News

ഫിലിപ്പീന്‍സിലെ ട്രാമി ചുഴലിക്കാറ്റ്; ദുരിതമനുഭവിക്കുന്നവര്‍ക്ക് അഭയകേന്ദ്രമായി കത്തോലിക്ക ദേവാലയങ്ങള്‍

പ്രവാചകശബ്ദം 24-10-2024 - Thursday

മനില: വടക്കു കിഴക്കൻ ഫിലിപ്പീൻസിൽ നാശം വിതയ്ക്കപ്പെട്ട ട്രാമി ചുഴലിക്കാറ്റിൻ്റെ പ്രത്യാഘാതങ്ങൾ മൂലം കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്കും കുടുംബങ്ങൾക്കും അഭയകേന്ദ്രമായി കത്തോലിക്ക ദേവാലയങ്ങള്‍. ദുരിതബാധിതര്‍ക്കായി ഇരുപത്തിയഞ്ചിലധികം ഇടവകകളും സഭാസ്ഥാപനങ്ങളും ഇതിനോടകം തുറന്നുക്കൊടുത്തിട്ടുണ്ട്. ഒക്ടോബർ 23ന് ആരംഭിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബിൽകോൾ മേഖലയിൽ കുറഞ്ഞത് 24 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ഗ്രാമങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെയാണ് കാരുണ്യത്തിന്റെ മഹത്തായ മാതൃകയുമായി കത്തോലിക്ക ദേവാലയങ്ങളും സഭാസ്ഥാപനങ്ങളും തുറന്നു നല്‍കിയിരിക്കുന്നത്.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കാന്‍ ഇടവകകളോടും സ്കൂളുകളോടും സ്ഥാപനങ്ങളോടും കാസെറസ് അതിരൂപത ആഹ്വാനം നല്‍കി. ലെഗാസ്‌പി രൂപതയിൽ, നിരവധി ഇടവക പള്ളികൾ വെള്ളത്തിനടിയിലായി. എന്നാല്‍ വെള്ളപ്പൊക്കമുണ്ടായിട്ടും, അവരുടെ ഇടവക കേന്ദ്രങ്ങളുടെ വാതിലുകൾ തുറന്നിട്ടുണ്ട്. പോളൻഗുയിയിലെ ഇടവക പള്ളിയില്‍ മാത്രം മുന്നൂറോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഏറ്റവും ദുർബലരായ കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വലിയ ആശ്വാസ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രദേശത്തെ ഇടവകകള്‍.

നാഷ്ണൽ കൗൺസിൽ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെൻ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 14 പ്രവിശ്യകളിലെ 78,000 കുടുംബങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനും ദുരിത ബാധിത പ്രദേശങ്ങളിലെ കത്തോലിക്ക രൂപതകൾ സന്നദ്ധപ്രവർത്തകരുടെ ടീമുകളെ സജീവമാക്കിയിട്ടുണ്ടെന്ന് കാരിത്താസ് ഫിലിപ്പീൻസ് പ്രസിഡൻ്റ് ബിഷപ്പ് കോളിൻ ബാഗഫോറോ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1015