News - 2024
നശിപ്പിക്കപ്പെടുന്ന മനുഷ്യജീവന്‍ നീതിക്കായി സ്വര്‍ഗത്തോട് വിലപിക്കുകയാണെന്ന് ഫിലിപ്പിന്‍സ് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്
സ്വന്തം ലേഖകന്‍ 17-09-2016 - Saturday
മനില: നശിപ്പിക്കപ്പെടുന്ന എല്ലാ മനുഷ്യജീവനും സ്വര്‍ഗത്തോട് നീതിക്കു വേണ്ടി ഉറക്കെ കരയുകയാണെന്ന് ഫിലിപ്പിന്‍സ് കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്. ഫിലിപ്പിന്‍സില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന നരഹത്യക്കെതിരെ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
"ഗര്‍ഭഛിദ്രം മുതല്‍ തീവ്രവാദ പ്രവര്‍ത്തനത്തിലൂടെ വരെ മനുഷ്യജീവനെ നശിപ്പിക്കുന്ന എല്ലാ നടപടികളും തെറ്റാണ്. ഇത്തരത്തില്‍ നഷ്ടമാകുന്ന ജീവനുകള്‍ നീതിക്കായി സ്വര്‍ഗത്തോട് വിലപിക്കുന്നുണ്ട്. നീതി അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. മനുഷ്യ ജീവന്റെ വില സംരക്ഷിക്കപ്പെടുക തന്നെ വേണം.
മയക്കുമരുന്ന് കടത്തുന്നവരെ വെടിവച്ചു കൊലപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച് ദൈവത്തിന്റെ കാരുണ്യം അവരിലേക്ക് എത്തുന്നതിനായി നാം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അപ്പോള്‍ മാത്രമേ അവര്‍ക്ക് പുതിയ ജീവിതത്തിലേക്ക് കടക്കുവാന്‍ സാധിക്കുകയുള്ളു. പൌരന്മാരെ പോലീസ് നിഷ്ഠൂരമായി വെടിവച്ചു കൊലപ്പെടുത്തുകയാണ്. പലരും നിരപരാധികളാണ്. പോലീസ് തുടരുന്ന ഇത്തരം നരഹത്യ ഉടന്‍ അവസാനിപ്പിക്കണം". ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് സന്ദേശത്തില്‍ പറഞ്ഞു.
വ്യാകുലമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചാണ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് പ്രത്യേക സന്ദേശം പുറത്തിറക്കിയത്. കഴിഞ്ഞ പത്ത് ആഴ്ചകള്‍ക്കിടയില്‍ ഫിലിപ്പിന്‍സില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3500-ല്‍ അധികമാണെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി ചൂണ്ടി കാണിച്ചു.
മയക്കുമരുന്ന് കടത്തിയതിന് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. സെപ്റ്റംബര്‍ രണ്ടാം തീയതി ഡാവോ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ചുമതലയേറ്റതിന് ശേഷമാണ് പോലീസ് ഇത്തരത്തില്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാതെ വെടിവയ്പ്പ് ആരംഭിച്ചത്.
മയക്കുമരുന്ന് സംഘത്തെ തുടച്ചു നീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുവാന്‍ വേണ്ടിയാണ് ഡ്യൂട്ടേര്‍ട്ട് ഇത്തരത്തില്‍ പോലീസിനെ ഉപയോഗിച്ച് നരഹത്യ തുടരുന്നത്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള പല മാരക പാപങ്ങളേയും പിന്‍തുണയ്ക്കുന്ന വ്യക്തി കൂടിയാണ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ഫിലിപ്പിന്‍സില്‍ ആളുകളുടെ ജീവന് വില നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ സന്ദേശം തയ്യാറാക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് തീരുമാനിച്ചത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക