News - 2024

യുഎഇ സന്ദര്‍ശിക്കുവാനുള്ള ഭരണാധികാരികളുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 11-10-2016 - Tuesday

അബുദാബി: യുഎഇ സന്ദര്‍ശിക്കുവാനുള്ള ഭരണാധികാരികളുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതായി യു‌എ‌ഇയിലെ ഇംഗ്ലീഷ് പത്രമായ 'ഖലീജ് ടൈംസ്'. മാര്‍പാപ്പ യുഎഇയിലേക്ക് സന്ദര്‍ശനം നടത്തുന്ന തീയതി സംബന്ധിച്ച് വത്തിക്കാനും യുഎഇയും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയോട് തങ്ങളുടെ രാജ്യം ഔദ്യോഗികമായി സന്ദര്‍ശിക്കണമെന്ന് യുഎഇ ഭരണാധികാരികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വത്തിക്കാനില്‍ എത്തി പാപ്പയെ സന്ദര്‍ശിച്ചപ്പോഴും യുഎഇയിലേക്ക് ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചിരിന്നു.

മേഖലയില്‍ കൂടുതല്‍ സമാധാനവും, സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും ദുബായി ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തുന്ന ശ്രമങ്ങള്‍ക്ക് പാപ്പയുടെ സന്ദര്‍ശനം മുതല്‍കൂട്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പാപ്പയുടെ യുഎഇ സന്ദര്‍ശനം ഏറെ വൈകുവാന്‍ ഇടയില്ലെന്നാണ് മന്ത്രാലയ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

യുഎഇ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ടോളറന്‍സ് ഷെയ്ഖാ ലുബ്‌ന അല്‍ ഖാസീമാണ് മാര്‍പാപ്പയോട് യുഎഇ സന്ദര്‍ശനം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഭരണാധികാരികളുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വത്തിക്കാന്‍ യുഎഇയെ അറിയിച്ചിട്ടുണ്ടെന്നും 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വസിക്കുന്ന രാജ്യമാണ് യുഎഇ. ക്രൈസ്തവ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി ഇവിടെ സര്‍ക്കാര്‍ തന്നെ പല സ്ഥലങ്ങളിലും ദേവാലയങ്ങള്‍ക്കുള്ള സ്ഥലം അനുവദിച്ചു നല്‍കിയിട്ടുണ്ട്. ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നേതൃത്വത്തില്‍ മതങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും, വിവിധ വിശ്വാസങ്ങളെ പരസ്പര ബഹുമാനത്തോടെ മുന്നോട്ടു കൊണ്ടു പോകുവാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ തങ്ങളുടെ രാജ്യത്തേക്ക് യുഎഇ ക്ഷണിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി സംബന്ധമായി യുഎഇയില്‍ വന്ന് വസിക്കുന്നത് ലക്ഷക്കണക്കിനു ക്രൈസ്തവരാണ്. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ സന്തോഷവും, ഊര്‍ജവും പകരുന്നതായിരിക്കും മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം. ലോകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും മതത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും യോജിച്ചുള്ള പരിഹാരം കാണുവാന്‍ സന്ദര്‍ശനം വഴിവയ്ക്കുമെന്നു അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്റര്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.

More Archives >>

Page 1 of 90