News
ധ്യാനം സമാപനത്തിലേക്ക്; ആഗോള മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം നാളെ മുതല്‍
പ്രവാചകശബ്ദം 01-10-2024 - Tuesday
വത്തിക്കാന്‍ സിറ്റി: സിനഡാലിറ്റിയെപ്പറ്റിയുള്ള പതിനാറാമത് മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം നാളെ ഒക്ടോബർ രണ്ടാം തീയതി ബുധനാഴ്ച ആരംഭിക്കാനിരിക്കെ സിനഡ് അംഗങ്ങളുടെ ധ്യാനം പുരോഗമിക്കുന്നു. സിനഡ് അംഗങ്ങൾക്കുള്ള രണ്ടു ദിവസത്തെ ധ്യാനം പുതിയ സിനഡൽ ഹാളില്‍വച്ചാണ് ധ്യാനം നടക്കുന്നത്. ഇന്നലെ സെപ്റ്റംബര്‍ 30നു ആരംഭിച്ച ധ്യാനം ഡൊമിനിക്കൻ വൈദികനായ ഫാ. തിമോത്തി റാഡ്ക്ളിഫാണ് നയിക്കുന്നത്. ധ്യാനം, വചനചിന്തകള്‍, വിശുദ്ധ ബലി എന്നിവ ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. സിനഡിന്റെ സെക്രട്ടറി ജനറൽ കർദ്ദിനാൾ മാരിയോ ഗ്രെച്ച് ആമുഖ പ്രഭാഷണം നടത്തി. ആദ്യ ദിവസത്തെ വിശുദ്ധ ബലിയുടെ മധ്യേയുള്ള സുവിശേഷ സന്ദേശം ആസ്‌ത്രേലിയയിലെ പെർത്ത് അതിരൂപതയുടെ അധ്യക്ഷൻ മോൺസിഞ്ഞോർ തിമോത്തി കോസ്‌തേല്ലോ നൽകി.
സിനഡിന്റെ യഥാർത്ഥ നായകൻ പരിശുദ്ധാത്മാവാണെന്നും, ആത്മാവില്ലെങ്കിൽ സിനഡ് യാഥാർഥ്യമാവുകയില്ലെന്നും അദ്ദേഹം ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. സിനഡിന്റെ ഉദ്ദേശ്യവും, വിവിധ പ്രാദേശിക സഭകൾ അവരുടെ സമ്പത്തും വെല്ലുവിളികളും മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട്, കൂട്ടായ്മയുടെ മനോഭാവം വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കർദ്ദിനാൾ അടിവരയിട്ടു പറഞ്ഞു. സിനഡ് നടക്കുന്ന ഇടം, കർത്താവുമായ കണ്ടുമുട്ടുന്നതിനുള്ള ഒരു വിശുദ്ധ സ്ഥലമാണെന്നും, ഇവിടെ വിശ്വാസത്തിന്റെയും, പ്രാർത്ഥനയുടെയും തീക്ഷ്ണത ഓരോരുത്തരിലും ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ സമ്മേളനത്തിൻറെ രണ്ടാംഘട്ടത്തിന് നാളെ ഒക്ടോബർ 2 ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമൂഹ ദിവ്യബലിയോടെയാണ് തുടക്കമാകുക. ദിവ്യബലിയിൽ എഴുപതിൽപ്പരം കർദ്ദിനാളുന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുൾപ്പെടെ മൊത്തം നാനൂറോളം പേർ സഹകാർമ്മികരായിരിക്കും. സിനഡു സമ്മേളനത്തിൻറെ സാർവ്വത്രിക സഭാതലത്തിലുള്ള പ്രഥമ ഘട്ടം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നടന്നത്.