News - 2024

സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം

പ്രവാചകശബ്ദം 31-08-2024 - Saturday

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം അനുഭവപ്പെട്ടത്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി കാര്യങ്ങൾ സിനഡുപിതാക്കന്മാരുടെ പരിചിന്തനത്തിനു വിഷയമായി.

പ്രകൃതി ദുരന്തങ്ങൾ

വയനാട്ടിലും വിലങ്ങാടും സംഭവിച്ച സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവരെ സിനഡു പ്രാർഥനാപൂർവം അനുസ്മരിച്ചു. ഉറ്റവരെയും ഉടയവരെയും മാത്രമല്ല ഉള്ളതെല്ലാം നഷ്ടപ്പെട്ട് അനാഥരായിത്തീർന്ന ദുരിതബാധിതർക്കൊപ്പം കേരളമൊന്നാകെ നിലകൊണ്ടതു നമ്മുടെ സമൂഹത്തിന്റെ നന്മയും പ്രത്യാശയുടെ പ്രകാശവുമാണ്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സംരംഭത്തിൽ സഭയുടെ സമ്പൂർണമായ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ കത്തോലിക്കാ മെത്രാൻസമിതികളുടെ സഹകരണത്തോടെ ഭവനങ്ങൾ നിർമിച്ചുനല്കാനും ഭൂരഹിതരായവർക്കു ഭവന നിർമാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്കാനുമുള്ള സഭയുടെ സന്നദ്ധത ഉത്തരവാദിത്വപ്പെട്ടവരെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. പുനരധിവാസപ്രക്രിയ ത്വരിതഗതിയിലാക്കാനും ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരപാക്കേജുകൾ സത്വരമായി പ്രഖ്യാപിക്കാനും സിനഡുസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാം ‘അധിവസിക്കുന്ന പൊതുഭവനം’ എന്നു ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ച നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, പരിസ്ഥിതിക്ക് ആഘാതംവരുത്തുന്ന വിവിധ ഖനനങ്ങൾക്കും വൻകിട നിർമാണങ്ങൾക്കും നേരേ കണ്ണടയ്ക്കുകയും കർഷകരെ പരിസ്ഥിതിഘാതകരായി ചിത്രീകരിക്കുകയും ചെയ്യുന്ന തെറ്റായ പരിസ്ഥിതിവാദത്തെ സഭ തിരിച്ചറിയുന്നുണ്ട്.

പ്രകൃതിദുരന്തങ്ങളുടെ മറവിൽ കർഷകദ്രോഹപരമായ നടപടികളാരംഭിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ അപലപനീയമാണ്. പരിസ്ഥിതിലോലപ്രദേശങ്ങളായി കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെടുത്തിക്കൊണ്ടു കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം മലയോരകർഷകരിൽ ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ആയുസ്സുമുഴുവനും അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം കൃഷിഭൂമി മൂല്യരഹിതമായിത്തീരുന്ന ദയനീയമായ സാഹചര്യമാണ് ഇൗ വിജ്ഞാപനംവഴി കർഷകർക്കുണ്ടായിരിക്കുന്നത്.

ആഗോളതാപനംവഴിയുള്ള അതിവർഷംതുടങ്ങി പ്രകൃതിദുരന്തങ്ങളുടെ യഥാർഥ കാരണം വിശദീകരിക്കുന്ന ശാസ്ത്രീയപഠനങ്ങളെ നിരാകരിച്ചുകൊണ്ട് കർഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. ഇക്കാര്യത്തിൽ കർഷകരുടെ ആശങ്കയകറ്റാനുള്ള വ്യക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി

സീറോമലബാർസഭയുടെ അഞ്ചാമതു മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയ്ക്കു ആഗസ്റ്റ് 22 മുതൽ 25 വരെ പാലാ രൂപതയിലെ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടും സെന്റ് തോമസ് കോളേജും സംയുക്തമായി ആതിഥേയത്വം വഹിച്ചു. സംഘാടകമികവുകൊണ്ടും കൂട്ടായ്മയുടെ സാക്ഷ്യംകൊണ്ടും ചർച്ചാവിഷയങ്ങളുടെ കാലികപ്രസക്തി കൊണ്ടും ഇത്തവണത്തെ അസംബ്ലി ഏറെ ശ്രദ്ധേയമായിരുന്നു. വിശ്വാസപരിശീലനത്തിലെ നൂതനാഭിമുഖ്യങ്ങൾ, മിഷൻപ്രവർത്തനത്തിലെ അല്മായരുടെ പങ്കാളിത്തം, സീറോമലബാർ സമുദായശക്തീകരണം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള പഠനങ്ങളും പരിചിന്തനങ്ങളുമാണ് അസംബ്ലിയിൽ പ്രധാനമായും നടന്നത്.

സീറോമലബാർസഭയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ഉൾപ്പെടുന്ന 348 അംഗങ്ങളാണ് അസംബ്ലിയിൽ പങ്കെടുത്തത്. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിർണയിക്കാൻ സഹായകമായ ശ്രദ്ധേയമായ തീരുമാനങ്ങളും കർമപദ്ധതികളും അസംബ്ലിയിൽ രൂപീകരിച്ചിട്ടുള്ളത് വിശദമായി നിങ്ങളെ പിന്നീട് അറിയിക്കുന്നതാണ്.

മുല്ലപ്പെരിയാർ ഡാമിന്റെ കാലപ്പഴക്കംമൂലമുള്ള ദുർബലാവസ്ഥ കേരളത്തിന്റെ മൂന്നിലൊരു ഭാഗത്തിനു നാശംവരുത്താൻ പര്യാപ്തമായ ഭീഷണിയായി വളർന്നിട്ടുണ്ട്. "തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷിതത്വവുമെന്ന’ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടു ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള സത്വരനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നു സഭാ അസംബ്ലി സർക്കാരിനോടു ആവശ്യപ്പെട്ടു.

ന്യൂനപക്ഷമായ കൈ്രസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ടു പ്രസിദ്ധീകരിക്കാനോ നിർദേശങ്ങൾ നടപ്പിലാക്കാനോ സർക്കാർ നാളിതുവരെ യാതൊന്നും ചെയ്തില്ല എന്ന സത്യം കൈ്രസ്തവസമൂഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സുതാര്യവും നീതിപൂർവകവുമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു സഭ ആവശ്യപ്പെടുന്നു.

കുടുംബ പ്രാർത്ഥന

നമ്മുടെ കുടുംബങ്ങളുടെ ശക്തികേന്ദ്രം നിത്യേനയുള്ള കുടുംബപ്രാർഥനകളായിരുന്നു. തലമുറകളെ വിശ്വാസപാരമ്പര്യത്തിലും സഭാസ്നേഹത്തിലും നിലനിറുത്തുന്നതിൽ കുടുംബപ്രാർത്ഥനയ്ക്കുള്ള പങ്കു വലുതാണ്. എന്നാൽ, ജോലിത്തിരക്കുകൾമൂലവും കുടുംബാംഗങ്ങൾ വിവിധ ദേശങ്ങളിൽ ആയിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ പവിത്രമായ കുടുംബപ്രാർഥനാസംസ്കാരത്തിനു കുറവുവന്നിട്ടുള്ളതായി സിനഡു വിലയിരുത്തി. നമ്മുടെ കുടുംബങ്ങളുടെ കൂട്ടായ്മയെയും നിലനില്പിനെയും പരിപോഷിപ്പിക്കുന്ന കുടുംബപ്രാർഥനാരീതി അവികലമായി നിലനിറുത്താൻ എല്ലാ കുടുംബാംഗങ്ങളും പരിശ്രമിക്കണം.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണം

നമ്മുടെ സഭയുടെ ഏകീകൃത കുർബാനക്രമം എല്ലാ രൂപതകളിലും നടപ്പിലാക്കാനുള്ള 2021 ലെ സിനഡുതീരുമാനം സഭയിലുടനീളം മാറ്റമില്ലാതെ തുടരുന്നതാണ്. എന്നാൽ, ഇൗ തീരുമാനം പൂർണമായും നടപ്പിലാക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഃഖകരമാണ്. സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്. ഇതിന്റെ ഭാഗമായി, ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ ചൊല്ലിത്തുടങ്ങുന്ന പള്ളികളിലെ വൈദികർക്കു സഭാപരമായ നടപടികളിൽനിന്നു താത്ക്കാലികമായി ഇളവുനല്കുമെന്ന് അറിയിച്ചിരുന്നു.

