News - 2024

ലെബനോനില്‍ ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ക്ക് അഭയ കേന്ദ്രമായത് കോണ്‍വെന്‍റ്

പ്രവാചകശബ്ദം 30-10-2024 - Wednesday

ബെയ്റൂട്ട്: ഇസ്രായേൽ ബോംബാക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട എണ്ണൂറിലധികം ആളുകളെ സ്വാഗതം ചെയ്ത് ലെബനോനിലെ കത്തോലിക്ക സന്യാസിനികള്‍. സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ഹെല്‍പ്പ് സന്യാസിനി സമൂഹത്തിനു കീഴിലുള്ള കോൺവെന്‍റ് അഭയം തേടിയെത്തുന്നവര്‍ക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. എണ്ണൂറിലധികം ലെബനീസ് സ്വദേശികളാണ് ജീവരക്ഷാര്‍ത്ഥം ഇവിടെ കഴിയുന്നത്. അവരിൽ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരാണെന്നത് ശ്രദ്ധേയമാണ്.

സമീപ ആഴ്ചകളിൽ യുദ്ധം ശക്തമായതോടെ പരക്കം പായുന്ന സഹോദരങ്ങളുടെ ദയനീയ അവസ്ഥ മനസിലാക്കി സന്യാസിനികള്‍ തങ്ങളുടെ കോണ്‍വെന്‍റ് തുറന്നിടുകയായിരിന്നു. അഭയകേന്ദ്രം എന്നതിന് അപ്പുറം ദുരിതബാധിതരുടെ അവസ്ഥ മനസിലാക്കി അവര്‍ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സന്യാസിനികള്‍ നല്‍കുന്നുണ്ടെന്നു സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് സ്‌ഫോടനത്തിൻ്റെ ആദ്യ രാത്രിയിൽ നിരവധി ആളുകൾ അഭയം തേടി ഓടിയെത്തിയെന്നും 12 ദിവസത്തിനുള്ളിൽ എണ്ണൂറിലധികം അഭയാർത്ഥികളെ തങ്ങൾക്ക് ലഭിച്ചുവെന്നും സുപ്പീരിയർ ജനറലായ മദർ ജോസ്ലിൻ ജൗമ വെളിപ്പെടുത്തി.

ഇനി ആരെയും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ വേദനയും നാളെയെക്കുറിച്ചുള്ള ആശങ്കയും പങ്കിടാനായി നിരവധി പേരാണ് തങ്ങളുടെ അടുത്തേക്ക് വരുന്നത്. അവരുടെ ഭൗതിക ആവശ്യങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു. അവ പലതാണ്. അഭയാർത്ഥികളിൽ ചിലർ ചാപ്പലിൽ സമയം ചെലവഴിക്കാൻ അനുവാദം ചോദിക്കുന്നുണ്ടെന്നും അവര്‍ അതില്‍ ശാന്തതയും സമാധാനവും കണ്ടെത്തുകയാണെന്നും മദർ ജോസ്ലിൻ പറഞ്ഞു. കോൺവെൻ്റിൽ താമസിക്കുന്ന 15 കന്യാസ്ത്രീകൾ ഗ്രീക്ക് - മെൽക്കൈറ്റ് കത്തോലിക്ക സഭാംഗങ്ങളാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 1017