേജുകൾ അവഹേളിച്ച് ഇസ്ലാമിക മതവികാരം വ്രണപ്പെടുത്തിയെന്നു മുഹമ്മദ് ഹൈദർ എന്ന വ്യക്തി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ആക്രമണം. പോലീസ് കൃത്യസമയത്ത് അവിടെയെത്തിയില്ലായിരിന്നെങ്കിൽ ജനക്കൂട്ടം സൈമയെ തല്ലിക്കൊല്ലുമായിരിന്നുവെന്ന് മൈനോറിറ്റീസ് അലയൻസ് പാക്കിസ്ഥാൻ അറ്റോർണി അക്മൽ ഭാട്ടി വെളിപ്പെടുത്തി.

ഇതിനിടെ ആൾക്കൂട്ടം ഗ്രാമത്തിലെ മറ്റ് ചില ക്രിസ്ത്യൻ നിവാസികളെയും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ജീവൻ രക്ഷിക്കാൻ അവര്‍ ജീവരക്ഷാര്‍ത്ഥം വീടുകൾ വിട്ട് വയലുകളിലാണ് അഭയം പ്രാപിച്ചത്. ക്രിസ്ത്യൻ യുവതിക്കെതിരായ ആരോപണം മുസ്ലീം അയൽവാസികളുടെ വ്യക്തിപരമായ പകയിൽ വേരൂന്നിയതാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അയൽവാസിയായ ഹൈദർ തന്നോട് ഒരു ഒഴിഞ്ഞ ചാക്ക് ചോദിച്ചതായും അത് അയാൾക്ക് നൽകിയതായും അവൾ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം ഹൈദർ മറ്റ് ചില മുസ്ലീങ്ങളോടൊപ്പം മടങ്ങിയെത്തി, ഖുർആനിൻ്റെ മലിനമായ പേജുകൾ ചാക്കിലുണ്ടായിരിന്നുവെന്ന് ആരോപിക്കുകയായിരിന്നു.

ഇതിനെ കുറിച്ച് വ്യാജ പ്രചരണം അതിവേഗം വ്യാപിച്ചപ്പോള്‍ 250-300 മുസ്ലീങ്ങൾ അടങ്ങുന്ന ഒരു ജനക്കൂട്ടം പ്രതിഷേധവുമായി പ്രധാന ഹൈവേ തടഞ്ഞിരിന്നു. ഗ്രാമത്തിൽ 30 മുതൽ 35 വരെ ക്രിസ്ത്യൻ കുടുംബങ്ങളുണ്ട്. കൂട്ടമായി എത്തിയ ഇസ്ലാം മതസ്ഥര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരിന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അക്മൽ ഭാട്ടി പറയുന്നു. അക്രമത്തിന് പിന്നാലെ പോലീസിന് സമ്മര്‍ദ്ധം ഉയര്‍ന്നതിനെ തുടര്‍ന്നു കത്തോലിക്ക വിശ്വാസിയായ യുവതിയെ അറസ്റ്റ് ചെയ്തു. സുരക്ഷാഭീഷണിയെ തുടര്‍ന്നു അവരുടെ കുടുംബം ഒളിവിൽ പോയിരിക്കുകയാണ്.

ഖുർആനെ അപകീർത്തിപ്പെടുത്തി എന്ന വ്യാജ പ്രചരണത്തില്‍ അറസ്റ്റ് ചെയ്ത യുവതിക്ക് സെക്ഷൻ 295-ബി പ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാനിലെ ഭൂരിപക്ഷ സമൂഹം ക്രൈസ്തവര്‍ക്ക് നേരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവങ്ങളില്‍ ഏറ്റവും ഒടുവില്‍ നടന്ന സംഭവമാണ് ഇത്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ ക്രൈസ്തവര്‍ ഇപ്പോഴും ഭീതിയിലാണ്. സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

More Archives >>

Page 1 of 993