ഏകീകൃത കുർബാനയർപ്പണം അതിരൂപതമുഴുവനിലും നടപ്പിലാക്കാനായി ബോധവത്ക്കരണത്തിനുവേണ്ടിയുള്ള സാവകാശമായിട്ടാണ് ഇൗ ഇളവു നല്കിയത്. ഇൗ നിർദേശം നൂറിലധികം പള്ളികളിൽ നടപ്പിലായെങ്കിലും അതിരൂപതയിലെ മറ്റു പള്ളികൾ ഇക്കാര്യത്തിൽ പുലർത്തുന്ന വൈമുഖ്യത്തെ യാതൊരു വിധത്തിലും നീതീകരിക്കാനാവില്ല. ഇത്തരം നിലപാടുകൾ കുറ്റകരമായിക്കണ്ടു നടപടികൾ സ്വീകരിക്കുന്നതാണ്. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കിയ പള്ളികളിൽ പലതിലും ആത്മാർഥമായ സമീപനം പ്രകടമായില്ല എന്ന പരാതി നിലവിലുണ്ട്.

ഒരുമിച്ചുനടക്കാനുള്ള സിനഡിന്റെ പരിശ്രമങ്ങളെ ശരിയായ അർഥത്തിൽ മനസ്സിലാക്കി സഹകരിക്കാൻ എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരോടും സമർപ്പിതരോടും അല്മായരോടും സിനഡ് ആവശ്യപ്പെടുകയാണ്. ഏറെ വെല്ലുവിളികൾക്കിടയിലും അപ്പസ്തോലികധീരതയോടെ സിനഡിന്റെ തീരുമാനം നടപ്പിലാക്കിയ വൈദികരെയും ഇടവകകളെയും സിനഡ് ആദരപൂർവം സ്മരിക്കുന്നു. അതിരൂപതയിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവിനു നല്കിയിട്ടുണ്ട്. ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോട് എല്ലാവരും സർവാത്മനാ സഹകരിക്കണമെന്നു സിനഡ് ആവശ്യപ്പെടുന്നു.

ജൂബിലിവർഷം

നമ്മുടെ കർത്താവീശോമിശിഹായുടെ ജനനത്തിന്റെ അനുസ്മരണമായി രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ടിനെ സാധാരണ ജൂബിലിവർഷമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. പ്രതിസന്ധികളുടെ ഇൗ കാലഘട്ടത്തിൽ "പ്രത്യാശയുടെ തീർഥാടകരാകുവിൻ’ എന്ന ആഹ്വാനമാണ് പരിശുദ്ധ പിതാവു ജൂബിലിവർഷത്തിൽ നല്കുന്നത്. നമ്മുടെ കർത്താവിലുള്ള വിശ്വാസത്തെ സഭയിലൂടെ ആഘോഷിക്കുക എന്നതാണു ജൂബിലിവർഷത്തിന്റെ ലക്ഷ്യമായി നല്കിയിരിക്കുന്നത്. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ജൂബിലിയാഘോഷത്തിനുള്ള മാർഗരേഖ നമുക്കു നല്കപ്പെട്ടിട്ടുണ്ട്. 2024 ഡിസംബർ മാസം ജൂബിലിക്ക് അടുത്ത ഒരുക്കത്തിനായുള്ള പ്രാർത്ഥനാദിനങ്ങളായി നാം ആചരിക്കണം.

2024 ഡിസംബർ 24നു രാത്രി എല്ലാ കത്തീഡ്രൽപള്ളികളിലും തുടർന്നുവരുന്ന ഞായറാഴ്ച എല്ലാ ഇടവകപള്ളികളിലും ജൂബിലിവർഷം, ജൂബിലിതിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. ജൂബിലിവർഷത്തിന്റെ ലോഗോ ഉൾപ്പെടുന്ന ഫലകം എല്ലാ പള്ളികളിലും സ്ഥാപിക്കേണ്ടതാണ്. ജൂബിലിവർഷത്തിൽ തിരുസഭാമാതാവു തന്റെ മക്കൾക്കു നല്കുന്ന വിവിധങ്ങളായ വരപ്രസാദവഴികളെയും ദണ്ഡവിമോചനങ്ങളെയും വ്യക്തമാക്കിക്കൊണ്ടുള്ള ഇടയലേഖനം രൂപതാധ്യക്ഷന്മാർ നല്കുന്നതായിരിക്കും.

