News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 22-03-2025 - Saturday

ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു, ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു തുടങ്ങീയ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ അപ്രേം, വിശുദ്ധ ബീഡ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു - മര്‍ക്കോസ് 1: 35-39 (ലൂക്കാ 4,42-44)

35 അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 36 ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. 37 കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. 38 അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. 39 സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു.

****************************************************************

ഒരിജന്‍:

ഈശോ പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥനയില്‍ യാചിച്ചതെല്ലാം ലഭിക്കുകയും ചെയ്തു. പ്രാര്‍ത്ഥനകൂടാതെതന്നെ ഇവയെല്ലാം നേടാമായിരുന്നിരിക്കെ അവന്‍ പ്രാര്‍ത്ഥിച്ചെങ്കില്‍ നമുക്കാര്‍ക്കും പ്രാര്‍ത്ഥനയെ അവഗണിക്കാനാവില്ല. മര്‍ക്കോസ് എഴുതുന്നു. ''പ്രഭാതത്തില്‍, അതിരാവിലെ അവന്‍ എഴുന്നേറ്റ് വിജനതയിലേക്കു പോയി അവിടെ പ്രാര്‍ത്ഥിച്ചു'' (മര്‍ക്കോ 1,35). ലൂക്കാ എഴുതുന്നു: ''അവന്‍ ഒരിടത്തു പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു: ''ഗുരോ, ഞങ്ങളെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക'' (ലൂക്കാ 11,1).

മറ്റൊരിടത്ത് ''അവന്‍ രാത്രിമുഴുവന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു'' (ലൂക്കാ 6,12) എന്നും കാണുന്നു. ഈശോയുടെ പ്രാര്‍ത്ഥന യോഹന്നാന്‍ രേഖപ്പെടുത്തുന്നുണ്ട്: ''ഇതു അരുള്‍ ചെയ്തതിനുശേഷം ഈശോ തന്റെ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പറഞ്ഞു: ''പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അവിടുത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തണമേ'' (യോഹ 17,1). ''അങ്ങെന്നെ എപ്പോഴും ശ്രവിക്കുമെന്ന് എനിക്കറിയാം'' (യോഹ 11,42), എന്ന് കര്‍ത്താവ് പറഞ്ഞിട്ടുള്ളതായും ഇതേ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരം പ്രാര്‍ത്ഥിക്കുന്നവന്‍ നിരന്തരം ശ്രവിക്കപ്പെടുന്നുവെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത് (On prayer 13.1).

വിശുദ്ധ ആഗസ്തീനോസ്:

ഒരാള്‍ എത്രതന്നെ സമര്‍ത്ഥനും ജ്ഞാനിയുമാണെങ്കിലും ഓര്‍മ്മകളുടെ ക്രമം നിയന്ത്രിക്കുക എന്നത് അയാളുടെ കഴിവിന്റെ പരിധിയില്‍പ്പെടുന്ന കാര്യമല്ല. ഓരോ കാര്യത്തെയുംകുറിച്ചുള്ള ഓര്‍മ്മ നമ്മുടെ സ്മൃതിപഥത്തിലേക്ക് വെറുതെ കടന്നുവരികയാണ്; നമ്മുടെ ഇച്ഛയനുസരിച്ചല്ല. ഓരോ സുവിശേഷകന്റെയും സ്മരണയിലേക്ക് വരാന്‍ ദൈവമനുവദിച്ച കാര്യങ്ങളെ അതാതിന്റെ ക്രമത്തില്‍ ഓരോരുത്തരും വിവരിച്ചുവെന്ന് വിചാരിക്കുകയാണ് യുക്തിഭദ്രം (Harmony of the Gospels21.51).

_______________________________________________

♦️ വചനഭാഗം: ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു? - മര്‍ക്കോസ് 1: 40-45

(മത്താ 8,1-4) (ലൂക്കാ 5,12-16)

40 ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 41 അവന്‍ കരുണ തോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. 42 തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. 43 ഈശോ അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: 44 നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചു കൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. 45 എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ ഈശോയ്ക്കു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി.

ഒരിജന്‍:

കുഷ്ഠരോഗിയ സ്പര്‍ശിക്കുന്നത് നിയമം നിരോധിച്ചിരുന്നിട്ടും അവിടുന്ന് അവനെ തൊട്ടു. ''ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധമാണ്'' (തീത്തോ 1,15) എന്നു കാണിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. എന്തെന്നാല്‍, ഒരുവനിലുള്ള അശുദ്ധി മറ്റൊരാളിലേക്കു പകരുകയോ ബാഹ്യമായ അശുദ്ധി ഹൃദയശുദ്ധിയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. നമുക്ക് എളിമയുടെ മാതൃക നല്‍കാനാണ് ഈശോ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ശരീരത്തിലെ മുറിവുകളുടെയോ അതിലെ നിറഭേദങ്ങളുടെയോ പേരില്‍ ആരെയും നമ്മള്‍ തള്ളിക്കളയുകയോ വെറുക്കുകയോ ഗതികെട്ടവരെന്ന് മുദ്രകുത്തുകയോ ചെയ്യരുതെന്ന് അവിടുന്ന് പഠിപ്പിച്ചു.

