News

കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ചയെന്ന് പുതിയ കണക്കുകള്‍

സ്വന്തം ലേഖകന്‍ 09-09-2016 - Friday

വത്തിക്കാന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ചയെന്ന് കണക്കുകള്‍. വിവിധ രാജ്യങ്ങളിലെ സഭാംഗങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ മാത്രം പരിശോധിച്ചാണ് പുതിയ പഠനം പുറത്തു വന്നിരിക്കുന്നത്. നൂറു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലുള്ള മതവിശ്വാസികളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് വിവിധ പഠനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ വ്യക്തവും വേഗതയേറിയതുമായ സഭയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. കാത്തലിക്ക് ഹെറാള്‍ഡ് എന്ന ഓണലൈന്‍ പത്രത്തില്‍ വന്നിരിക്കുന്ന ലേഖനത്തിലാണ് കത്തോലിക്ക സഭയുടെ വളര്‍ച്ചയെ പറ്റി കൃത്യമായ കണക്കുകളുടെ വെളിച്ചത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

2100-ല്‍ ലോകരാജ്യങ്ങളില്‍ മതവിശ്വാസം ഇല്ലാതെയാകുമെന്നാണ് മുന്‍പ് നടത്തിയ ഒരു പഠനത്തില്‍ പ്രവചിച്ചിരിന്നത്. എന്നാല്‍, കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്നിരിക്കുന്ന വളരെ ശക്തമായ വളര്‍ച്ചയാണ് പുതിയ പഠനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

1950-ല്‍ ലോകത്തുണ്ടായിരുന്ന കത്തോലിക്ക വിശ്വാസികളുടെ എണ്ണം 437 മില്യണ്‍ ആയിരുന്നു. ശാസ്ത്രം പുരോഗമനത്തിന്റെ പാതയില്‍ മുന്നേറിയ വര്‍ഷങ്ങള്‍ താണ്ടി 1970-ല്‍ എത്തിയപ്പോള്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 650 മില്യണായി ഉയര്‍ന്നു. ഇപ്പോള്‍ അത് 1.2 ബില്യണായി വര്‍ദ്ധിച്ചു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്നത്തെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 1970-ല്‍ ഉള്ളതിന്റെ ഇരട്ടിയില്‍ അധികമാണ്.

മതേതരത്വവാദങ്ങളും ശാസ്ത്ര പുരോഗതിയും കൊടികുത്തി വാണിരിന്ന കാലത്താണ് സഭ ഈ വളര്‍ച്ച കൈവരിച്ചതെന്ന് ശ്രദ്ധേയമാണ്. 2050-ല്‍ 1.6 ബില്യണ്‍ കത്തോലിക്ക വിശ്വാസികള്‍ ലോകത്തു കാണുമെന്ന് പുതിയ കണക്കുകള്‍ പ്രവചിക്കുന്നു. ബ്രസീലിലും, മെക്‌സികോയിലും, ഫിലിപ്പിന്‍സിലും സഭ വിശ്വാസ തീക്ഷ്ണതയില്‍ അനുദിനം വളരുന്നുണ്ടെന്നും കണക്കുകളില്‍ സൂചിപ്പിക്കുന്നു. ഫിലിപ്പിന്‍സില്‍ ഇപ്പോള്‍ 80 മില്യണ്‍ പേര്‍, കത്തോലിക്ക വിശ്വാസികളാണ്.

2050-ല്‍ ഇത് നൂറു മില്യണ്‍ കടക്കുമെന്ന്‍ കരുതപ്പെടുന്നു. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും സഭയിലേക്ക് ചേരുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതിന് സമാനമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും കുടിയേറുന്നവരും കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരികയാണ്.

നൈജീരിയായില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള പുരോഹിതര്‍ ഇന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്. ഈ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരിലെ വിശ്വാസ വര്‍ദ്ധനയാണ് ഈ പുരോഹിതരുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്. ആഫ്രിക്കയില്‍ സഭയുടെ വളര്‍ച്ച ശ്രദ്ധേയമാണെന്ന്‍ കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. 1900-ല്‍ എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും കൂടി ആകെ രണ്ടു മില്യണ്‍ കത്തോലിക്ക വിശ്വാസികളാണുണ്ടായിരുന്നത്.

ചരിത്രം നൂറു വര്‍ഷം മുന്നോട്ടു സഞ്ചരിച്ചപ്പോള്‍ രണ്ടു മില്യണ്‍ വിശ്വാസികള്‍ 130 മില്യണായി ഉയര്‍ന്നു. ഇപ്പോള്‍ എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും കൂടി 200 മില്യണ്‍ കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. ഇതേ രീതിയിലുള്ള വളര്‍ച്ച മുന്നോട്ടും നടക്കുന്ന പക്ഷം ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്ക വിശ്വാസികളുടെ സംഖ്യ 2040-ഓടെ 460 മില്യണായി ഉയരും.

2030-ല്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള കത്തോലിക്ക വിശ്വാസികളെക്കാള്‍ കൂടുതല്‍ പേര്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളേയും കത്തോലിക്കരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആഫ്രിക്ക പിന്നിലാക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

1980-നു ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കരുടെ എണ്ണം 238 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കത്തോലിക്ക സഭയില്‍ വിശ്വാസികള്‍ ദിനംപ്രതി കുറഞ്ഞുവരികയാണെന്നും, സഭ അനുദിനം നാശത്തിന്റെ വക്കിലേക്കാണ് പോകുന്നതെന്നും പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, സഭയുടെ ശക്തമായ വളര്‍ച്ചയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

More Archives >>

Page 1 of 79