News - 2024

ഇന്തോനേഷ്യന്‍ യുവജന സമ്മേളനത്തിന് സമാപനം; പങ്കെടുത്തത് 2,500-ല്‍ അധികം യുവജനങ്ങള്‍

സ്വന്തം ലേഖകന്‍ 07-10-2016 - Friday

ജക്കാര്‍ത്ത: ആറു ദിവസം നീണ്ടു നിന്ന ഇന്തോനേഷ്യന്‍ കത്തോലിക്ക യുവജനങ്ങളുടെ സമ്മേളനം സമാപിച്ചു. വടക്കന്‍ സുലാവേസി പ്രവിശ്യയുടെ ഗവര്‍ണ്ണര്‍ ഓളി ഡോണ്ടോകാമ്പേ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന യുവാക്കള്‍ക്കു പ്രത്യേക സന്ദേശം നല്‍കി. യുവജന സമ്മേളനത്തെ വിശ്വാസത്തില്‍ ആഴപ്പെടുവാനുള്ള അവസരമായി യുവാക്കള്‍ മാറ്റിയതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി ഗവര്‍ണ്ണര്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നാം തീയതി വടക്കന്‍ സുലാവേസിന്റെ തലസ്ഥാനമായ മനാഡോയിലാണ് സമ്മേളനം ആരംഭിച്ചത്. ഇന്നലെയാണ് സമ്മേളനം അവസാനിച്ചത്.

ക്രിസ്തുവിനെ യുവാക്കളിലേക്കും, യുവാക്കളെ ക്രിസ്തുവിലേക്കും കൊണ്ടുവരുവാന്‍ ഇത്തരം സമ്മേളനങ്ങള്‍ക്ക് സാധിക്കുമെന്ന് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. സുവിശേഷം എല്ലാവരിലേക്കും എത്തുവാന്‍ ഉള്ളതാണ്. യുവാക്കളിലേക്ക് സുവിശേഷം എത്തുമ്പോള്‍ സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്തോനേഷ്യന്‍ യുവജന സമ്മേളനം നടത്തപ്പെടുന്നത് ഇതു രണ്ടാം തവണയാണ്. 37 രൂപതകളില്‍ നിന്നുമായി 2,500-ല്‍ അധികം യുവജനങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നത്.

ഇന്തോനേഷ്യന്‍ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യേ ആര്‍ച്ച് ബിഷപ്പ് അന്റോണിയോ ഗുയിഡോ ഫിലിപ്പാസിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ എല്ലാം നടന്നത്. ഇന്തോനേഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് സെക്രട്ടറി ഫാദര്‍ ഇഗ്നേഷ്യസ് സുഹാരിയോയാണ് വചന പ്രഘോഷണം നടത്തിയത്. സാമൂഹിക പ്രശ്‌നങ്ങള്‍ക്കും സമാധാനമില്ലാത്ത അവസ്ഥകള്‍ക്കും മാറ്റം വരുത്തുവാന്‍ ക്രിസ്തുവിന്റെ ഉപദേശങ്ങളെ നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് ഫാദര്‍ ഇഗ്നേഷ്യസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.

More Archives >>

Page 1 of 89