News - 2024
പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന 11 ക്രൈസ്തവ ചാനലുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്
സ്വന്തം ലേഖകന്‍ 11-10-2016 - Tuesday
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കാരണമൊന്നു കൂടാതെ പതിനൊന്ന് ക്രൈസ്തവ ചാനലുകള്‍ രാജ്യത്ത് നിരോധിച്ചു. ഇനി മുതല്‍ ചാനലിന്റെ സംപ്രേക്ഷണം നിയമവിരുദ്ധമായിരിക്കുമെന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PEMRA) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തികച്ചും പക്ഷപാതപരവും അസഹിഷ്ണത ഉളവാക്കുന്നതുമാണ് സര്‍ക്കാര്‍ നടപടിയെന്ന് വിവിധ ക്രൈസ്തവ നേതാക്കള്‍ സംഭവത്തോട് പ്രതികരിച്ചു. കത്തോലിക്ക, പ്രൊട്ടസ്റ്റന്‍ഡ് വിഭാഗങ്ങളുടെ ഐസക് ടിവി, കാത്തലിക് ടിവി, ഗോഡ്ബ്ലസ് ടിവി, ഗവാഹി ടിവി, ബര്‍ക്കത്ത് ടിവി, സിന്ദഗീ ടിവി, പ്രെയ്‌സ് ടിവി, ഷൈന്‍ ടിവി, ജീസസ് ടിവി, ഹീലിംഗ് ടിവി, കുഷ്‌ക്ഹബാരി ടിവി എന്നീ ചാനലുകളാണ് നിരോധിക്കപ്പെട്ടത്.
പാക്കിസ്ഥാനിലെ മുഖ്യധാര ടെലിവിഷനുകളില്‍ ക്രൈസ്തവര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കുവാനോ, തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുവാനോ അലിഖിതമായ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് വിവിധ സംഘടനകളുടെ സഹായത്തോടെ വിവിധ സഭകള്‍ കേബിള്‍ ടെലിവിഷന്‍ വഴിയും, ഇന്റര്‍നെറ്റ് വഴിയും പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ ആരംഭിച്ചത്. ക്രൈസ്തവ സാക്ഷ്യമുള്ള പരിപാടികള്‍ക്കൊപ്പം വിനോദവും, വിജ്ഞാനവും പകരുന്ന പരിപാടികളും ഈ ചാനലുകള്‍ വഴി സംപ്രേക്ഷണം ചെയ്തിരുന്നു.
സെപ്റ്റംബര്‍ മാസം 22-ാം തീയതിയാണ് ഇതു സംബന്ധിക്കുന്ന ഉത്തരവ് പുറത്തിറങ്ങിയത്. സര്‍ക്കാര്‍ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഫാദര്‍ മുഷ്തഖ് അന്‍ജൂം പറഞ്ഞു. "ദൈവത്തിന്റെ വചനം പ്രഘോഷിക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് മനസിലാകുന്നില്ല. മുഖ്യധാര ടെലിവിഷനുകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന ക്രൈസ്തവ സമൂഹം വളരെ കഷ്ടങ്ങള്‍ സഹിച്ചാണ് ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയത്. ചാനലുകള്‍ നിരോധിക്ക തക്കവണ്ണം എന്തു നിയമവിരുദ്ധ പ്രവര്‍ത്തനമാണ് ഞങ്ങള്‍ ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം".
"ന്യൂനപക്ഷങ്ങളുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന കമ്രാന്‍ മൈക്കിള്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തണം. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്ന സ്വപ്‌നം കണ്ടത് തന്നെ സ്വതന്ത്ര്യ സമൂഹമായി നിലകൊള്ളുന്ന ഒരു പാക്കിസ്ഥാന്‍ രാഷ്ട്രത്തെയാണ്, അല്ലാതെ ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനെ അല്ല". ഫാദര്‍ മുഷ്താഖ് അന്‍ജും പറഞ്ഞു.
ക്രൈസ്തവരെ മാത്രം ലക്ഷ്യംവച്ചുള്ള സര്‍ക്കാര്‍ നടപടികള്‍ അനുദിനം പാക്കിസ്ഥാനില്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ പലകോണുകളില്‍ നിന്നും ശബ്ദം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണാതെ മുന്നോട്ടു പോകുകകയാണ്.