News - 2024
മെക്സിക്കോയില്‍ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം മൂന്നായി; ഫാദര്‍ ജോസ് അല്‍ഫ്രഡോയുടെ മൃതശരീരം കണ്ടെത്തി
സ്വന്തം ലേഖകന്‍ 27-09-2016 - Tuesday
മെക്‌സിക്കോ സിറ്റി: കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ കത്തോലിക്ക വൈദികനായ ഫാദര്‍ ജോസ് അല്‍ഫ്രഡോ ലോപസ് ഗൂലിയന്റെ മൃതശരീരം പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ലാസ് ഗുയാബസിലെ ഹൈവേയ്ക്ക് സമീപം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം മൂന്നായി. ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ മനസില്‍ വലിയ ആശങ്കയും ഭീതിയുമാണ് രാജ്യത്തെ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.
വെരാക്രൂസ് എന്ന മെക്‌സിക്കന്‍ സംസ്ഥാനത്ത് രണ്ടു കത്തോലിക്ക പുരോഹിതരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ദിവസമാണ് ഫാദര്‍ ജോസ് അല്‍ഫ്രഡോ ലോപസിനെ കാണാതായത്. വെടിയേറ്റാണ് എല്ലാ വൈദികരും കൊല്ലപ്പെട്ടിരിക്കുന്നത്. ഫാദര്‍ ലോപസിന്റെ മൃതശരീരം ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മൃതശരീരത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. മൊരീലിയ അതിരൂപതയുടെ കീഴില്‍ സേവനം ചെയ്തിരുന്ന വൈദികനായിരുന്നു ഫാദര്‍ ലോപസ്.
വൈദികര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു മൊരീലിയ അതിരൂപത വക്താവ് ആവശ്യപ്പെട്ടു. 2006 മുതല്‍ ഇതു വരെ മെക്‌സിക്കോയില്‍ 36 വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വൈദികരെ തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തുന്ന രീതിയാണ് മിക്ക സംഭവങ്ങളിലും അക്രമികള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന മൂന്നു വൈദികരുടെ കൊലപാതകത്തിലും തട്ടിക്കൊണ്ടു പോയര്‍ മോചനദ്രവ്യമോ, മറ്റെന്തെങ്കിലും ആവശ്യമോ മുന്നോട്ടു വച്ചിട്ടില്ല. കൊല്ലപ്പെട്ട ഫാദര്‍ ലോപസ്, ജനോമുവാട്ടോ എന്ന പട്ടണത്തിലെ ദേവാലയത്തിന്റെ സമീപത്താണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച ദിവസം വൈദികന്റെ മുറി താഴിട്ടു പൂട്ടിയതായി കണ്ട ദേവാലയ അധികൃതര്‍, വൈദികന്‍ തന്റെ സ്വന്തം വീട്ടിലേക്ക് പോയതായിരിക്കാം എന്നാണ് കരുതിയത്. എന്നാല്‍ ബുധനാഴ്ച ഫാദര്‍ ലോപസിന്റെ സഹോദരന്‍ അദ്ദേഹത്തെ അന്വേഷിച്ച് എത്തിയപ്പോഴാണ് അസ്വാഭാവികമായി എന്തോ നടന്നിരിക്കുന്നതായി വിശ്വാസികള്‍ക്ക് മനസിലായത്. വൈദികന്റെ സഹോദരന്‍ ഇതേ തുടര്‍ന്നു പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള രാജ്യമാണ് മെക്‌സിക്കോ. രാജ്യത്ത് ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗ വിവാഹത്തിനും മറ്റും നിയമസാധുത നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് സഭ ഉന്നയിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ റാലികളും സഭയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇത്തരം അവസരത്തില്‍ വൈദികര്‍ തുടര്‍ച്ചയായി അജ്ഞാത സംഘത്താല്‍ കൊല്ലപ്പെടുന്നതിനെ ഭീതിയോടെയാണ് വിശ്വാസ സമൂഹം നോക്കി കാണുന്നത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക