News - 2024

"ഫാ. ടോം ജീവിച്ചിരിപ്പുണ്ടോയെന്ന് അറിഞ്ഞുകൂടാ, അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക": ബിഷപ്പ് പോള്‍ ഹിന്‍ഡര്‍

സ്വന്തം ലേഖകന്‍ 03-09-2016 - Saturday

റോം: കഴിഞ്ഞ മാര്‍ച്ചില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ ഉറപ്പ് പറയുവാന്‍ കഴിയില്ലെന്ന് അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍. മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ അദ്ദേഹം പൊതുപരിപാടിയില്‍ സംസാരിക്കുകയായിരിന്നു. ഫാദര്‍ ടോം ജീവനോടെയുണ്ടോ, അതോ കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഇനിയും ഒന്നും പറയാറായിട്ടില്ലെന്നു പറഞ്ഞ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ വൈദികനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ആഹ്വാനം ചെയ്തിട്ടുണ്ട്.

"ക്രൈസ്തവരെന്നോ, മുസ്ലീങ്ങളെന്നോ വ്യത്യാസമില്ലാതെ യെമനില്‍ ഏഴു മില്യണ്‍ ആളുകള്‍ പട്ടിണി മൂലം മരിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും സംഘര്‍ഷമാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീമാരുടെ കാര്യം ഏറെ കഷ്ടത്തിലാണ്. വൈദികരില്ലാതെ അവര്‍ ബുദ്ധിമുട്ടുന്നു. വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല. ഇത്രയും പ്രശ്‌നങ്ങളുടെ മധ്യത്തിലും മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യെമനിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്. മദര്‍ തെരേസ ഹോമില്‍ നടന്ന കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ടു വന്ന കന്യാസ്ത്രീ എന്നോടു പറഞ്ഞത്, തനിക്കു വേഗം ആ രാജ്യത്തേക്ക് മടങ്ങി സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നതാണ്. മദര്‍തെരേസ സ്ഥാപിച്ച കോണ്‍ഗ്രിഗേഷനിലെ ഒരു അംഗം ഭീതി കൂടാതെ യുദ്ധത്തിന്റെ നടുവിലേക്ക് പോകുവാന്‍ അനുവാദം ചോദിക്കുകയാണ്". ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് നാലാം തീയതിയാണ്, യെമനിലെ ഏഡനില്‍ പ്രവര്‍ത്തിക്കുന്ന മിഷ്നറീസ് ഓഫ് ചാരിറ്റി കോണ്‍വെന്റിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളേയും കൊലപ്പെടുത്തിയ അക്രമികള്‍ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. ഐഎസ് തീവ്രവാദികളാണ് ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയതെന്നും ദുഃഖവെള്ളിയാഴ്ച ദിവസം അവര്‍ അദ്ദേഹത്തെ ക്രൂശിലേറ്റി കൊന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 76