News - 2024

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 29-10-2024 - Tuesday

എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വൈദികനെ തട്ടിക്കൊണ്ടുപോയ കാര്യം സ്ഥിരീകരിച്ചു.

സെമിനാരിയുടെ വൈസ് റെക്ടറും എല്ലാ സെമിനാരി വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് ഇന്നലെ ഒക്‌ടോബർ 28നു പുറത്തിറക്കിയ പ്രസ്താവനയിൽ രൂപത വ്യക്തമാക്കി. അതേസമയം സെമിനാരിക്ക് ചുറ്റും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മൈനർ സെമിനാരിയിലെ എല്ലാ ജീവനക്കാരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും താൽക്കാലികമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിക്കുന്നതിന് രൂപത സര്‍ക്കാര്‍ അധികൃതരുടെ സഹായം തേടിയിരിക്കുകയാണ്.

ഫാ. ഒയോഡിനെ പരിക്കേൽക്കാതെ മോചിപ്പിക്കുന്നതിനായി, എല്ലാവരുടെയും പ്രാര്‍ത്ഥന യാചിക്കുന്നതായി ഔച്ചി കത്തോലിക്കാ രൂപത പ്രസ്താവനയില്‍ കുറിച്ചു. അതേസമയം വൈദികന്റെ മോചനത്തിനായി പോലീസ് ശ്രമം തുടരുകയാണ്. 2006-ലാണ് ഔച്ചി രൂപത അധ്യക്ഷനായിരിന്ന ഗബ്രിയേൽ ഗിയാഖോമോ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയ്ക്കു ആരംഭം കുറിച്ചത്. അഞ്ഞൂറിലധികം വൈദിക വിദ്യാര്‍ത്ഥികള്‍ സെമിനാരിയിൽ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തു കൊള്ളയടിക്കും ആക്രമണങ്ങൾക്കും സ്ഥിരം വേദിയായ മേഖലയാണ് എഡോ സംസ്ഥാനം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



More Archives >>

Page 1 of 1016