News

മിഷന്‍ തീക്ഷ്ണതയാല്‍ ജ്വലിച്ച് രണ്ടായിരത്തോളം 'കുട്ടി മിഷ്ണറിമാര്‍' ലോസ് ആഞ്ചലസില്‍ ഒരുമിച്ച് കൂടി

പ്രവാചകശബ്ദം 23-10-2024 - Wednesday

ലോസ് ആഞ്ചലസ്: കത്തോലിക്ക വിശ്വാസത്തിന്റെ ധീരപോരാളികളായി മാറുവാന്‍ മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ കുട്ടി മിഷ്ണറിമാര്‍ അമേരിക്കയില്‍ ഒരുമിച്ച് കൂടി. ഒക്‌ടോബർ 16ന് ലോസ് ആഞ്ചൽസിലെ ഔവർ ലേഡി ഓഫ് ദ ഏഞ്ചൽസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്റെ വാര്‍ഷിക വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടികളിലും രണ്ടായിരത്തോളം കുട്ടികളാണ് പങ്കുചേര്‍ന്നത്. ചെറിയ പ്രായം മുതല്‍ കൌമാരം വരെ എത്തിയ കുരുന്നുകള്‍ കൂട്ടത്തിലുണ്ടായിരിന്നു. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി വിശ്വാസവും ഭൗതിക നേട്ടങ്ങളും പങ്കിടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മിഷ്ണറി ചൈൽഡ്ഹുഡ് അസോസിയേഷന്‍, "ഹോളി ചൈൽഡ്‌ഹുഡ് പൊന്തിഫിക്കൽ സൊസൈറ്റി"യെന്നും അറിയപ്പെടുന്നുണ്ട്.

കുട്ടികൾക്കായി പ്രാർത്ഥിക്കുന്ന കുട്ടികൾ, കുട്ടികൾക്ക് സുവിശേഷം നൽകുന്ന കുട്ടികൾ, ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കുന്ന കുട്ടികൾ എന്ന ഇവരുടെ ആപ്ത വാക്യം ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ അധികാരത്തിനു കീഴിലുള്ള കത്തോലിക്ക മിഷ്ണറി ഗ്രൂപ്പുകളുടെ നാല് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളിൽ ഒന്നാണിത്. ദുരിതമനുഭവിക്കുന്ന കുട്ടികൾക്കിടയില്‍ സഹായമെത്തിക്കുന്നതിനും സുവിശേഷ സന്ദേശത്തിന്റെ വ്യാപനത്തിനു വേണ്ടിയും എല്ലാ ദിവസവും പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ സുവിശേഷകരാക്കാനും കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാനും സഹായിക്കുന്ന സംഘടനയിലൂടെ നൂറുകണക്കിന് കുരുന്നുകളാണ് മിഷന്‍ തീക്ഷ്ണതയില്‍ ഉയര്‍ന്നുവരുന്നത്.

കുട്ടികളില്‍ നിന്നു ശേഖരിക്കുന്ന ചെറിയ സംഭാവനകൾ ദേശീയ തലത്തില്‍ ഒരുമിച്ച് ചേര്‍ത്തു വത്തിക്കാനിലെ സാർവത്രിക ഫണ്ടിലേക്ക് അയയ്‌ക്കുന്നതും സംഘടനയുടെ രീതിയാണ്. ഇത് ലോകത്തിൻ്റെ എല്ലാ കോണിലുമുള്ള ദശലക്ഷക്കണക്കിന് ദരിദ്രരായ കുട്ടികൾക്ക് ഭക്ഷണവും മറ്റ് സഹായവും എത്തിക്കുവാനാണ് ഉപയോഗിക്കുന്നതെന്ന് മിഷനറി ചൈൽഡ്ഹുഡ് അസോസിയേഷൻ്റെ ഡയറക്ടർ അലിക്സാണ്ട്ര ഹോൾഡൻ സിഎൻഎയോട് പറയുന്നു. "കുട്ടികളെ സഹായിക്കുന്ന കുട്ടികൾ" എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. പൊന്തിഫിക്കൽ സൊസൈറ്റി ഓഫ് ഹോളി ചൈൽഡ്ഹുഡ് ഇന്ന് നൂറ്റിമുപ്പതിലധികം രാജ്യങ്ങളിൽ വേരൂന്നിയിട്ടുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1014