News - 2024

ഹെയ്ത്തിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 15-10-2016 - Saturday

വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ഹെയ്ത്തിയില്‍ ആഞ്ഞടിച്ച 'മാത്യൂ ചുഴലിക്കാറ്റ്' മൂലം വേദനയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സഹായത്തിനുമായി മാര്‍പാപ്പ ഒരു ലക്ഷം ഡോളര്‍ നല്‍കി. വത്തിക്കാനാണ് ഇതു സംബന്ധിച്ച വിവരങള്‍ പുറത്തുവിട്ടത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ കോര്‍ യൂനും വഴി നല്‍കിയ സംഭാവന ഹെയ്തിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനായി വിനിയോഗിക്കപ്പെട്ടും.

ശക്തമായ ചുഴലിക്കാറ്റ് മൂലം ഹെയ്തിയില്‍ ആയിരത്തോളം പേര്‍ മരിക്കുകയും, പതിനായിരങ്ങള്‍ക്ക് വീടുകളും, സമ്പാദ്യവും നഷ്ടമാകുകയും ചെയ്തിരുന്നു. ഹെയ്തിയില്‍ ഉണ്ടായ വന്‍ദുരന്തത്തിലുള്ള തന്റെ തീവ്രമായ ദുഃഖവും ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ രേഖപ്പെടുത്തിയിരിന്നു. ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും, സാധ്യമായ സഹായങ്ങള്‍ എല്ലാം സഭയുടെ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കുവാന്‍ ഉറപ്പായും ശ്രമിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

കത്തോലിക്ക ദേവാലയങ്ങള്‍ വഴിയാകും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംഭാവന, ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് നല്‍കപ്പെടുക. കത്തോലിക്ക സഭയുടെ സാമൂഹിക സന്നദ്ധ സേവന വിഭാഗമായ 'കാരിത്താസ്' ആണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 'കാരിത്താസ് ഹെയ്തി'യെ സഹായിക്കുന്നതിനായി, കാരിത്താസ് ഇന്റര്‍നാഷണലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ബിഷപ്പ് കോണ്‍ഫറന്‍സുകളും ഹെയ്തിക്ക് സഹായങ്ങള്‍ നല്‍കുവാന്‍ രംഗത്തുണ്ട്.

ബിബിസി പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെയ്തിയിലെ 1.4 മില്യണ്‍ ആളുകള്‍ക്ക് സഹായം ആവശ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഹെയ്തിയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, സാധാരണക്കാരായ ഗ്രാമീണരുമാണ് 'മാത്യൂ ചുഴലിക്കാറ്റ്' മൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. അടിയന്തര സഹായമായി കാരിത്താസ് മാത്രം 2700-ല്‍ അധികം കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു കഴിഞ്ഞു. കാരിത്താസിന്റെയും സഭയുടെയും പ്രവര്‍ത്തനം ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നു നല്‍കുന്നത്.

More Archives >>

Page 1 of 92