സ്പര്‍ശിക്കാനായി അവിടുന്ന് കൈനീട്ടിയപ്പോള്‍ത്തന്നെ കുഷ്ഠം വിട്ടകന്നു. കര്‍ത്താവിന്റെ കരം കുഷ്ഠമുള്ള ശരീരത്തിലല്ല, സുഖമാക്കപ്പെട്ട ശരീരത്തിലാണ് പതിച്ചതെന്ന് തോന്നത്തക്കവിധം അത്രവേഗം സൗഖ്യം സംഭവിച്ചു. ആത്മാവില്‍ കുഷ്ഠമോ ഹൃദയത്തില്‍ കുറ്റത്തിന്റെ വ്യാധിയോ ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവന്‍ പറയട്ടെ: ''കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും'' (Fragments on Mathew 2.2.3).

വിശുദ്ധ ക്രിസോസ്‌തോം:

''എനിക്ക് മനസ്സുണ്ട്, നിനക്കു ശുദ്ധിയുണ്ടാകട്ടെ'' എന്നു പറയുക മാത്രമല്ല ഈശോ ചെയ്തത്, മറിച്ച്, ''കൈനീട്ടി അവനെ സ്പര്‍ശിക്കുകയും ചെയ്തു''. താന്‍ നിയമത്തിന്റെ കരത്തിന്‍ കീഴല്ല, നിയമം തന്റെ കൈകളിലാണ് എന്ന് കാണിക്കാനാണ് അവന്‍ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ഇനി മുതല്‍ ഹൃദയശുദ്ധിയുള്ളവര്‍ക്ക് ഒന്നും അശുദ്ധമല്ല (തീത്തോ 1,15). ദാസനെന്ന നിലയിലല്ല, നാഥനെന്ന നിലയ്ക്കാണ് താന്‍ സുഖപ്പെടുത്തുന്നതെന്ന് അവിടുന്ന് ഇതുവഴി വെളിവാക്കി. കുഷ്ഠം അവിടുത്തെ കൈകളെ മലിനപ്പെടുത്തിയില്ല, മറിച്ച് കുഷ്ഠം ബാധിച്ച ശരീരം അവിടുത്തെ കൈകളാല്‍ സൗഖ്യം പ്രാപിച്ചു (Gospel of St Matthew, Homily 25.2).

വിശുദ്ധ അപ്രേം:

കൈനീട്ടി സ്പര്‍ശിക്കുന്നതുവഴി ഈശോ നിയമത്തെ അസാധുവാക്കുന്നു. കുഷ്ഠരോഗിയെ സമീപിക്കുന്നവന്‍ അശുദ്ധനാകുമെന്ന് നിയമത്തില്‍ എഴുതപ്പെട്ടിരുന്നു. മനുഷ്യപ്രകൃതിയുടെ ന്യൂനതകളെ താന്‍ പരിഹരിച്ചതുകൊണ്ട് അത് നല്ലതാണെന്ന് അവിടുന്ന് തെളിയിച്ചു. പുരോഹിതരുടെ പക്കലേക്ക് കുഷ്ഠരോഗിയെ അയച്ചുകൊണ്ട് പൗരോഹിത്യത്തെ അവിടുന്ന് ഉയര്‍ത്തിപ്പിടിച്ചുവെന്നും സൗഖ്യത്തിന് നന്ദിയായി കാഴ്ച സമര്‍പ്പിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടുവെന്നും (മത്താ 8,4; മര്‍ക്കോ 1,44; ലൂക്കാ 5,14) നമ്മള്‍ കാണുന്നു. മോശയുടെ നിയമത്തിന് അവിടുന്ന് വിധേയനാകുന്നതിന്റെ അടയാളമായി ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. കുഷ്ഠരോഗത്തെ സംബന്ധിച്ച് നിരവധി നിയമങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ തീര്‍ത്തും പ്രയോജനരഹിതങ്ങളായിരുന്നു. മിശിഹാ വന്ന് തന്റെ വചനത്താല്‍ സൗഖ്യംനല്‍കിക്കൊണ്ട് കുഷ്ഠരോഗം സംബന്ധിച്ച് നിലനിന്ന കല്പനകളെ അപ്രസക്തമാക്കി (Commentary on Tatians Diatessaron).

വിശുദ്ധ ബീഡ്:

ഈ അത്ഭുതത്തെക്കുറിച്ച് നിശബ്ദനായിരിക്കാന്‍ ഈശോ ആവശ്യപ്പെട്ടു. എങ്കിലും അത് ദീര്‍ഘകാലം നിശബ്ദതയില്‍ മറയ്ക്കപ്പെട്ടില്ല. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിലും ഇത് ശരിയാണ്. തങ്ങള്‍ നിറവേറ്റിയ കടമകള്‍ അറിയപ്പെടാതിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എങ്കിലും മറ്റുള്ളവരുടെ പ്രയോജനത്തിനായി അവയെ ദൈവപരിപാലന വെളിച്ചത്തു കൊണ്ടുവരുന്നു (Exposition on the Gospel of Mark 1.1.45).

(....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

********** സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍

More Archives >>

Page 1 of 1064