News - 2024

സിറിയയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

സ്വന്തം ലേഖകന്‍ 13-10-2016 - Thursday

വത്തിക്കാന്‍: സിറിയയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചകളില്‍ നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. യുദ്ധം രൂക്ഷമായിരിക്കുന്ന മേഖലകളില്‍ നിന്നും സാധാരണക്കാരായ പൗരന്‍മാര്‍ക്ക് ഒഴിഞ്ഞു പോകുവാനുള്ള സമയം നല്‍കണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

"വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന് ഞാന്‍ വീണ്ടും ശക്തമായ ഭാഷയില്‍ ആവശ്യപ്പെടുകയാണ്. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും എന്റെ അപേക്ഷ സ്വീകരിക്കണം. സിറിയന്‍ പൗരന്‍മാര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും, മേഖലയില്‍ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുവാനുള്ള സാഹചര്യം സൃഷ്ടിക്കണം. അടിയന്തരമായി നിങ്ങള്‍ വിഷയത്തില്‍ ഇടപെടുകയും, സാധാരണക്കാരുടെ ജീവനെ സംരക്ഷിക്കുകയും വേണം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

കഴിഞ്ഞമാസം 12നു നിലവിൽ വന്ന സിറിയൻ വെടിനിർത്തൽ, ഒരാഴ്ച കഴിയുംമുൻപേ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു സിറിയയില്‍ യുദ്ധം കനത്തിരിക്കുകയാണ്. സിറിയയിലെ സര്‍ക്കാര്‍ സൈന്യവും, റഷ്യയും സംയുക്തമായി വിമതരുടെ കേന്ദ്രമായ അലപ്പോയിലേക്ക് ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. നൂറു കണക്കിന് സാധാരണക്കാരായ സിറിയന്‍ പൗരന്‍മാരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. വിമതരെ നേരിടുവാന്‍ സിറിയന്‍-റഷ്യന്‍ സൈനികര്‍ നടത്തുന്ന ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ യുദ്ധകുറ്റമായി കണക്കാകണമെന്നു ഫ്രാന്‍സും, യുഎസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സിറിയയിലെ രക്തചൊരിച്ചിലിനെതിരെ പലവട്ടം ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. സിറിയയില്‍ ബോംബ് വര്‍ഷിക്കുന്നവര്‍, ദൈവത്തോട് കണക്കുകള്‍ ബോധിപ്പിക്കേണ്ടിവരുമെന്നും മുമ്പ് പാപ്പ പറഞ്ഞിരിന്നു. കഴിഞ്ഞ ദിവസം സിറിയയിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ആയ ആര്‍ച്ച് ബിഷപ്പ് മരിയോ സിനാരിയായെ കര്‍ദിനാള്‍ പദവിയിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയിരുന്നു.

More Archives >>

Page 1 of 91