പരിശുദ്ധ കുർബാന, അനുരഞ്ജനകൂദാശ എന്നിവയിൽ അധിഷ്ഠിതമായതും തീർഥാടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ കർമപദ്ധതിയാണ് രൂപതാതലങ്ങളിൽ നടപ്പിലാക്കേണ്ടത്. സഭയിലുടനീളം പ്രത്യാശയുടെ പുതിയ പ്രകാശം പരക്കാനും കൂട്ടായ്മയുടെയും സഭാസ്നേഹത്തിന്റെയും പുതിയ വസന്തം വിരിയാനും ജൂബിലിവർഷം നിമിത്തമാകട്ടെ എന്നു പ്രാർഥിക്കുന്നു.

പുതിയ ഇടയന്മാർ

നമ്മുടെ സഭയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമായി രണ്ടു പുതിയ ഇടയന്മാരെ ലഭിച്ചു എന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണ്. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി പ്രസ്തുത അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്ന മാർ തോമസ് തറയിൽ പിതാവു നിയമിതനായി. അറിയപ്പെടുന്ന മനഃശാസ്ത്രവിശാരദനും സാമൂഹിക ആത്മീയമേഖലകളിലെ നലംതികഞ്ഞ നായകനുമായ നിയുക്ത ആർച്ചുബിഷപ്പിനു സഭയുടെ മുഴുവൻ പ്രാർഥനാമംഗളങ്ങൾ നേരുന്നു.

പിതൃസഹജമായ വാത്സല്യത്തോടും സീറോമലബാർസഭയുടെ പാരമ്പര്യങ്ങളോടുമുള്ള അവികലമായ വിശ്വസ്തതയോടും കുലീനമായ ശാന്തതയോടുംകൂടി കഴിഞ്ഞ ഇരുപത്തിരണ്ടു വർഷങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയിൽ മേല്പട്ടശുശ്രൂഷ നിർവഹിച്ച അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിനോടു സീറോമലബാർസഭ ഏറെ കടപ്പെട്ടിട്ടുണ്ട്. പിതാവിന്റെ സേവനങ്ങളെ ആദരവോടെ സ്മരിച്ചുകൊണ്ടു താപസതുല്യമായ പിതാവിന്റെ വഴികളെ കർത്താവു തുടർന്നും അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഭൂവിസ്ത്യതികൊണ്ടു ഭാരതത്തിലെ ഏറ്റവും വലിയ രൂപതയായ ഷംഷാബാദിന്റെ രണ്ടാ മത്തെ മെത്രാനായി അഭിവന്ദ്യ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവു നിയമിത നായി. സഹജമായ പ്രേഷിതതീക്ഷ്‌ണതയും കഠിനാദ്ധ്വാനശീലവും ജീവിതലാളിത്യവും അഭിവന്ദ്യ പിതാവിനു പുതിയ ദൗത്യത്തിൽ സഹായകമാകുമെന്ന് ഉറപ്പുണ്ട്. സഭയുടെ പ്രേഷിതമുഖമായി മാറാൻ പിതാവിനു കഴിയട്ടെയെന്നു പ്രാർഥിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയ്ക്കും ഷാഷാബാദ് രൂപതയ്ക്കും സഭ മുഴുവൻ്റെയും പ്രാർഥനാശംസകൾ നേരുന്നു.

നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ!

കാക്കനാട് മൗണ്ട് സെൻ്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ കാര്യാലയത്തിൽ നിന്നു 2024-ാം ആണ്ട് ആഗസ്‌റ്റു മാസം 31-ാം തീയതി നല്‌കപ്പെട്ടത്.

- മാർ റാഫേൽ തട്ടിൽ

- സിറോമലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ്

(ഈ സർക്കുലർ 2024 സെപ്റ്റംബർ 8-ാം തീയതി ഞായറാഴ്‌ച സീറോമലബാർ സഭയിലെ എല്ലാ ഇടവകപള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും പരിശീലനകേന്ദ്ര ങ്ങളിലും മേജർ സെമിനാരികളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ടതാണ്)

More Archives >>

Page 1 of 999