News - 2024

വിശുദ്ധ മോനിക്ക പുണ്യവതിയുടെ ശവകുടീരത്തിൽ പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 28-08-2024 - Wednesday

റോം: സെൻ്റ് അഗസ്റ്റിൻ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മോനിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ചൊവ്വാഴ്ച പാപ്പ തികച്ചും അപ്രതീക്ഷിതമായ സന്ദർശനം നടത്തുകയായിരിന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. വിശുദ്ധ മോനിക്കയുടെ തിരുനാള്‍ ദിനത്തിലാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. റോമിലെ ചരിത്ര കേന്ദ്രമായ പിയാസ നവോനയ്ക്ക് സമീപമാണ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

മോനിക്ക പുണ്യവതിയുടെ ശവകുടീരം അടങ്ങിയ സൈഡ് ചാപ്പലിൽ മാർപാപ്പ അല്‍പ്പസമയം പ്രാർത്ഥിച്ചു. ഇതാദ്യമായല്ല ഫ്രാൻസിസ് മാർപാപ്പ സെൻ്റ് അഗസ്റ്റിൻ ബസിലിക്കയിൽ അപ്രതീക്ഷിത സന്ദർശനം നടത്തുന്നത്. 2013 ഓഗസ്റ്റ് 28-ന് വിശുദ്ധ അഗസ്റ്റിൻ്റെ തിരുനാൾ ദിനത്തിൽ ബസിലിക്കയിൽ കുർബാന അർപ്പിച്ച പാപ്പ, 2020-ലെ തിരുനാൾ ദിനത്തിൽ വിശുദ്ധ മോനിക്കയുടെ ശവകുടീരം സന്ദർശിച്ചിരിന്നു.

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോനിക്കയെ പട്രീഷിയസ് എന്ന വിജാതിയനെയാണു മാതാപിതാക്കൾ അവൾക്കു ഭർത്താവായി നൽകിയത്. വിജാതീയരായ പട്രീഷിയസും അമ്മയും ക്രിസ്തു വിശ്വാസത്തിലേക്കു മാനസാന്തരപ്പെടുന്നത് വി. മോനിക്കായുടെ ജീവിതമാതൃകയും ക്ഷമയും ദയയും തിരിച്ചറിഞ്ഞാണ്. സ്ഥിരതയോടെ പ്രാർത്ഥിക്കുന്നതിനു ഉത്തമ ഉദാഹരണമായ വി. മോനിക്ക മകനായ അഗസ്തീനോസിന്റെ മാനസാന്തരത്തിനായി പതിനേഴു വർഷമാണ് കണ്ണീരോടെ പ്രാർത്ഥിച്ചത്.

പല തവണ അമ്മുടെ ആവശ്യം അഗസ്റ്റിൻ നിഷേധിചെങ്കിലും മകനെ സ്നേഹിക്കുന്നതിലും അവനു വേണ്ടി പ്രാർത്ഥിക്കുന്നതിലും ആ അമ്മ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാന മാത്രം ഭക്ഷിച്ചു വിശുദ്ധ മോനിക്ക ഉപവാസം അനുഷ്ഠിച്ചിരുന്നു. ഈ പ്രാര്‍ത്ഥനയാണ് അഗസ്തിന്റെ മാനസാന്തരത്തിന് വഴിക്കാട്ടിയായത്. ഭാര്യമാർ, അമ്മമാർ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ മധ്യസ്ഥയാണ് വി. മോനിക്ക.

More Archives >>

Page 1 of 998